കോട്ടയം: മഴയിലും വെള്ളപ്പൊക്കത്തിലും തടസ്സപ്പെട്ട് ആകാശപ്പാതയുടെ നിർമാണം. നഗരമധ്യത്തിലെ ആകാശപ്പാതയുടെ പുറംഭാഗത്തെ പ്ലാറ്റ്ഫോമുകളുടെ ഉരുക്കുചട്ടക്കൂട് നിർമാണം പൂർത്തിയാക്കിയെങ്കിലും തുടർനടപടി മഴയിൽ നിർത്തിവെക്കുകയായിരുന്നു. ഉരുക്കുവളയത്തിൽ സ്ഥാപിക്കുന്ന പ്ലാറ്റ്ഫോം ഇനിയും എത്തിയിട്ടില്ല. കൊച്ചി ഇരുമ്പനത്തെ യാർഡിൽനിന്ന് വലിയ ലോറിയിൽ സാധനസാമഗ്രികൾ എത്തിക്കുന്നതിന് മഴ പ്രധാന തടസ്സമായിരുന്നു. ഇതിനൊപ്പം ഗതാഗതം ക്രമീകരിക്കാൻ ട്രാഫിക് പൊലീസിെൻറ അനുമതിയും കിട്ടിയില്ല. മഴക്ക് ശമനം വന്നശേഷം പണികൾ ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. ഗതാഗതക്കുരുക്കിൽപ്പെട്ട് നട്ടംതിരിയുന്ന കാൽനടക്കാർക്ക് ആശ്വാസമാണ് ആകാശപ്പാത. റൗണ്ടാനക്കുള്ളിലെ തൂണും പുറത്തുള്ള തൂണും ബന്ധിപ്പിച്ച് വൃത്താകൃതിയിൽ 11 മീറ്റർ വീതിയിലാണ് ഉരുക്ക് ചട്ടക്കൂട് നിർമിച്ചിരിക്കുന്നത്. കോൺക്രീറ്റ് ചെയ്തശേഷം വിനൈൽ പാകിയാണ് തൂണുകൾക്ക് മുകളിൽ പ്ലാറ്റ്ഫോം തീർക്കുന്നത്. നടപ്പാതയും ഷീറ്റ് ഉപയോഗിച്ചുള്ള മേൽക്കൂര നിർമാണവും പൂർത്തിയായശേഷം നഗരസഭയുടെ വളപ്പിനുസമീപം ആകാശപ്പാതയിലേക്ക് കയറാനും ഇറങ്ങാനുമുള്ള ചവിട്ടുപടികൾ നിർമിക്കും. നേരേത്ത തീരുമാനിച്ച അഞ്ച് ലിഫ്റ്റുകളിൽ ഒരെണ്ണം ഒഴിവാക്കി നാലിടങ്ങളിലാണ് സ്ഥാപിക്കുന്നത്. നഗരസഭക്ക് മുന്നിലും ബേക്കർ ജങ്ഷനിലേക്കും ശാസ്ത്രി റോഡിലേക്കും ടെമ്പിൾറോഡിലേക്കും പോകുന്നയിടങ്ങളിലുമാണ് ലിഫ്റ്റ് ഉയരുക. അഞ്ച് റോഡുകൾ സംഗമിക്കുന്ന റൗണ്ടാനയിലെ കാൽനടക്കാർക്ക് സുഗമമായി സഞ്ചരിക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച ആകാശപ്പാതയുടെ നിർമാണം നീളുന്നത് എം.സി റോഡിൽ രൂക്ഷമായ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്. കിറ്റ്കോയുടെ നേതൃത്വത്തിൽ നിർമാണം ആരംഭിച്ച ആകാശപ്പാതക്കായി കഴിഞ്ഞ ഡിസംബറിലാണ് 14 കൂറ്റന്‍ ഉരുക്കുതൂണുകള്‍ സ്ഥാപിച്ചത്. 14 ഉരുക്കുതൂണുകളിൽ റൗണ്ടാനക്കുള്ളിലെ തൂണുകൾക്ക് 600 മി.മീ കനവും പുറത്തുള്ള തൂണുകൾക്ക് 800 മി.മീ കനവുമാണുള്ളത്. നടപ്പാതയും വിശ്രമകേന്ദ്രവും ഉൾപ്പെടുന്ന മുകൾത്തട്ടിൽ മഴയും വെയിലും ഏൽക്കാതിരിക്കാനുള്ള സംവിധാനവും ഒരുക്കണം. തടസ്സങ്ങൾ നീക്കി പ്ലാറ്റ്ഫോമും മേൽക്കൂരയും പൂർത്തിയാക്കിയാലും കയറിപ്പറ്റാൻ പിന്നെയും കാത്തിരിക്കണം. രണ്ടാംഘട്ടത്തെക്കുറിച്ച് ഇനിയും ആലോചന തുടങ്ങിയിട്ടില്ല. അതേസമയം, പൂര്‍ണമായും ആകാശപ്പാതയിലേക്ക് മാറുന്നതോടെ കാല്‍നട സുരക്ഷിതമാകും. ആകാശപ്പാതയുടെ നിര്‍മാണോദ്ഘാടനം നടന്നിട്ട് രണ്ടുവർഷത്തിനുശേഷമാണ് നിർമാണം തുടങ്ങിയത്. റൗണ്ടാനയിൽ പൊലീസ് സേവനം ഉപയോഗപ്പെടുത്തിയാണ് വാഹനങ്ങൾ വഴിതിരിച്ചുവിടുന്നത്. സ്കൂൾ സമയങ്ങളിൽ ബേക്കർ ജങ്ഷനിലടക്കം വൻ കുരുക്കാണ് അനുഭവപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.