നെടുങ്കണ്ടം: രാജ്യാന്തര ഗുണനിലവാരം പുലർത്തുന്ന രീതിയിൽ ഏലം കൃഷി സംരക്ഷിക്കണമെന്നും എങ്കിലേ വിദേശ വിപണികളിൽ മേൽക്കോയ്മ നിലനിർത്താൻ കഴിയൂവെന്നും കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ. പാമ്പാടുംപാറ ഏലം ഗവേഷണകേന്ദ്രം സംഘടിപ്പിച്ച ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കീടനാശിനികളുടെ അമിത ഉപയോഗം മൂലം ഉൽപന്നങ്ങളിൽ വിഷാംശം കടന്നുകൂടുകയും ഏലത്തിന് രാജ്യാന്തര വിപണിയിൽ തിരിച്ചടി നേരിടുകയുമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഏതുതരം കീടനാശിനികൾ ഉപയോഗിക്കണമെന്നതിൽ കമ്പനി പ്രതിനിധികളുടെ താൽപര്യങ്ങൾക്ക് കർഷകർ വശംവദരാകരുത്. കാർഷിക ഗവേഷകരും സ്ഥാപനങ്ങളും കൃഷിവകുപ്പും കർഷകരും സംയുക്തമായി ഈ അവസ്ഥക്ക് മാറ്റം വരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കാർഷിക സർവകലാശാല റിസർച് ഡയറക്ടർ ഡോ. പി. ഇന്ദിരാദേവി അധ്യക്ഷത വഹിച്ചു. പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡൻറ് ആയിഷ അയ്യൂബ്, ഗവേഷണ കേന്ദ്രം മേധാവി ഡോ. എം. മുരുകൻ, പ്രിൻസിപ്പൽ കൃഷി ഓഫിസർ ഷിജ ജോർജ്, ഡോ. ധന്യ, സുധ മോഹനൻ, പ്രിൻസ് മാത്യു, ജയ്കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.