പ്രളയക്കെടുതിയിൽ ജനജീവിതം ദുരിതത്തിൽ; ​ഗതാഗതവും സ്​തംഭിച്ചു

കോട്ടയം: ജില്ലയിലെ പ്രളയക്കെടുതിയിൽ മുങ്ങി ജനജീവിതം ദുസ്സഹമായി. ചിലയിടങ്ങളിൽ ഗതാഗതം സ്തംഭിച്ചു. മലയോര മേഖലയിൽ ഉരുൾപൊട്ടിയതോടെ മീനച്ചിലാറ്റിലും മണിമലയാറും അഴുതയാറും കരകവിഞ്ഞൊഴുകി. താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളും വീടുകളും പൂർണമായി വെള്ളത്തിലായി. കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതവും തകരാറിലായി. എറണാകുളം-പുനലൂര്‍ പാസഞ്ചറും കൊല്ലം മെമുവും റദ്ദാക്കിയപ്പോൾ മുഴുവൻ ട്രെയിനുകളും ഏറെ വൈകിയാണ് ഒാടിയത്. റോഡുഗതാഗതം തടസ്സപ്പെട്ട് ഇൗരാറ്റുപേട്ട, പാലാ ഉൾപ്പെടെ വിവിധപ്രദേശങ്ങൾ പൂർണമായി ഒറ്റപ്പെട്ടു. വീടുകളിൽ ഒറ്റപ്പെട്ടവരെയും അല്ലാത്തവരെയും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. വെള്ളപ്പൊക്കത്തിൽ ചങ്ങനാശ്ശേരി-ആലപ്പുഴ, പാലാ-പൊന്‍കുന്നം, ഏറ്റുമാനൂര്‍-പാലാ, പാലാ-ഈരാറ്റുപേട്ട, പാലാ-തൊടുപുഴ, കോട്ടയം-ചേര്‍ത്തല, കുമരകം-വൈക്കം, കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി-മണിമല റൂട്ടുകളിൽ ഗതാഗതം മുടങ്ങി. കെ.എസ്.ആർ.ടി.സി അടക്കം ബസുകളും വാഹനങ്ങളും ഒാടിയില്ല. ഇതോടെ, പലർക്കും പാതിവഴിയിൽ യാത്ര അവസാനിപ്പിക്കേണ്ടി വന്നു. ഈരാറ്റുപേട്ട തോട്ടുമുക്ക് കോസ്വേ, മുണ്ടക്കയം കോസ്വേ, കുട്ടിക്കൽ ചപ്പാത്ത്, പഴയിടം പാലം എന്നിവിടങ്ങൾ വെള്ളത്തിനടിയിലായി. ചേനപ്പാടിയിൽ മണിമലയാർ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് നിരവധി വീടുകളിൽ വെള്ളം കയറി. അപ്പർകുട്ടനാട്ടിൽ ആയിരം ഏക്കറിലെ നെൽകൃഷി വെള്ളംകയറി നശിച്ചു. ദുരിതം ഏറ്റവും കൂടുതൽ ബാധിച്ചത് കോട്ടയം താലൂക്കിലാണ്. അയര്‍ക്കുന്നം, മണര്‍കാട്, വിജയപുരം, കോട്ടയം നഗരസഭ, തിരുവാര്‍പ്പ്, അയ്മനം, ആര്‍പ്പൂക്കര, കുമരകം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായതോടെ ചെറുവഴികളിൽപോലും ഗതാഗതം തടസ്സപ്പെട്ടു. ആര്‍പ്പൂക്കര മണിയാപറമ്പ് കാട്ടുകരി-കല്ലിപ്പടവ് പാടശേഖരത്തു മടവീണ് 16 ഏക്കറിലെ നെല്‍കൃഷി നശിച്ചു. കുമരകം ചക്രംപടിക്കു സമീപം മരം വീണ് കോട്ടയം-കുമരകം റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ ഹൈവേയില്‍ കൂടല്ലൂര്‍ കവലയില്‍ മൂന്നടിയിലേറെ വെള്ളം ഉയര്‍ന്ന് ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. പാലാ നഗരത്തില്‍ കടപ്പാട്ടൂർ, കൊട്ടാരമറ്റം, പഴയ ബസ് സ്റ്റാൻഡ് പ്രദേശങ്ങളില്‍ വെള്ളം കയറി. പാലാ-പൊന്‍കുന്നം റൂട്ടില്‍ കടയം ഉള്‍പ്പെടെ പല ഭാഗങ്ങളിലും വെള്ളം കയറി. പാലായില്‍നിന്ന് വിവിധയിടങ്ങളിലേക്കുള്ള ബസ് സര്‍വിസ് നിലച്ചത് യാത്രക്കാര്‍ക്ക് തിരിച്ചടിയായി. പൂഞ്ഞാർ, തീക്കോയി മേഖലകളില്‍ ഉരുള്‍പൊട്ടലിനു പുറെമ വ്യാപക മണ്ണിടിച്ചിലുമുണ്ട്. കൂട്ടിക്കല്‍ ചപ്പാത്തില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ഇളംകാട്, കൂട്ടിക്കല്‍ മേഖലകള്‍ ഒറ്റപ്പെട്ടു. വണ്ടിപ്പെരിയാറില്‍ വെള്ളം കയറുകയും ചോറ്റുപാറയില്‍ മണ്ണിടിയുകയും ചെയ്തതോടെ കുമളി ഭാഗത്തേക്കുള്ള വാഹന ഗതാഗതം സ്തംഭിച്ചു. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ വെള്ളം കയറിയതിനെത്തുടര്‍ന്ന് കെ.എസ്.ആർ.ടി.സി സർവിസ് നിർത്തിവെച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.