കോട്ടയം: സംസ്ഥാനത്തെ ജലവൈദ്യുതി പദ്ധതികളുടെ ചരിത്രത്തിനൊപ്പം ചേർത്തുനിർത്താവുന്ന പേരാണ് കോട്ടയം നഗരത്തോട് ചേർന്നുകിടക്കുന്ന പള്ളമെന്ന കൊച്ചുഗ്രാമം. ഇനി ഇവിടെനിന്നാണ് കെ.എസ്.ഇ.ബിക്ക് കീഴിലുള്ള ഡാമുകളുടെ കാവലും. രാജ്യത്തെ ഏക ആർച് ഡാമായ ഇടുക്കിയും ദേശീയ പ്രാധാന്യമുള്ള അഞ്ചു ഡാമുകളും ഉൾപ്പെടെ സംസ്ഥാനത്തെ ചെറുതും വലുതുമായ 58 ഡാമുകളുടെ സുരക്ഷ നിരീക്ഷണം പള്ളത്ത് സ്ഥാപിക്കുന്ന ഡാം സുരക്ഷ കാര്യാലയത്തിൽ. ഡാം സുരക്ഷ ഓർഗനൈസേഷെൻറ പുതിയ ആസ്ഥാനമന്ദിരത്തിലാകും ഇതിെൻറ പ്രവർത്തനം. കഴിഞ്ഞദിവസം ആസ്ഥാനമന്ദിരത്തിെൻറ നിർമാണം പൂർത്തിയായി. അടുത്തഘട്ടമായി അത്യാധുനിക സംവിധാനങ്ങൾ ഒരുക്കും. അത്യാധുനിക സംവിധാനത്തോടെ ഡാം സുരക്ഷ പരിപാലനവും മേൽനോട്ടവും വഹിക്കുന്ന സാേങ്കതിക വിഭാഗം, ഗവേഷണ വിഭാഗം, ഡാമുകളുടെ സി.സി ടി.വി നിരീക്ഷണം, കാലാവസ്ഥ, ഭൂകമ്പസാധ്യത, ജലവിതാനം എന്നിവ തത്സമയം അറിയാനും വിവരശേഖരണത്തിനും വിശകലനത്തിനും അടിയന്തര നിർദേശങ്ങൾ നൽകാനും സംവിധാനം തുടങ്ങിയവ ഇവിടെയുണ്ടാകും. 24 മണിക്കൂറും പ്രവർത്തിക്കുന്ന നിരീക്ഷണ സംവിധാനത്തിെനാപ്പം രക്ഷസജ്ജീകരണങ്ങളുടെ കേന്ദ്രസംവിധാനം, സെമിനാർ ഹാളുകൾ, അനുബന്ധ ക്രമീകരണങ്ങൾ എന്നിവയും വിഭാവനം ചെയ്തിട്ടുണ്ട്. ഡാം സ്ഥിതിചെയ്യുന്ന പ്രദേശത്തുനിന്ന് തത്സമയ വിവരശേഖരണത്തിനും വിശകലനത്തിനും അടിയന്തര സന്ദേശങ്ങൾ കിട്ടാനും കൊടുക്കാനും ഉള്ള ഇ.ആർ.എ.എസ് സംവിധാനം, ഡാമുകളിലെ വെള്ളത്തിെൻറ അളവ്, അറ്റകുറ്റപ്പണി എന്നിവ ദിവസവും ഇവിടെ വിലയിരുത്തും. അടിയന്തര മുന്നറിയിപ്പ് നൽകുക, അടിയന്തര സംവിധാനങ്ങൾ ഏകോപിപ്പിക്കുക എന്നതും ഇതിെൻറ ചുമതലയാകും. െകട്ടിടം പൂർത്തിയായെങ്കിലും മറ്റ് സംവിധാനങ്ങളും ഉപകരണങ്ങളും എല്ലാം ഒരുക്കി കേന്ദ്രം പൂർണസജ്ജമാകാൻ ഒരുവർഷം കാത്തിരിക്കേണ്ടിവരും. കേന്ദ്രത്തിലേക്കുള്ള ഉപകരണങ്ങളുടെ ടെൻഡർ നടപടികൾ നടന്നുവരുകയാണ്. ഇതിനായി ടെൻഡറുകൾ ദേശീയ ജലകമീഷെൻറ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്. ജലകമീഷൻ അംഗീകാരം നൽകിയാൽ ടെൻഡർ വളിക്കും. ഒരുവർഷത്തിനുളിൽ ഇതിെൻറ പ്രവർത്തനം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ ഡാമുകളുടെ സുരക്ഷയും പരിപാലനവും ശക്തിപ്പെടുത്താൻ കേന്ദ്ര ജലകമീഷൻ നിർദേശിച്ചിരുന്നു. ഇതിനായി കേന്ദ്ര ജലകമീഷെൻറ മേൽനോട്ടത്തിൽ ലോകബാങ്ക് സഹായത്തോടെ 'ഡാമുകളുടെ പുനരുദ്ധാരണ പ്രവർത്തനവും മെച്ചപ്പെടുത്തലും' പദ്ധതിക്ക് തുടക്കമിട്ടു. ഇതിെൻറ ഭാഗമായി മൊത്തം 153.73 കോടിയുടെ ലോകബാങ്ക് ഫണ്ട് ലഭിച്ചു. ഭരണാനുമതി ലഭിച്ച 84 കോടി രൂപ ചെലവഴിച്ച് സംസ്ഥാനത്തെ 12 ജലവൈദ്യുതി പദ്ധതികളിലെ 37 ഡാമുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന ജോലികൾ നടന്നുവരുകയാണ്. വിവിധ ഡാമുകളുടെ ഗേറ്റുകൾ, വാൽവുകളുടെ നവീകരണം, പുനരുദ്ധാരണം, പരിശോധന നടത്താനുള്ള നടപ്പാലങ്ങൾ, ലൈറ്റുകൾ, സുരക്ഷ ഉപകരണങ്ങൾ സ്ഥാപിക്കൽ, അടിസ്ഥാന സൗകര്യ വികസനം എന്നിവയാണ് നടന്നുവരുന്നത്. ഇതിനൊപ്പം, രജ്യാന്തര നിരീക്ഷണ പഠന ആവശ്യങ്ങൾക്കുള്ള ഉപകരണങ്ങൾ സ്ഥാപിക്കൽ, തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ നിരീക്ഷണ കാമറ സ്ഥാപിക്കൽ, കോൺക്രീറ്റിലെയും പാറയിലെയും താപവ്യതിയാനങ്ങൾ നിരീക്ഷിക്കാൻ ഇടുക്കി ഡാമിൽ ഉപകരണങ്ങൾ സ്ഥാപിക്കൽ തുടങ്ങിയവയും നടക്കും. ഡാമുകളിൽ സ്ഥാപിക്കുന്ന ഇത്തരം മുഴുവൻ ഉപകരണങ്ങളും പള്ളത്തെ ഡാം സുരക്ഷ കാര്യാലയവുമായി ബന്ധിപ്പിക്കും. ഇവിടെനിന്നാകും ഇവയുടെ നിയന്ത്രണവും നിരീക്ഷണവും. നേരേത്ത, മുല്ലപ്പെരിയാർ സമരകാലത്ത് ഇവിടെയും ഇടുക്കിയിലും ഭൂകമ്പമാപിനി അടക്കം ഉപകരണങ്ങൾ സ്ഥാപിച്ചിരുന്നു. മറ്റിടങ്ങളിൽ ഇത്തരം സംവിധാനമൊന്നുമുണ്ടായിരുന്നില്ല. ഇവിടെയും ഇത്തരം സൗകര്യങ്ങൾ ഒരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.