തൊടുപുഴ: കാരിക്കോട്-വെള്ളിയാമറ്റം റോഡിലെ ടാറിങ് താൽക്കാലികമായി നിർത്തിവെച്ചു. മഴ കനത്തതിനാൽ പൊതുമരാമത്തിെൻറ നിർദേശത്തെ തുടർന്നാണ് ടാറിങ് നിർത്തിവെച്ചത്. ആലക്കോട് മുതൽ ഇടവെട്ടി വരെ ടാറിങ് നടന്നെങ്കിലും കാരിക്കോട് വരെ റോഡിൽ കുണ്ടും കുഴിയുമാണ്. റോഡ് ടാറിടണമെന്ന വർഷങ്ങളായുള്ള മുറവിളിക്കൊടുവിലാണ് പണി ആരംഭിച്ചതെങ്കിലും പാതിവഴിയിൽ നിർത്തേണ്ടി വന്നത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. യഥാസമയം ടാറിങ് നടത്താതിരുന്നതാണ് പ്രശ്നത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. റോഡ് ആധുനികരീതിയിൽ ടാർ ചെയ്യുന്നതിന് മുന്നോടിയായി രണ്ടുമാസം മുമ്പ് ടാറും മെറ്റലുമെല്ലാം ഇളക്കി കുഴികളിൽ നിക്ഷേപിച്ചിരുന്നു. കലുങ്കുകൾ പൊളിച്ച് പാതി കോൺക്രീറ്റ് ചെയ്തു. എന്നാൽ, ഇതുകഴിഞ്ഞ് രണ്ടുമാസം പിന്നിട്ടിട്ടും റോഡുപണി തുടങ്ങിയിരുന്നില്ല. ഇതോടെ നേരത്തേയുണ്ടായിരുന്ന കുഴികൾക്ക് പുറമെ ടാറും മെറ്റലും നീക്കിയ കുഴികളും രൂപപ്പെട്ടു. പ്രതിഷേധം രൂക്ഷമായതോടെയാണ് ടാറിങ് ആരംഭിച്ചത്. കാരിക്കോട് മുതൽ ആലക്കോട് വരെ ആറ് കിലോമീറ്റർ റോഡ് ആധുനികരീതിയിൽ ടാർ ചെയ്യാൻ 4.91 കോടി രൂപയാണ് അനുവദിച്ചിരുന്നത്. റോഡിലെ കുഴി കൂടുതലുള്ള ഭാഗങ്ങളാണ് ഇനി ടാർ ചെയ്യാനുള്ളത്. ഇടവെട്ടി ജാരം, കുമ്മംകല്ല് എന്നിവിടങ്ങളിലെല്ലാം റോഡിൽ കുഴി നിറഞ്ഞിരിക്കുകയാണ്. വേനൽ മഴ ആരംഭിച്ച സമയത്താണ് ടാറിങ് ആരംഭിച്ചത്. ഒരാഴ്ചയോളം ടാറിങ് ചെയ്തെങ്കിലും മഴയിൽ ടാറിങ് നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് താൽക്കാലികമായി പണി നിർത്തിവെച്ചതെന്ന് പൊതുമരാമത്ത് അധികൃതർ പറയുന്നു. ഇരുപത്തിഅഞ്ചോളം ബസുകളും നൂറുകണക്കിന് മറ്റു വാഹനങ്ങളും സഞ്ചരിക്കുന്ന റോഡിൽ യാത്ര ദുരിതമായി. ടാറിങ് നടത്തിയ ചിലയിടങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നു. ദേശീയപാതയിൽ കൊക്കയോട് ചേർന്ന് സംരക്ഷണവേലി ഇല്ല: ദുരന്തഭീതിയിൽ സമീപവാസികൾ ചെറുതോണി: അടിമാലി-കുമളി ദേശീയപാതയിലെ കൊക്കയോടു ചേർന്ന് സംരക്ഷണവേലി ഇല്ലാത്തതിനാൽ സമീപവാസികൾ ദുരന്തഭീതിയിൽ. ദേശീയപാതയിലെ കീരിത്തോട് കുടക്കല്ല് ഭാഗത്താണ് കൊക്കയുടെ അരികിലൂടെ റോഡ് കടന്നുപോകുന്നത്. മലയിലെ പാറ വെട്ടിയാണ് ഇവിടെ റോഡ് നിർമിച്ചിരിക്കുന്നത്. വീതി കുറഞ്ഞ റോഡിെൻറ ഒരുവശം പാറയും മറുവശം 2000 അടി താഴ്ചയുള്ള വൻ കൊക്കയുമാണ്. കൊക്കയോട് ചേർന്ന ഭാഗത്തെ മണ്ണിടിഞ്ഞ് താഴ്ന്ന നിലയിലാണ്. ഇരുവശത്തുനിന്ന് വരുന്ന വലിയ വാഹനങ്ങൾ കടന്നുപോകുന്നത് കഷ്ടപ്പെട്ടാണ്. റോഡരികിൽ കൊക്കയോടു ചേർന്ന് ഇരുമ്പ് സംരക്ഷണവേലി നിർമിക്കണമെന്ന ആവശ്യം നാട്ടുകാർ ജനപ്രതിനിധികളോട് നിരവധി തവണ ഉന്നയിച്ചെങ്കിലും നടപടിയില്ല. മഴ ശക്തമാകുമ്പോൾ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുന്ന പ്രദേശമാണിത്. പെൻഷനേഴ്സ് അസോസിയേഷൻ ധർണ ആറിന് തൊടുപുഴ: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ ജൂൺ ആറിന് രാവിലെ 10 മുതൽ തൊടുപുഴ സബ് ട്രഷറിയുടെ മുന്നിൽ ധർണ നടത്തും. 10ാം ശമ്പള കമീഷൻ ശിപാർശ ചെയ്ത പെൻഷൻകാരുടെ സൗജന്യ ചികിത്സ പദ്ധതിയിൽ ഒ.പി ചികിത്സയും ഉൾപ്പെടുത്തുക, കുടിശ്ശികയായ രണ്ടു ഗഡു ക്ഷാമബത്ത അനുവദിക്കുക, പെേട്രാളിയം ഉൽപന്നങ്ങൾ ജി.എസ്.ടി പരിധിയിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.