തൊടുപുഴ: ലോറി സമരം ആറാം ദിവസത്തിലേക്ക് കടന്നതോടെ പച്ചക്കറി വിപണിയിൽ തീവില. ഒരാഴ്ചക്കിടെ മിക്ക ഇനങ്ങൾക്കും 10 മുതൽ 15 രൂപ വരെ വർധനയുണ്ടായിട്ടുണ്ട്. ബീൻസ്, വള്ളിപ്പയർ, വഴുതനങ്ങ, പാവക്ക, സവാള എന്നിവയുടെയെല്ലാം വില ഉയർന്നു. ഒരു കിലോ ബീൻസിന് 65 രൂപ വരെയാണു ചില്ലറ വിൽപനക്കാർ ഈടാക്കുന്നത്. തക്കാളിക്ക് 36ഉം സവാള കിലോക്ക് 22 രൂപ വരെയുമെത്തി. ചുവന്നുള്ളി കിലോക്ക് 70 രൂപയാണ്. വെണ്ടക്ക- 48, കാരറ്റ്- 40, വെള്ളരിക്ക- 36, പടവലം- 30, വള്ളിപ്പയർ- 60, മുരിങ്ങക്ക- 40, വെളുത്തുള്ളി- 60, ഇഞ്ചി- 80, കാബേജ്- 30, കോവക്ക- 48, വഴുതനങ്ങ- 34-48, പാവക്ക- 48-50, ബീറ്റ്റൂട്ട്- 40-46 എന്നിങ്ങനെയാണ് തൊടുപുഴ മേഖലയിലെ ചില്ലറ വിൽപന വില. 100 ഗ്രാം പച്ചമുളകിന് ഏഴ് രൂപവരെയായി. ജില്ലയിൽ പലയിടങ്ങളിലും വ്യത്യസ്ത നിരക്കാണ് പച്ചക്കറിക്ക്. കനത്ത മഴ കാരണം പ്രാദേശിക പച്ചക്കറി ഉൽപാദനം കുത്തനെ കുറഞ്ഞതും ലോറി സമരം മൂലം മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള പച്ചക്കറി വരവിലുണ്ടായ കുറവുമാണ് വിലവർധനക്ക് കാരണം. ഓണം കഴിയുന്നതു വരെ വില കാര്യമായി കുറയാനിടയില്ലെന്നാണ് ചെറുകിട വ്യാപാരികൾ പറയുന്നത്. സമരം തുടർന്നാൽ ഇനിയും വില ഉയരുമെന്ന് പച്ചക്കറി മൊത്തവ്യാപാരികൾ പറയുന്നു. 'നെറ്റ്' ഉണ്ടോ? അരി തരാം * നെറ്റ്വർക്ക് തകരാർ: ഹൈറേഞ്ചിൽ റേഷനരി വാങ്ങാൻ ദുരിതം തൊടുപുഴ: ഇ-പോസ് മെഷീൻ വന്നിട്ടും റേഷൻ കടക്ക് മുന്നിൽ ക്യൂ നിൽക്കുന്നവരുടെ ദുരിതം ഏറുന്നു. തുടർച്ചയായ മഴയിൽ നെറ്റ്വർക്ക് തകരാറും സെർവർ തകരാറും പതിവായതോടെയാണ് ഹൈറേഞ്ചിലും മറ്റും ഒരുദിവസത്തെ ജോലി വരെ ഉപേക്ഷിച്ച് റേഷൻ കടകൾക്ക് മുന്നിൽ ക്യൂ നിൽക്കേണ്ട ഗതി വന്നിരിക്കുന്നത്. ബി.എസ്.എൻ.എൽ സിം കാർഡുകളാണ് മെഷീനിൽ ഉപയോഗിക്കുന്നത്. അതല്ലാത്തിടത്ത് റേഞ്ച് അനുസരിച്ച് മറ്റുള്ളവയും. എന്നാൽ, കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ൈഹറേഞ്ചിലും തോട്ടം, ആദിവാസി മേഖലകളിലും സിഗ്നൽ കിട്ടുന്നില്ല. ഇതേ ചൊല്ലി കാര്‍ഡ് ഉടമകളും വിൽപനക്കാരും തമ്മിൽ തര്‍ക്കം പതിവാണ്. നെറ്റ്വര്‍ക്ക് തകരാറിലാകുന്നതിനാല്‍ ബില്ലടിക്കാന്‍ കഴിയുന്നില്ല. പലയിടങ്ങളിലും വിതരണവും മുടങ്ങുന്ന സ്ഥിതി. വൈദ്യുതിയിൽ ചാര്‍ജ് ചെയ്ത് ഉപയോഗിക്കാവുന്നതാണ് ഇ-പോസ് മെഷീന്‍. എന്നാല്‍, ഉപയോഗം കൂടുന്നതനുസരിച്ച് ചാര്‍ജ് പെട്ടെന്ന് തീരും. മഴ മൂലം വൈദ്യുതി തടസ്സം പതിവായതോടെ റീ ചാര്‍ജ് കാര്യക്ഷമമാകുന്നില്ല. ചിലപ്പോള്‍ വൈദ്യുതി മണിക്കൂറുകളും ദിവസങ്ങളും മുടങ്ങും. ഇതോടെ റേഷന്‍ കടകളിലെ വിൽപന തകരാറിലാകും. നിശ്ചിത അളവിലാണ് മുമ്പ് ഭക്ഷ്യധാന്യങ്ങള്‍ കടക്കാര്‍ നല്‍കിയിരുന്നത്. എന്നാൽ ഇപ്പോള്‍ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തിയ പ്രകാരമേ ധാന്യങ്ങള്‍ നല്‍കാനാകൂ. അത് പൂര്‍ണമായി ബില്ലടിച്ച് എടുക്കുകയും വേണം. അല്ലെങ്കിൽ കടക്കാരില്‍നിന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ പിഴ ഈടാക്കും. ത്രീജി സ്പീഡ് ഉണ്ടെങ്കിൽ മാത്രമേ യന്ത്രം സുഗമമായി പ്രവർത്തിക്കൂ. ഇ-പോസ് സംവിധാനം സ്ഥാപിച്ച് ആദ്യ നാളുകളിൽ സെർവർ പ്രശ്നങ്ങൾ ഉണ്ടായെങ്കിലും അത് പരിഹരിക്കപ്പെട്ടിരുന്നു. ഇപ്പോൾ നെറ്റ്വർക്കാണ് പ്രശ്നം. എന്നാൽ, അൽപം കാത്തിരിക്കേണ്ടി വന്നാലും റേഷൻ മുടങ്ങുന്ന സാഹചര്യം ജില്ലയിലിെല്ലന്നാണ് ജില്ല സപ്ലെ ഒാഫിസർ പറയുന്നത്. വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചും നെറ്റ്വര്‍ക്ക് തകരാര്‍ പരിഹരിച്ചും റേഷന്‍ വിതരണം സുഗമമാക്കണമെന്ന് ഉപഭോക്താക്കളും റേഷന്‍ ഡീലര്‍മാരും ആവശ്യപ്പെട്ടു. ചരക്കുനീക്കം സ്തംഭിച്ചു; എത്തുന്നത് െചറുവാഹനങ്ങളിൽ തൊടുപുഴ: ലോറി സമരത്തെ തുടർന്ന് ചരക്കുനീക്കം സ്തംഭിച്ചു. ഇതോടെ പലചരക്ക് സാധനങ്ങളുടെ വിലയും വർധിച്ചിട്ടുണ്ട്. ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നാണ് ഇടുക്കി വഴി സാധനങ്ങളെത്തുന്നത്. പയർ, കിഴങ്ങ്, പഞ്ചസാര, വറ്റൽമുളക് എന്നിവയുടെ വിലയിലാണ് വർധന. കുമളി ചെക്ക്പോസ്റ്റ് വഴി ദിവസേന ശരാശരി 40 ലോറികളെങ്കിലും തമിഴ്നാട്ടിൽനിന്ന് എത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ പത്തോളം ലോറികൾ മാത്രമാണ് വരുന്നത്. കഴിഞ്ഞ ദിവസം കുമളി ചെക്ക്പോസ്റ്റ് വഴി കടന്നുപോയതിൽ ഏറെയും പിക് അപ് വാഹനങ്ങളാണ്. ലോറി സമരം ആരംഭിച്ചതോടെ പച്ചക്കറി, മീൻ എന്നിവ കൊണ്ടുവരാൻ പിക് അപ് വാനുകളെയാണ് വ്യാപാരികൾ ആശ്രയിക്കുന്നത്. ഇത് ചരക്ക് വരവിൽ കുറവുവരുത്തിയിട്ടുണ്ട്. ലോറി സമരം ആരംഭിച്ചത് മുതൽ കമ്പംമെട്ട്, ബോഡിമെട്ട് വഴിയും ചുരുക്കം ലോറികൾ മാത്രമാണ് കടന്നുവരുന്നത്. സമരത്തിെൻറ ചുവട് പിടിച്ച് കൃത്രിമ വിലക്കയറ്റത്തിന് നീക്കം നടക്കുന്നുവെന്ന വിമർശനവും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.