കോട്ടയം: ദുരിതപ്പെയ്ത്തിനെ തുടർന്ന് പൂർണമായും വെള്ളത്തിലാണ് മള്ളൂശേരി ആംബ്രോസ് നഗർ. ഒട്ടുമിക്ക വീടുകളുടെയും മുക്കാൽഭാഗം വരെ വെള്ളം നിറഞ്ഞു. ചില വീടുകൾ പൂർണമായും വെള്ളത്തിനടിയിലായി. അമ്പതോളം വീട്ടുകാരാണ് ദുരിതമനുഭവിക്കുന്നത്. റോഡുകളിലെല്ലാം ഒരാൾ പൊക്കത്തിൽ വെള്ളം നിറഞ്ഞിരിക്കുകയാണ്. ജില്ലയിൽ വെള്ളപ്പൊക്കദുരിതം ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്ന പ്രദേശങ്ങളിലൊന്നായി ഇവിടം മാറി. മുൻകാലങ്ങളിൽ വെള്ളപ്പൊക്ക സമയങ്ങളിൽ വീട്ടുകാരെ പാർപ്പിച്ചിരുന്ന ബിഷപ് ആംബ്രോസ് മെമ്മോറിയൽ ഹാൾ ഇത്തവണ കഴുത്തറ്റം വെള്ളത്തിൽ മുങ്ങി. ഇതോടെ പ്രദേശവാസികൾ ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറി. അവശേഷിക്കുന്നവർ വള്ളത്തിലാണ് റോഡിലൂടെ സഞ്ചരിക്കുന്നത്. ഭൂരിഭാഗവും മത്സ്യത്തൊഴിലാളികൾ താമസിക്കുന്ന കോളനി മുങ്ങിയതോെട കടുത്ത ദുരിതത്തിലാണിവർ. ഭക്ഷ്യവസ്തുക്കൾ വീടുകളിലേക്ക് എത്തിക്കാനും കഴിയുന്നില്ല. പലർക്കും ജോലിക്കുപോകാൻ കഴിയാത്ത സ്ഥിതിയുമാണ്. വീടിെൻറ സിറ്റൗട്ടിൽ വള്ളം കയറ്റിയിട്ടിരിക്കുകയാണിവിടെ. ഭക്ഷണം പാചകം ചെയ്യാൻ കഴിയാത്ത സ്ഥിതിയുമാണ്. വ്യാഴാഴ്ച വീണ്ടും മഴകനത്തത് ഇവരെ കടുത്ത ആശങ്കയിലാഴ്ത്തി. ചെറിയതോതിൽ താഴ്ന്ന വെള്ളം വീണ്ടും ഉയരുമോയെന്ന ആശങ്കയും ഇവർ പങ്കുവെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.