കട്ടപ്പന: കാലാവസ്ഥ വ്യതിയാനം തേയിലച്ചെടികളെ ബാധിച്ചതോടെ കൊളുന്ത് ഉൽപാദനം കുറയുന്നു. ഭേദപ്പെട്ട വില ലഭിക്കുന്നുണ്ടെങ്കിലും ഉൽപാദനം കുറഞ്ഞതാണ് കർഷകരെ ആശങ്കയിലാക്കുന്നത്. ചെറുകിട കർഷകർ ജില്ലയിൽ ആറുലക്ഷം കിലോഗ്രാമോളം കൊളുന്ത് ദിനേന ഉൽപാദിപ്പിക്കുന്നുണ്ടെന്നാണ് കണക്ക്. മഴമാറി വേനലായതോടെ ഇത് നേർപകുതിയായി. നിലവിൽ ഒരു കിലോ കൊളുന്തിന് ശരാശരി 15രൂപയാണ് ലഭിക്കുന്നത്. ചില ഫാക്ടറി ഉടമകൾ 19 രൂപവരെ ഏജൻറുമാർക്ക് നൽകുന്നുണ്ട്. മികച്ച രീതിയിൽ ഉൽപാദനം നടന്നപ്പോഴും ഈ സീസണിൽ എട്ട് രൂപക്ക് താഴേക്ക് വില ഇടിഞ്ഞിട്ടില്ല. ടീ ബോർഡ് ഓരോ മാസവും കൊളുന്തിന് തറവില പ്രഖ്യാപിക്കുന്നതാണ് കാരണം. വില സ്ഥിരത ഉറപ്പാക്കണമെന്ന ചെറുകിട കർഷകരുടെ ആവശ്യം ഇനിയും പരിഗണിക്കപ്പെട്ടിട്ടില്ല. ജില്ലയിൽ 13000ഓളം ചെറുകിട തേയില കർഷകരാണുള്ളത്. കനത്ത വിലയിടിവ് ഉണ്ടാകുമ്പോൾ തൊഴിലാളികൾക്ക് കൂലി നൽകാൻ കഴിയാത്തതിനാൽ വിളവെടുപ്പ് നടത്താത്ത കർഷകരുമുണ്ട്. മൂത്ത് നശിക്കുന്ന കൊളുന്ത് വെട്ടിനീക്കാൻ കൂടുതൽ തുക മുടക്കേണ്ടതിനാൽ ചിലർ കൊളുന്ത് വിളവെടുത്ത് തോട്ടത്തിൽതന്നെ ഉപേക്ഷിക്കുന്ന സ്ഥിതിയും ഉണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.