മൂന്നാര്‍: നീലക്കുറുഞ്ഞി പൂക്കുന്നതോടെ ഇടുക്കിയെ മാലിന്യ-പ്ലാസ്റ്റിക് മുക്തമാക്കാൻ ജില്ല ഭരണകൂടം. എട്ടുലക്ഷത്തോളം സന്ദര്‍ശകരെയാണ് കുറിഞ്ഞിക്കാലത്ത് ടൂറിസം വകുപ്പ് മൂന്നാറിൽ പ്രതീക്ഷിക്കുന്നത്. വിദേശീയരും സ്വദേശിയരുമായ ഇത്രയധികം സന്ദര്‍ശകര്‍ ഒരേസമയം ഒത്തുകൂടുന്ന സമയത്ത് അവബോധം സൃഷ്ടിച്ചും കർശന നടപടിയിലൂടെയും ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കാമെന്നാണ് കലക്ടര്‍ ജീവന്‍ ബാബുവിെൻറ നേതൃത്വത്തിലുള്ള ജില്ല ഭരണകൂടത്തിെൻറ പ്രതീക്ഷ. മൂന്നാറിലെത്തുന്ന സന്ദര്‍ശകര്‍ക്കു കൈമാറുന്ന ഓരോ സന്ദേശവും സംസ്ഥാനത്തിനാകെ ഗുണം ചെയ്യും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് ജില്ല ഭരണകൂടവും വിവിധ പഞ്ചായത്തുകളും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കർക്കശമാക്കിയിട്ടില്ല. ജില്ലയിലെ പല പഞ്ചായത്തുകളിലും ഇപ്പോഴും പ്ലാസ്റ്റിക് ബാഗുകളടക്കമുള്ളവ വിൽപന നടത്തുന്നുണ്ട്. കുറുഞ്ഞിക്കാലത്തോട് ഇത് ഒഴിവാക്കാൻ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപടിയെടുക്കും. ആഗസ്റ്റ് ഒന്നു മുതല്‍ നിരോധനം പ്രാബല്യത്തിൽ കൊണ്ടുവരും. കഴിഞ്ഞ ദിവസം മന്ത്രി കടകംപള്ളി സുരേന്ദ്രെൻറ നേതൃത്വത്തില്‍ കൂടിയ കുറിഞ്ഞി അവലോകന യോഗത്തിലും പ്ലാസ്റ്റിക് നിരോധന നടപടികള്‍ക്ക് നിർദേശം നല്‍കിയിരുന്നു. സന്ദര്‍ശകര്‍ മൂന്നാറിലേക്ക് പ്രവേശിക്കുന്ന കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ ജലാശയത്തിന് സമീപത്തും ദേവികുളം റോഡിലെ സര്‍ക്കാര്‍ കോളജ്, മൂന്നാര്‍-ഉദുമല്‍പ്പെട്ട് അന്തര്‍സംസ്ഥാന പാതയിലെ ഡിവൈ.എസ്.പി ഓഫിസ് എന്നിവിടങ്ങളിലും പഞ്ചായത്തിെൻറ നേതൃത്വത്തില്‍ ചെക്ക്പോസ്റ്റുകള്‍ സ്ഥാപിക്കും. ഇവിടെയെത്തുന്ന വാഹനങ്ങള്‍ക്ക് നിരോധനം സംബന്ധിച്ച ലഘുലേഖകൾ നൽകും. മൂന്നാറിലെ പ്രധാന വിനോദസഞ്ചാരമേഖലകളായ മാട്ടുപ്പെട്ടി, കുണ്ടള, രാജമല, എക്കോ പോയൻറ് എന്നിവിടങ്ങളില്‍ പൊലീസ് സഹായത്തോടെ നിരീക്ഷണവും ശക്തമാക്കും. രാജമലയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് മാലിന്യം തള്ളുന്നത് സംബന്ധിച്ച് പ്രത്യേക നിർദേശങ്ങളുമായി വനം വകുപ്പും രംഗത്തിറങ്ങും. മൂന്നുമാസം നീളുന്നതാണ് നീലക്കുറുഞ്ഞി വസന്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.