കട്ടപ്പന: സീരിയൽ നടി സൂര്യയുടെ വീട്ടിൽനിന്ന് 57 ലക്ഷം രൂപയുടെ കള്ളനോട്ടും നിർമാണ ഉപകരണങ്ങളും പിടിച്ചെടുത്ത കേസിൽ രണ്ടു പേർകൂടി അറസ്റ്റിൽ. കട്ടപ്പന കിഴക്കേമാട്ടുക്കട്ട പൂവത്തുംമൂട്ടിൽ ബിനു (48), കട്ടപ്പന കൽത്തൊട്ടി തെക്കേപ്പറമ്പിൽ സണ്ണി (42) എന്നിവരാണ് പിടിയിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. മുരിക്കാശേരി വാത്തിക്കുടി വെള്ളൂക്കുന്നേൽ ലിയോ (സാം -44), കൊല്ലം കരുനാഗപ്പള്ളി അത്തിനാട് അമ്പിയിൽ കൃഷ്ണകുമാർ (46), പുറ്റടി അച്ചൻകാനം കടിയൻകുന്നേൽ രവീന്ദ്രൻ (58), കൊല്ലം തിരുമുല്ലവാരം മുളങ്കാടകത്ത് ഉഷസ്സ് വീട്ടിൽ രമാദേവി (56), മകളും സീരിയൽ നടിയുമായ സൂര്യ (36), സഹോദരി ശ്രുതി (29) എന്നിവരാണ് നേരേത്ത പിടിയിലായത്. ബുധനാഴ്ച അറസ്റ്റിലായ പ്രതികളും അണക്കരയിൽനിന്ന് പിടിയിലായ രവീന്ദ്രനും ചേർന്ന് 2013ൽ കള്ളനോട്ടടിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, നോട്ട് നിർമാണത്തിനു ഉപയോഗിച്ച യന്ത്രത്തിെൻറ അപാകത നിമിത്തം നീക്കം പാളി. തുടർന്ന് ഈ യന്ത്രം രഹസ്യമായി പ്രതികൾ സൂക്ഷിച്ചുെവച്ചിരിക്കുകയായിരുന്നു. ബംഗളൂരു കേന്ദ്രമായി കള്ളനോട്ടടിച്ച മറ്റൊരു കേസിൽ രവീന്ദ്രൻ അകത്തായതോടെ പ്രതികൾ യന്ത്രം കേസിലെ മറ്റൊരു പ്രതിയായ ലിയോക്ക് വിറ്റു. ഇവർക്ക് യന്ത്രം നിർമിച്ചതിന് മുടക്കായ അഞ്ചുലക്ഷം രൂപ കൊടുക്കാമെന്ന കരാറിലാണ് യന്ത്രം കൈമാറിയത്. കള്ളനോട്ട് കേസിൽ ജയിലിലായിരുന്ന രവീന്ദ്രൻ പുറത്തിറങ്ങിയ ശേഷം ലിയോയും രവീന്ദ്രനും ചേർന്ന് ഈ യന്ത്രം ആധുനീകരിക്കുകയും കൂടുതൽ സാങ്കേതിക മികവ് നൽകി കൊല്ലത്ത് എത്തിച്ച് സീരിയൽ നടി സൂര്യയുടെ ആഡംബരവീടിെൻറ രണ്ടാംനിലയിലെ മുറിയിൽ രഹസ്യമായി കള്ളനോട്ടടി തുടങ്ങുകയുമായിരുന്നു. നോട്ടടി യന്ത്രത്തിനും അനുബന്ധ ഉപകരങ്ങൾക്കുമായി 53,70,00 രൂപ രമാദേവി ലിയോക്കും രവീന്ദ്രനും നൽകിയെന്നാണ് പൊലീസ് പറയുന്നത്. ഈ തുകയിൽ ഒരു ഭാഗം അറസ്റ്റിലായ ബിനുവിനും സണ്ണിക്കും ലിയോ കൈമാറിയെന്നാണ് കരുതുന്നത്. തുടർന്നാണ് നോട്ടടിക്കാൻ ആരംഭിച്ചത്. രമാദേവിക്ക് ലിയോയെയും രവീന്ദ്രനെയും പരിചയപ്പെടുത്തിയ സിനിമാക്കാർക്കിടയിൽ സ്വാമിയെന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് ഇനി അറസ്റ്റിലാകാനുള്ളവരിൽ പ്രമുഖൻ. രമാദേവിക്ക് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ളതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. അതിനിടെ രമാദേവിയെയും മക്കളെയും ജാമ്യത്തിലെടുക്കാനും ആവശ്യമായ സഹായങ്ങൾ ചെയ്യാനും ഉന്നത രാഷ്ട്രീയ നേതാക്കൾ ഇടപെടൽ നടത്തുന്നതായി സൂചനയുണ്ട്. കട്ടപ്പന ഡിവൈ.എസ്.പി എൻ.സി. രാജ്‌മോഹൻ, സി.ഐമാരായ വി.എസ്. അനിൽകുമാർ, ഷിബുകുമാർ, ജയപ്രകാശ്, എസ്.ഐ റെജി കുര്യൻ, എ.എസ്.ഐ ഷാജി എബ്രഹാം, സി.പി.ഒമാരായ കെ.ബി. ഷിനാസ്, രാഖി കെ. രഘു, സുമം എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.