കാർഷിക വിഷയങ്ങളുന്നയിച്ച്​ കെ.സി.ബി.സി സർക്കുലർ; 15ന് കർഷക ദിനാചരണത്തിന് ആഹ്വാനം

കോട്ടയം: കാർഷിക മേഖലയിലെ വിവിധ പ്രശ്നങ്ങളുന്നയിച്ചും പരിഹാരമാർഗങ്ങൾ നിർദേശിച്ചും കർഷകർ സംഘടിച്ച് ഭരണത്തിൽ പങ്കാളികളാകേണ്ട ആവശ്യകത ചൂണ്ടിക്കാട്ടിയും കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ സർക്കുലർ. ഞായറാഴ്ച കേരളത്തിലെ സീറോ മലബാർ, ലത്തീൻ, മലങ്കര കത്തോലിക്ക സഭകളിലെ എല്ലാ ദൈവാലയങ്ങളിലും സർക്കുലർ വായിക്കും. ഇന്ത്യൻ ഫാർമേഴ്സ് മൂവ്മ​െൻറി​െൻറ (ഇൻഫാം) ആഭിമുഖ്യത്തിൽ ജനുവരി 15ന് കർഷകദിനമായി ആചരിക്കാനും കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാർ മാത്യു അറയ്ക്കൽ പുറപ്പെടുവിച്ച സർക്കുലറിൽ നിർദേശമുണ്ട്. കാർഷിക മേഖലയിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അടിയന്തരവും ഫലപ്രദവുമായ ഇടപെടൽ അനിവാര്യമാണ്. കാർഷികോൽപന്നങ്ങൾക്ക് വിലസ്ഥിരത ഉറപ്പാക്കണം. കർഷകന് വാർധക്യത്തിൽ പ്രതിമാസം പതിനായിരം രൂപ പെൻഷൻ നൽകണമെന്ന 2015ലെ സംസ്ഥാന കാർഷിക നയത്തിലെ നിർദേശം നടപ്പാക്കണം. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കാർഷിക ബജറ്റ് അവതരിപ്പിക്കണം. കർഷക പ്രതിനിധികളെ ഉൾപ്പെടുത്തി കാർഷിക കമീഷൻ രൂപവത്കരിക്കണം. ഇത് നേടിയെടുക്കാൻ ജാതിമത ഭേദമന്യേ കർഷകർ ഒറ്റക്കെട്ടായി മുന്നോട്ടുവരണം. അവകാശങ്ങൾ നേടിയെടുക്കാനുള്ള പോരാട്ടങ്ങളോടൊപ്പം സ്വയംപര്യാപ്തത കൈവരിക്കാനുള്ള മാർഗങ്ങളും കർഷകർ ചിന്തിക്കണം. ഏകവിളയിൽനിന്ന് ബഹുവിള കൃഷിയിലേക്ക് മാറണം. ജൈവകൃഷിരീതി അവലംബിക്കണം. അടുക്കളത്തോട്ടങ്ങളിൽ വിഷരഹിത പച്ചക്കറി ഉൾപ്പെടെ ഉൽപാദിപ്പിച്ച് ഭക്ഷ്യസുരക്ഷയും ആരോഗ്യസുരക്ഷയും ഉറപ്പാക്കണം. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാൻ ഇടവകതോറും ഞായറാഴ്ചച്ചന്ത ആരംഭിക്കണം. പാഴാകുന്ന ചക്ക, കശുമാമ്പഴം തുടങ്ങിയവ മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റാനുളള സംരംഭങ്ങൾ തുടങ്ങണം. പശു, കോഴിവളർത്തൽ തുടങ്ങിയവയിലൂടെ അധികവരുമാനം ഉറപ്പാക്കണം. കേരളത്തിലുൾപ്പെടെ വീശിയടിച്ച ഓഖി ചുഴലിക്കാറ്റി​െൻറ ദുരന്തങ്ങൾ ഏറെ അനുഭവിച്ചത് മത്സ്യത്തൊഴിലാളികളാണ്. വീടുകൾ നഷ്ടപ്പെട്ടവരുടെ പുനരധിവാസം സർക്കാർ ഉറപ്പുവരുത്തണം. വള്ളവും വലയും ബോട്ടും നഷ്ടമായവർക്ക് പൂർണനഷ്ടപരിഹാരം ലഭ്യമാക്കണം. മത്സ്യത്തൊഴിലാളികളുടെ കടങ്ങൾ എഴുതിത്തള്ളണം. വൻ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മുന്നറിയിപ്പുകൾ യഥാസമയം നൽകണം. ന്യായമായ ഈ ആവശ്യങ്ങൾ അംഗീകരിക്കാൻ ജനകീയ സർക്കാറിന് ധാർമികബാധ്യതയുണ്ട്. മലയോര, തീരദേശ കർഷകസമൂഹം സംഘടിച്ചുനീങ്ങേണ്ടതും സഹകരിച്ച് പ്രവർത്തിക്കേണ്ടതും അടിയന്തരമാണെന്നും സർക്കുലർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.