നെടുങ്കണ്ടം: ജില്ലയിലെ 31ാമത് പൊലീസ് സ്റ്റേഷൻ ഈ മാസം അവസാനത്തോടെ ഉടുമ്പൻചോലയിൽ ആരംഭിക്കും. രാജഭരണകാലത്ത് ബ്രിട്ടീഷുകാർ നിർമിച്ച് നാല് പതിറ്റാണ്ട് മുമ്പ് പ്രവർത്തനം നിലച്ച പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിലാണിത്. കെട്ടിടം അധിക രൂപമാറ്റം വരുത്താതെ നവീകരണം അവസാനഘട്ടത്തിലാണ്. മേൽക്കൂര നിർമാണം, തറയിൽ ടൈൽ പതിപ്പിക്കൽ, കതക്-ജനൽ നിർമാണം എന്നിവയാണ് നടക്കുന്നത്. ഉടുമ്പൻചോല പഞ്ചായത്ത് പ്രസിഡൻറ് ശശികല മുരുകേശെൻറ നേതൃത്വത്തിൽ രൂപവത്കരിച്ച ജനകീയ കമ്മിറ്റി പണം സ്വരൂപിച്ചാണ് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നത്. ഉടുമ്പൻചോല പൊലീസ് സ്റ്റേഷന് ഭരണാനുമതി ലഭിച്ചതിനെ തുടർന്ന് 49 പൊലീസുകാരുടെ തസ്തികയും സൃഷ്ടിച്ചിട്ടുണ്ട്. ഔട്ട്പോസ്റ്റ് മാത്രമാണ് ഇപ്പോൾ ഉടുമ്പൻചോലയിലുള്ളത്. ശാന്തൻപാറ, നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഏതാനും ഭാഗങ്ങൾ േചർത്താണ് പുതിയ പൊലീസ് സ്റ്റേഷൻ ആരംഭിക്കുന്നത്. ഇപ്പോഴത്തെ വൈദ്യുതി മന്ത്രി എം.എം. മണി 1974 ൽ ഒരുദിവസം ലോക്കപ്പിൽ കിടന്ന സ്റ്റേഷനാണ് പിന്നീട് ഒൗട്ട്പോസ്റ്റായി തരംതാഴ്ത്തിയതും ഇപ്പോൾ വീണ്ടും ആരംഭിക്കുന്നതും. തോട്ടം ഉടമകളുടെ ജോലി നിഷേധിക്കുന്ന നിലപാടിനെതിരെ പ്രതിഷേധ പ്രകടനം നടത്തുന്നതിനിടെയാണ് നേതാക്കളടക്കം 16 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ എട്ടുപേർ സ്ത്രീകളായിരുന്നു. സ്ത്രീകളെയും പുരുഷന്മാരെയും രണ്ട് ലോക്കപ്പിലായിരുന്നു പാർപ്പിച്ചിരുന്നത്. ഇവരിൽ ഒരാളായിരുന്നു എം.എം. മണി. തോട്ടം മേഖലയായ ഉടുമ്പൻചോലയിൽ സമീപ വർഷങ്ങളിൽ കുറ്റകൃത്യങ്ങളുടെ തോത് ഉയർന്നതും കഞ്ചാവ്, ലഹരിമരുന്ന് മാഫിയ പിടിമുറുക്കിയെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളും പൊലീസ് സ്റ്റേഷൻ സ്ഥാപിക്കാൻ കാരണമായി. ജില്ലയിൽ ഏറ്റവുമധികം ഇതര സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്നത് ഇവിടെ ഏലത്തോട്ടങ്ങളിലാണ്. ഇവരുടെ വിവരശേഖരണത്തിന് പൊലീസിന് നിരവധി പ്രയോഗിക ബുദ്ധിമുട്ടുകളുണ്ട്. പൊലീസ് സ്റ്റേഷൻ എത്തുന്നതോടെ വിവരശേഖരണവും നിരീക്ഷണവും ശക്തമാക്കാൻ കഴിയും. തമിഴ് സ്വാധീനമുള്ള സ്ഥലത്ത് മദ്യപാനവും വ്യാജവാറ്റും വിൽപനയും സജീവമാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്കും പൊലീസ് സ്റ്റേഷൻ എത്തുന്നതോടെ പരിഹാരമാകും. നിലവിൽ നെടുങ്കണ്ടം സർക്കിൾ ഓഫിസിന് കീഴിൽ നെടുങ്കണ്ടം, കമ്പംമെട്ട് പൊലീസ് സ്റ്റേഷനുകളാണുള്ളത്. പഠന ക്ലാസ് നടത്തി നെടുങ്കണ്ടം: എസ്.എൻ.ഡി.പി 188ാം നമ്പർ യൂത്ത് മൂവ്മെൻറിെൻറ നേതൃത്വത്തിൽ കോമ്പയാറ്റിൽ വാവൂട്ട് യോഗവും വാർഷികവും പഠന ക്ലാസും നടന്നു. യൂനിയൻ പ്രസിഡൻറ് സജി പറമ്പത്ത് ഉദ്ഘാടനം ചെയ്തു. സനൽ കുറ്റനാട്ട് അധ്യക്ഷത വഹിച്ചു. വ്യക്തിത്വ വികസനം എന്ന വിഷയത്തിൽ മോൻസി വർഗീസ് ക്ലാസെടുത്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും എസ്.എൻ ബാലവേദി അധ്യാപകരെയും യൂത്ത് മൂവ്മെൻറ് യൂനിയൻ പ്രസിഡൻറ് ആനന്ദ് കോടിയാനിച്ചിറ ആദരിച്ചു. തങ്കച്ചൻ പാലൻകുന്നേൽ, അനിൽ പുഷ്പത്തടത്തിൽ, അരുൺകുമാർ ശിവാന്ദൻ, അജീഷ് കല്ലാർ, അമൽ സാബു കാലായിൽ, മധു കമലാലയം, പി.ജെ. അഖിൽ, സജീവൻ കാഞ്ഞിരത്തിങ്കൽ, വിമല തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു. നോർക്ക സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ക്യാമ്പ് തൊടുപുഴയിൽ തൊടുപുഴ: വിദേശത്ത് ജോലി തേടുന്നവർക്ക് നോർക്കയുടെ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ക്യാമ്പ് 28ന് രാവിലെ 10 മുതൽ ഒന്നുവരെ തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടക്കും. അപേക്ഷകർ ഓൺലൈനായി http://202.88.244.146:8084/norka എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യണം. എസ്.എസ്.എൽ.സി മുതലുള്ള എല്ലാ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും (ഇംപ്രൂവ്മെൻറ്, സപ്ലി) ഉൾപ്പെടെ ഹാജരാക്കണം. എച്ച്.ആർ.ഡി ചെയ്യാൻ രജിസ്േട്രഷൻ ഫീസായി 708 രൂപയും ഓരോ സർട്ടിഫിക്കറ്റിനും 75 രൂപയും അടക്കണം. കുവൈത്ത്, യു.എ.ഇ, ഖത്തർ, ബഹ്റൈൻ എംബസികളുടെ അറ്റസ്റ്റേഷന് നോർക്കയിൽ സൗകര്യമുണ്ട്. ഓരോ സർട്ടിഫിക്കറ്റിനും യു.എ.ഇ 3750, കുവൈത്ത് 1250, ഖത്തർ 3000, ബഹ്റൈൻ 2750 അപ്പോസ്റ്റിൽ 50 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. അപേക്ഷകന് പകരം ഒരേ വിലാസത്തിലുള്ള നോമിനിക്ക് ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയുമായി ഹാജരായി അറ്റസ്റ്റേഷൻ ചെയ്യാം. ഫോൺ: 0484 2371010, 2371030.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.