മൂന്നാര്‍: തായ്ലൻഡ് ഗുഹയില്‍ അകപ്പെട്ട കുട്ടികളുടെ രക്ഷാശ്രമങ്ങൾക്കിടെ ഒാർമപ്പെടുത്തലുമായി മൂന്നാറിലെ ഗുഹാമുഖങ്ങൾ. മൂന്നാറില്‍നിന്ന് പോതമേട്ടിലേക്ക് പോകുന്ന വഴിയിലും മൂന്നാര്‍ ഹെഡ് വര്‍ക്സ് ഡാമില്‍നിന്ന് അകലെയല്ലാതെയും തുറന്നുകിടക്കുന്ന ഗുഹകളാണ് ഏറെ ഭീഷണിയാകുന്നത്. മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികളും നാട്ടുകാരും അകത്തേക്ക് കയറുന്ന ഗുഹാമുഖമാണ് മൂന്നാര്‍ ഹെഡ് വര്‍ക്സിനടുത്തുള്ളത്. ഇതിലൂടെ വെള്ളവുമൊഴുകുന്നു. മാസങ്ങള്‍ക്ക് മുമ്പ് എറണാകുളം സ്വദേശികളായ നാല് യുവാക്കള്‍ കുടുങ്ങിയിരുന്നു. അകത്തേക്ക് കയറിയ സംഘം വഴിയറിയാതെ ഉള്ളില്‍ കുടുങ്ങുകയും മണിക്കൂറുകൾക്ക് ശേഷം ക്ലേശിച്ച് പുറത്തെത്തുകയുമായിരുന്നു. യുവാക്കള്‍ അകപ്പെട്ടതും രക്ഷപ്പെട്ടതും പുറംലോകം അറിഞ്ഞത് നാളുകള്‍ക്കുശേഷമാണ്. 1982ൽ ആർ. ബാലകൃഷ്ണപിള്ള വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് മൂന്നാറില്‍ ഡാം പണിയാൻ ലക്ഷ്യമിട്ട് നടത്തിയ പ്രാഥമിക പഠനങ്ങളുടെ ഭാഗമായി നിർമിച്ച ടണലാണിത്. പദ്ധതി ഉപേക്ഷിച്ചതോടെ ടണല്‍ അനാഥമായി. സ്വകാര്യ വ്യക്തികള്‍ കൈയടക്കിയ ഇൗ പ്രദേശത്തെ ടണല്‍ അതേപടി നിലനില്‍ക്കുകയാണ്. ജലവൈദ്യുതി പദ്ധതിയുടെ ആവശ്യത്തിന് നിർമിച്ച ടണലിെൻറ കവാടം ഗുഹപോലെ തോന്നിപ്പിക്കുന്നതാണ്. റോഡിനോട് ചേര്‍ന്ന് അരികില്‍തന്നെയുള്ള തുരങ്കം പാറ തുരന്നതാണ്. കൗതുകം തോന്നി കുട്ടികളും യാത്രക്കാരും ഇതിനുള്ളിലേക്ക് കടക്കാറുണ്ട്. നാട്ടുകാരില്‍ പലരും പലതവണ അകത്തുകയറിയിട്ടുണ്ട്. കനത്ത ഇരുട്ടും വെള്ളവുമെല്ലാമുള്ള ഈ തുരങ്കത്തിെൻറ കവാടം അടക്കാനോ മുന്നില്‍ സുരക്ഷവേലി നിര്‍മിക്കാനോ അധികൃതർ തയാറായിട്ടില്ല. പള്ളിവാസല്‍ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി പള്ളിവാസല്‍ മല തുരന്ന് ടണല്‍ നിർമിച്ചിരുന്നത് കരാറുകാരന്‍ പിന്മാറിയതോടെ ദീര്‍ഘനാളുകളായി അനാഥമാണ്. ഈ ടണലും സുരക്ഷയില്ലാത്തതിനാൽ അപകടസാധ്യതയുള്ളതാണ്. ലോക്കാട് ഗ്യാപ്പിലും ഗുഹാമുഖമുണ്ട്. ഗ്യാപ് റോഡ് സന്ദര്‍ശിക്കാനെത്തുന്ന സഞ്ചാരികള്‍ ഗുഹകളില്‍ കയറുന്നതും പതിവാണ്. ഇവിടെയും സുരക്ഷ പ്രശ്നമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.