കന്നുകാലികള്‍ക്ക് ഡിജിറ്റല്‍ തിരിച്ചറിയല്‍ രേഖ: വിവരശേഖരണം പൂര്‍ത്തിയായി

പത്തനംതിട്ട: കന്നുകാലികള്‍ക്ക് ഡിജിറ്റല്‍ തിരിച്ചറിയല്‍ രേഖകള്‍ നല്‍കുന്നതിനുള്ള വിവരശേഖരണം ജില്ലയില്‍ 90 ശതമാനം പൂര്‍ത്തിയായി. ജിയോ ടാഗിങ് സംവിധാനം ഉപയോഗിച്ചാണ് തിരിച്ചറിയില്‍ രേഖകള്‍ നല്‍കുക. സംസ്ഥാനത്ത് ആദ്യമായി പദ്ധതി നടപ്പാക്കുന്നത് പത്തനംതിട്ട ജില്ലയിലാണ്. പ്ലാസ്റ്റിക് കാര്‍ഡ് ഒഴിവാക്കി പശുക്കളില്‍ തിരിച്ചറിയല്‍ രേഖകള്‍ക്കായി മൈക്രോ ചിപ്പ് ഘടിപ്പിക്കുകയാണ്. ഇതിനായി ആറുമാസം മുേമ്പ ഒരുക്കം തുടങ്ങിയിരുന്നു. ആനിക്കാട് പഞ്ചായത്തിലെ 700 പശുക്കളിലാണ് ആദ്യഘട്ടത്തില്‍ ചിപ്പ് ഘടിപ്പിക്കുന്നത്. 1.9 ലക്ഷം രൂപ ചെലവിലാണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. ഭരണാനുമതി ലഭിച്ചതിനെ തുടര്‍ന്ന് ചിപ്പ് ഘടിപ്പിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചു. ഓരോ പശുവിനും പ്രത്യേക നമ്പര്‍ രേഖപ്പെടുത്തിയ ചിപ്പ് ഘടിപ്പിക്കും. ഇത് പശുക്കളില്‍ ജീവിതകാലം മുഴുവന്‍ പാര്‍ശ്വഫലമില്ലാതെ സ്ഥാപിക്കാന്‍ സാധിക്കും. ജി.പി.എസ് സംവിധാനവുമായി ഇത് ബന്ധിപ്പിച്ച് പശുക്കളുടെ സമ്പൂര്‍ണ വിവരശേഖരണവും തിരിച്ചറിയലും ഇതിലൂടെ കഴിയുമെന്നതാണ് മേന്മ. കാലികളെയും കര്‍ഷകരെയും സ്ഥലത്തെയും കുറിച്ച് പെട്ടെന്ന് അറിയാനും അടിയന്തരഘട്ടങ്ങളില്‍ സഹായം എത്തിക്കാനുമുള്ള സംവിധാനവും ഇതിലുണ്ട്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ വീടുകള്‍ സന്ദര്‍ശിച്ച് കര്‍ഷകരുടെയും കാലികളുടെയും ഫോട്ടോയെടുക്കും. തുടര്‍ന്ന് സ്ഥലത്തി​െൻറ കൃത്യമായ രേഖാചിത്രമുണ്ടാക്കി ഉപഗ്രഹസഹായത്തോടെ കമ്പ്യൂട്ടറില്‍ സൂക്ഷിക്കും. പകര്‍ച്ചവ്യാധികളുണ്ടായാല്‍ കൃത്യമായ സ്ഥലം കണ്ടെത്താന്‍ ഇത് സഹായിക്കുന്നു. പകര്‍ച്ചവ്യാധികള്‍ വ്യാപിക്കാതെ സ്ഥിതി നിയന്ത്രണവിധേയമാക്കാനും ജിയോ ടാഗിങ് സഹായകമാകും. ജില്ല പഞ്ചായത്ത് പദ്ധതിയിൽ ഉള്‍പ്പെടുത്തി മിതമായ വിലയ്ക്ക് മരുന്ന് കര്‍ഷകര്‍ക്ക് ലഭ്യമാക്കും. ഇതിനായി ജില്ല മൃഗസംരക്ഷണ കേന്ദ്രത്തിനോട് അനുബന്ധിച്ച് 10 ലക്ഷം രൂപ െചലവില്‍ വെറ്ററിനറി മെഡിക്കല്‍ സ്റ്റോറിനായിട്ടുള്ള നടപടിയും നടന്ന് വരുകയാണെന്ന് ജില്ല മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു. വിവരങ്ങളെല്ലാം വിരല്‍തുമ്പിലാക്കാന്‍ നിരണം പഞ്ചായത്ത് പത്തനംതിട്ട: ഒരൊറ്റ ക്ലിക്കില്‍ ഒരു പഞ്ചായത്തിലെ മുഴുവന്‍ വിവരങ്ങളും ലഭിക്കുന്ന പദ്ധതി നിരണം പഞ്ചായത്തിൽ നടപ്പാക്കുന്നു. സംസ്ഥാനത്തെ ഒമ്പതു പഞ്ചായത്തിലാണ് പദ്ധതിക്ക് തുടക്കമായത്. നാറാണംമൂഴി പഞ്ചായത്തില്‍ ജിയോ ഇൻഫര്‍മാറ്റിക്‌സ് സംവിധാനം പൂര്‍ണമായി നടപ്പാക്കി. റാന്നിയില്‍ പദ്ധതി പൂര്‍ത്തിയായി. ആദ്യഘട്ടത്തില്‍ പഞ്ചായത്തിലെ മുഴുവന്‍ രേഖകളും ശേഖരിക്കും. റോഡ്, തോട്, ഭൂപ്രകൃതി, ജനസംഖ്യ, രോഗികളുടെ വിവരങ്ങള്‍ തുടങ്ങി പഞ്ചായത്തിനെ സംബന്ധിക്കുന്ന ചെറിയ കാര്യംപോലും രേഖപ്പെടുത്തും. പഞ്ചായത്തിലെ ജനസംഖ്യ കുടുംബാടിസ്ഥാനത്തിലാകും രേഖപ്പെടുത്തുക. പഞ്ചായത്തിലെ ഭൂമിയെ ഇനം തിരിച്ച് അറിയാനും കൃഷിരീതികള്‍ ആസൂത്രണം ചെയ്യാനും പദ്ധതി പൂര്‍ത്തിയാകുന്നതോടെ കഴിയുമെന്നതാണ് ഏറ്റവും വലിയ നേട്ടം. പഞ്ചായത്തിലെ ജലസ്രോതസ്സുകള്‍, വരള്‍ച്ചബാധിത പ്രദേശങ്ങള്‍, ജലസേചനമാര്‍ഗങ്ങള്‍ എന്നിവയുടെ കൃത്യമായ രൂപം ഇതിലൂടെ തയാറാക്കും. ആറു ലക്ഷം രൂപയാണ് പഞ്ചായത്ത് പദ്ധതിക്ക് നീക്കിെവച്ചിരിക്കുന്നത്. പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ഈ വിവരശേഖരണത്തിലൂടെ സാധിക്കുമെന്ന് നിരണം പഞ്ചായത്ത് പ്രസിഡൻറ് ലത പ്രസാദ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.