കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും ജനങ്ങളെ ഭിന്നിപ്പിക്കുന്നു -കുമ്മനം കോട്ടയം: ജാതീയമായി ചേരിതിരിവ് സൃഷ്ടിച്ച് ജനങ്ങളെ ഭിന്നിപ്പിക്കുന്ന തരംതാണ പ്രവർത്തനമാണ് കേരളത്തിൽ കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും ചെയ്യുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. ബി.ജെ.പി സെൽ കൺവീനർമാരുടെ സംസ്ഥാന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടികളും വിഭാഗീയ-വിഘടന പ്രവർത്തനങ്ങളാണ് നടത്തുന്നത്. കേന്ദ്രാവിഷ്കൃത പദ്ധതികൾ നടപ്പാക്കാതെ കുറ്റം കേന്ദ്രസർക്കാറിൽ ചുമത്തി രക്ഷപ്പെടാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. എല്ലാത്തിെൻറയും ഉത്തരവാദി കേന്ദ്രസർക്കാറാണെന്ന് പറഞ്ഞുപരത്തി രാഷ്ട്രീയവിദ്വേഷം ഉണ്ടാക്കുകയാണ്. ഒാഖി ദുരന്തത്തിനുശേഷവും മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിച്ചിട്ടില്ല. ദുരന്തത്തെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പ് നൽകിയിട്ടും രക്ഷാമാർഗങ്ങൾ തേടാതിരുന്നതാണ് മരണസംഖ്യ ഉയരാൻ കാരണം. ലക്ഷദ്വീപിൽ കനത്ത നഷ്ടമുണ്ടാക്കിയെങ്കിലും ആരും മരിച്ചില്ല. കേരളത്തിൽ മനുഷ്യജീവനും ജീവിതോപാധിയും നഷ്ടമായത് സർക്കാറിെൻറ പിടിപ്പുകേടാണ്. മദ്യവ്യാപാരവും ലോട്ടറിക്കച്ചവടവും വിദേശ മലയാളികളുടെ സാമ്പത്തിക ഇടപാടുമാണ് കേരളത്തെ പിടിച്ചുനിർത്തുന്നത്. കുറ്റകൃത്യങ്ങൾ വർധിക്കുന്നതിലാണ് കേരളം പുരോഗതിപ്രാപിച്ചത്. പ്രകൃതിയുടെ അന്തകനായി സർക്കാർ മാറുകയാണ്. രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി സംസ്ഥാന സർക്കാർ കൈയേറ്റക്കാരെ പ്രോത്സാഹിപ്പിക്കുകയും കേന്ദ്ര സാമ്പത്തികനയങ്ങളെ പരാജയപ്പെടുത്താൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സെൽ സംസ്ഥാന കോഒാഡിനേറ്റർ കെ. രഞ്ജിത്ത് അധ്യക്ഷതവഹിച്ചു. സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി എം. ഗണേശ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി. രമേശ്, എ.എൻ. രാധാകൃഷ്ണൻ, ശോഭ സുരേന്ദ്രൻ, ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ. ഹരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.