പരിസ്ഥിതി ഫയൽ -മൂന്ന് വന നശീകരണവും കൈയേറ്റവും വില്ലൻ തൊടുപുഴ: മലകളിലെ ഉറവക്കണ്ണികൾ, താഴ്വരകളിലെ തെളിനീരുറവകൾ, പ്രകൃതിദത്തമായ തണ്ണീർത്തടങ്ങൾ, പുൽമേടുകളും ചോലവനങ്ങളും ചതുപ്പുകളും ഇവയെല്ലാംകൊണ്ട് സമ്പന്നമായിരുന്നു ഇടുക്കി. എന്നാൽ, ടൂറിസവും കൈയേറ്റവും പ്രകൃതിയെ കശാപ്പുചെയ്തപ്പോൾ സഹ്യപർവത മേഖലയിലെ പച്ചപ്പുകളുകൾ നാമാവശേഷമായി. സഹ്യപർവതനിര കാത്തുവെച്ചിരുന്ന കാലാവസ്ഥയായിരുന്നു ഇവിടത്തെ പ്രത്യേകത. കുടിയേറ്റം, ഡാമുകളുടെ നിർമാണം, ഏകവിള തോട്ടങ്ങൾ, അനിയന്ത്രിതവും അശാസ്ത്രീയവുമായ കോൺക്രീറ്റ് നിർമാണങ്ങൾ, ക്വാറികൾ, കുന്നിടിക്കൽ, വനവിഭക്കൊള്ള, ടൂറിസം, പട്ടണവികസനം, കാട്ടുതീ, മാലിന്യം തള്ളൽ, മലകൾക്ക് ഇണങ്ങാത്ത കൃഷിരീതി തുടങ്ങിയവയൊക്കെ ജില്ലയിൽ കാലാവസ്ഥ മാറ്റത്തിന് കാരണമായി. മനംകവർന്നിരുന്ന ദൃശ്യങ്ങളുടെ ഹരിതാഭയെല്ലാം നഷ്ടപ്പെട്ടു. കഴിഞ്ഞ ഏതാനും വർഷങ്ങൾകൊണ്ട് മണ്ണുമാന്തി യന്ത്രം കാർന്നുതിന്ന കുന്നുകളുടെയും മലകളുടെയും എണ്ണം ചെറുതല്ല. ഇന്നത്തെ നിലയിലുള്ള ഇടപെടൽ തുടർന്നാൽ അവശേഷിക്കുന്ന വനങ്ങൾക്കും ഏറെ ആയുസ്സ് ഉണ്ടാകില്ല. കാലാവസ്ഥ വ്യതിയാനംമൂലം മണ്ണിടിച്ചിലും ഉരുൾപൊട്ടലും മലയിടിച്ചിലും പതിവായി. പുഴകളിൽ വേനൽക്കാല നീരൊഴുക്ക് ഇല്ലാതായി. കാലവർഷത്തിൽ നീണ്ടുനിന്ന ചാറ്റൽമഴ ഇല്ലാതായി, താപനില കുത്തനെ ഉയർന്നു. ഇതെല്ലാം പരിഹരിക്കപ്പെടണമെങ്കിൽ വനവത്കരണത്തോടൊപ്പം പ്രകൃതിസംരക്ഷണവും ഉണ്ടാകണമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആവശ്യം. പശ്ചിമഘട്ടത്തിലെ ബാൾസങ്ങൾ വംശനാശ ഭീഷണിയിൽ കട്ടപ്പന: പശ്ചിമഘട്ടത്തിലെ ബാൾസം ചെടികൾ കടുത്ത വംശനാശ ഭീഷണിയിൽ. ബാൾസങ്ങളുടെ പറുദീസ എന്നറിയപ്പെടുന്ന പശ്ചിമഘട്ട മലനിരകൾക്ക് മഴക്കാലം സുവർണകാലമാണ്. എന്നാൽ, പശ്ചിമഘട്ടത്തിലെ ഒട്ടേറെയിനം ബാൾസങ്ങൾ ഇന്ന് വംശനാശം നേരിടുകയാണ്. കാലാവസ്ഥ വ്യതിയാനത്തിെൻറയും പരിസ്ഥിതി നാശത്തിെൻറയും ആദ്യ ഇരകളാണ് ബാൾസങ്ങൾ. ഈർപ്പമുള്ള പാറക്കെട്ടുകൾ ബാൾസങ്ങളുടെ പറുദീസയാണ്. 'ഇംപേഷ്യൻസ്' വംശത്തിൽപെടുന്ന ബാൾസങ്ങൾ മഴക്കാലത്ത് ഒരു സീസണിൽ വളർന്ന് പുഷ്പിച്ച് മണ്ണിലേക്ക് മടങ്ങുന്നവയാണ്. ലോകത്തിലൊട്ടാകെയുള്ള 900 ഇനം ബാൾസങ്ങളിൽ 89 ഇനങ്ങൾ പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്നവയാണ്. ഇതിൽ 60 ഇനങ്ങളും ഹൈറേഞ്ചിലെ നനഞ്ഞ പാറക്കെട്ടുകളിലും മരങ്ങളിലും തഴച്ചുവളരുന്നവയാണ്. പശ്ചിമഘട്ട മലനിരകളിൽ ഉൾപ്പെടുന്ന ആനമല, മീശപ്പുലിമല, കൊളുക്കുമല, മൂന്നാർ, ഇരവികുളം, മതികെട്ടാൻ ചോല എന്നിവിടങ്ങളിൽ മാത്രം കാണപ്പെടുന്ന പത്തോളം ബാൾസങ്ങൾ വംശനാശ ഭീഷണിയിലാണ്. ഇവയിൽ ഇംപേഷ്യൻസ് മൂന്നാറൻസ്, ഇംപേഷ്യൻസ് പല്ലിടി, ഇംപേഷ്യൻസ് ഓർക്കിയോയിൻസ്, ഫ്ലോറ എന്നിവ കടുത്ത വംശനാശ ഭീഷണിയാണ് നേരിടുന്നതെന്ന് പാലാ സെൻറ് തോമസ് കോളജിലെ സസ്യശാസ്ത്ര വിഭാഗം തലവനും പരിസ്ഥിതി പ്രവർത്തകനുമായ ഡോ. ജോമി അഗസ്റ്റിൻ പറഞ്ഞു. തോമസ് ജോസ് കുട്ടികളിൽ കാർഷിക സംസ്കാരം വളർത്താൻ ഹരിതോത്സവം ചെറുതോണി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികളിൽ കാർഷിക സംസ്കാരവും മാലിന്യനിർമാർജന സംസ്കാരവും ജലസംരക്ഷണമനോഭാവവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഹരിതകേരളം മിഷെൻറ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പും സർവശിക്ഷ അഭിയാനും സംയുക്തമായി സംഘടിപ്പിച്ചിട്ടുള്ള ഹരിതോത്സവം പരിപാടിയുടെ ജില്ലതല ഉദ്ഘാടനം പൈനാവ് ഗവ. യു.പി സ്കൂളിൽ ചൊവ്വാഴ്ച നടക്കും. രാവിലെ 10ന് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആഗസ്തി അഴകത്ത് ഉദ്ഘാടനം ചെയ്യും. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആൻസി തോമസ് അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് അംഗം ലിസമ്മ സാജൻ മുഖ്യപ്രഭാഷണം നടത്തും. പദ്ധതി വിശദീകരണം എസ്.എസ്.എ േപ്രാഗ്രാം ഓഫിസർ ധന്യ പി. വാസു നിർവഹിക്കും. വൃക്ഷത്തൈ വിതരണം, പച്ചക്കറിവിത്ത് വിതരണം, ഹരിതോത്സവ കൈപ്പുസ്തക പ്രകാശനം, പരിസ്ഥിതി ക്വിസ്, മാലിന്യ സംസ്കരണം, ജൈവവൈവിധ്യം, ജലസംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ഇതോടൊപ്പം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.