കോട്ടയം: ജീവിതാവസാനംവരെ സ്പോർട്സ്മാൻ സ്പിരിറ്റിൽ പൊരുതിയ മുൻ മേഘാലയ ഗവർണർ എം.എം. ജേക്കബ് 1949ൽ മദ്രാസ് ലയോള കോളജ് വിദ്യാർഥിയായിരിക്കെ ഫുട്ബാൾ ടീം ക്യാപ്റ്റനുമായിരുന്നു. അക്കാലത്ത് നാട്ടിലും അതിെൻറ അലയൊലികൾ അദ്ദേഹം സൃഷ്ടിച്ചിരുന്നു. പാലാ രൂപത മുൻ ബിഷപ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ അടക്കമുള്ളവരെ പങ്കാളികളാക്കി മികച്ച ഫുട്ബാൾ-അത്ലറ്റിക് ടീമിന് തുടക്കമിട്ടാണ് ജേക്കബ് കളിക്കമ്പം പുറത്തെടുത്തത്. രാമപുരം അത്ലറ്റിക് ക്ലബ് ക്യാപ്റ്റനുമായിരുന്നു അദ്ദേഹം. 1953 മുതൽ രാമപുരത്ത് അഖില കേരള അടിസ്ഥാനത്തിൽ ഫുട്ബാൾ ടൂർണമെൻറ് സംഘടിപ്പിച്ചിരുന്നു. എം.എം. ജേക്കബിെൻറ നേതൃത്വത്തിൽ വിവിധ ഫുട്ബാൾ-വോളിബാൾ ടൂർണമെൻറുകളിൽ ക്ലബ് കിരീടവും നേടി. രാമപുരത്തും പരിസരങ്ങളിലും വിവിധ ക്ലബുകൾ സംഘടിപ്പിക്കുന്ന ടൂർണമെൻറുകളിൽ മത്സരം കാണാൻ വിശ്രമജീവിതകാലത്തും ജേക്കബ് എത്തിയിരുന്നു. കലാലയ ജീവിതകാലത്ത് മികച്ച അത്ലറ്റ് കൂടിയായിരുന്നു അദ്ദേഹം. തിരുവിതാംകൂര്‍ സര്‍വകലാശാല ലേബര്‍ കോര്‍പ്‌സിലെയും ഇന്ത്യന്‍ എയര്‍ ട്രെയിനിങ് കോര്‍പ്‌സിലെയും കാഡറ്റുമായിരുന്ന അദ്ദേഹം ഫുട്ബാളിലും വോളിബാളിലും ഒരുപോലെ തിളങ്ങി. 'ചില കളികളിൽ തോൽക്കും. ചിലതിൽ ജയിക്കും. ഇതൊക്കെ കളികളിൽ സ്വാഭാവികമാണ്. ജയത്തിലും പരാജയത്തിലും ആശങ്കയില്ല. എല്ലാം സ്പോർട്സ്മാൻ സ്പിരിറ്റോടെയാണ് കാണുന്നത്'- കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ വേളയിൽ പാലാ രാമപുരത്ത് നൽകിയ സ്വീകരണ യോഗത്തിൽ അദ്ദേഹം പറഞ്ഞു. ജേക്കബിന് ലഭിക്കുമെന്ന് പ്രതീക്ഷിച്ച ചില പദവികൾ കോൺഗ്രസിലെ വടംവലിയിൽ കുടുങ്ങി നഷ്ടമായ സാഹചര്യം സൂചിപ്പിച്ചായിരുന്നു അദ്ദേഹത്തിെൻറ സംസാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.