തൊടുപുഴ: ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2395 അടി ആയതിനെ തുടർന്ന് ഒാറഞ്ച് അലർട്ട് (രണ്ടാം ജാഗ്രത നിർദേശം) പ്രഖ്യാപിച്ചെങ്കിലും എല്ലാം നിയന്ത്രണ വിധേയമാണെന്നും ആശങ്ക വേണ്ടെന്നും ജില്ല ഭരണകൂടം അറിയിച്ചു. തിങ്കളാഴ്ച രാത്രി ഒമ്പതിന് നടത്തിയ പരിശോധനയിലാണ് അണക്കെട്ടിലെ ജലനിരപ്പ് ഓറഞ്ച് അലർട്ട് പുറപ്പെടുവിക്കുന്നതിനുള്ള പരിധിയായ 2395 അടിയായി ഉയർന്നത്. രാത്രി എട്ട് മണിക്ക് എടുത്ത കണക്കിൽ 2394.96 അടിയായിരുന്നു ജലനിരപ്പ്. വൈകീട്ട് ഏഴിന് 2394.92, വൈകീട്ട് ആറിന് 2394.90, അഞ്ചിന് 2394.86 അടി എന്നിങ്ങനെയായിരുന്നു ജലനിരപ്പ്. ഒമ്പതു മണിയോടെ ജലനിരപ്പ് 2395 അടിയിലെത്തിയ ഉടൻ കെ.എസ്.ഇ.ബി അതിജാഗ്രത നിർദേശം (ഓറഞ്ച് അലർട്ട്) പുറപ്പെടുവിക്കുകയായിരുന്നു. അണക്കെട്ടിെൻറ വൃഷ്ടിപ്രദേശങ്ങളിൽ ഇപ്പോഴും മഴ തുടരുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണം. അടിയന്തര സാഹചര്യം പരിഗണിച്ച് ദേശീയ ദുരന്തപ്രതികരണ സേനയുടെ ഒരുസംഘത്തെ ആലുവയിൽ വിന്യസിച്ചിട്ടുണ്ട്. ഒരു സംഘം തിങ്കളാഴ്ച രാത്രി ഇടുക്കിയിലെത്തി. മറ്റൊരു സംഘം തൃശൂരിൽ തയാറാണ്. കര, നാവിക, വ്യോമസേനകളുടെയും തീരസേനയുടെയും സഹായം സംസ്ഥാന സർക്കാർ തേടി. വ്യോമസേനയുടെ രണ്ടു ഹെലികോപ്റ്ററുകളും നാലു കമ്പനി കരസേനയും രക്ഷാപ്രവർത്തനത്തിനു തയാറാണ്. എറണാകുളം ജില്ലയിൽ ആവശ്യമെങ്കിൽ ഉപയോഗിക്കാൻ തീരസേനയുടെ ബോട്ടുകളും തയാറായിട്ടുണ്ട്. അണക്കെട്ടിനു മുകളിൽ കണ്‍ട്രോൾ റൂമും പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.