അടിമാലിയിൽ മണ്ണിടിഞ്ഞ്​ ഹോട്ടലിൽ കുടുങ്ങിയ ഉടമയായ യുവതിയെ രക്ഷിച്ചു

അടിമാലി: ഹോട്ടലിന് മുകളിൽ മണ്ണിടിഞ്ഞ് ശുചിമുറിയിൽ കുടുങ്ങിയ ഹോട്ടൽ നടത്തിപ്പുകാരിയെ ഒന്നരമണിക്കൂറിന് ശേഷം ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷിച്ചു. തിങ്കളാഴ്ച രാവിലെ 9.30ന് അടിമാലി അമ്പലപ്പടിയിലാണ് സംഭവം. അടിമാലി പാഴയിൽ ശ്രീജേഷി​െൻറ ഭാര്യ പ്രമീതയാണ് (32) ശുചിമുറിയിൽ കുടുങ്ങിയത്. സാരമായി പരിക്കേറ്റ പ്രമീതയെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനത്ത മഴയിൽ അടിമാലി ശാന്തഗിരി ക്ഷേത്രത്തി​െൻറ പിൻഭാഗത്തുനിന്ന് 50 അടിയിലേറെ ഉയരത്തിൽനിന്നാണ് വൻതോതിൽ മണ്ണിടിഞ്ഞ് ഹോട്ടലിന് മുകളിൽ പതിച്ചത്. ഈ സമയം ശുചിമുറിയിലായിരുന്നു പ്രമീത. മണ്ണിടിച്ചിലിൽ കോൺക്രീറ്റ് സ്ലാബ് തകർന്ന് കാലിൽ പതിച്ചാണ് പരിക്കേറ്റത്. േഹാട്ടലിലുണ്ടായിരുന്ന അടിമാലി പുത്തൻപുരക്കൽ വിജയ് (25), പ്രതീഷ് (27) എന്നിവർ മണ്ണിടിയുന്നത് കണ്ട് ഇറങ്ങിയോടിയതിനാൽ രക്ഷപ്പെട്ടു. മൂന്ന് എക്സ്കവറേറ്റർ കൊണ്ടുവന്ന് ഒന്നരമണിക്കൂറോളം പരിശ്രമിച്ച് മണ്ണ് നീക്കിയാണ് പ്രമീതയെ രക്ഷിച്ചത്. ഭിത്തിക്കും സ്ലാബിനുമിടയിൽപെട്ടതാണ് ജീവൻ തിരിച്ചുകിട്ടാൻ സഹായകമായതെന്ന് ഫയർഫോഴ്സ് പറഞ്ഞു. രക്ഷാപ്രവർത്തനത്തിനിടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ ജിൻസൻ (29), അനീഷ് (34) എന്നിവർക്കും പ്രദേശവാസിയായ ഏലിയാസിനും നിസ്സാര പരിക്കേറ്റു. മൂന്ന് ദിവസമായി ശക്തമായി മഴ തുടരുന്ന ഇവിടെ തിങ്കളാഴ്ച രാവിലെ കനത്തമഴയിലാണ് മണ്ണിടിച്ചിലുണ്ടായത്. അമ്പലത്തി​െൻറ ചുറ്റുമതിലിനോട് ചേർന്നുള്ള ഭാഗമാണ് ഇടിഞ്ഞത്. കുടുംബശ്രീ നടത്തിയിരുന്ന വനിത ഹോട്ടൽ അടുത്തനാളിലാണ് ശ്രീജേഷും പ്രമീതയും ഏറ്റെടുത്തത്. ശ്രീജേഷ് കുട്ടികളെ സ്കൂളിൽ കൊണ്ടുപോയ സമയത്താണ് അപകടം. ഈ കെട്ടിടത്തി​െൻറ രണ്ടാംനിലയിൽ മറ്റൊരു കുടുംബം വാടകക്ക് താമസിക്കുന്നുണ്ടെങ്കിലും ഇവർ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. ഇവരെയടക്കം കെട്ടിടത്തിലെ എല്ലാവരെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ദേവികുളം തഹസിൽദാർ പി.കെ. ഷാജി, അടിമാലി ഫയർ സ്റ്റേഷൻ ഓഫിസർ വി.എൻ. സുനിൽകുമാർ, അടിമാലി എസ്.ഐ അബ്ദുൽ സത്താർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.