ജസ്‌ന തിരോധാനം; കെ.എസ്.യു സെക്രട്ടേറിയറ്റ് മാര്‍ച്ച് നാളെ

* കേസ് സി.ബി.ഐക്ക് വിടണം തൊടുപുഴ: 100 ദിവസം കഴിഞ്ഞിട്ടും ജസ്‌നയെ കണ്ടെത്താനാവാത്ത പൊലീസ് അന്വേഷണം പരാജയമാണെന്നും കേസ് സി.ബി.ഐക്ക് വിടണമെന്നും കെ.എസ്.യു വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജസ്‌ന തിരോധാനക്കേസ് സി.ബി.ഐക്ക് വിടുക, പരിയാരം മെഡിക്കല്‍ കോളജില്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് മാത്രം ഈടാക്കുക, കേരള യൂനിവേഴ്‌സിറ്റി നടത്തുന്ന വിദ്യാര്‍ഥികളോടുള്ള വഞ്ചന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ചൊവ്വാഴ്ച രാവിലെ 11ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത് പറഞ്ഞു. ജസ്‌ന തിരോധാനക്കേസ് പൊലീസ് ഗൗരവത്തോടെ പരിഗണിച്ചില്ല. അതുകൊണ്ടുതന്നെ പൊലീസില്‍ വിശ്വാസമില്ല. അന്വേഷണത്തില്‍ കാര്യമായ പുരോഗതി വേണം. കേസില്‍ സര്‍ക്കാറും പൊലീസും പിടിവാശി ഒഴിവാക്കണം. കേസില്‍ ഒരു തുമ്പും ലഭിക്കാത്ത സാഹചര്യത്തിലാണ് കെ.എസ്.യു ഹൈകോടതിയെ സമീപിച്ചത്. അധികാരത്തിലേറിയത് മുതല്‍ സ്വാശ്രയ ലോബിയുടെ സര്‍ക്കാറായി മാറിയിരിക്കുകയാണ് എൽ.ഡി.എഫ്. കേരള യൂനിവേഴ്‌സിറ്റിയില്‍ പ്രോ വൈസ് ചാന്‍സലര്‍ അടക്കമുള്ളവരെ നിയമിക്കാതെ സര്‍ക്കാര്‍ വിദ്യാര്‍ഥികളെ വഞ്ചിക്കുകയാണ്. വിദ്യാഭ്യാസ മേഖലയില്‍ എൽ.ഡി.എഫ് സര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ നടപടികള്‍ സ്വീകരിക്കാത്തത് ആശങ്കജനകമാണെന്നും അഭിജിത്ത് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.