സംസ്ഥാനത്തെ ആദ്യ ഓണ്‍ലൈന്‍ ഗ്രാമസഭയാവാൻ പെരുവന്താനം വാർഡ്

മുണ്ടക്കയം: പ്രവാസി മലയാളികള്‍ക്ക് സ്വന്തം വാര്‍ഡിലെ ഗ്രാമസഭയില്‍ ഓണ്‍ലൈനായി പങ്കെടുക്കാന്‍ അവസരമൊരുക്കി പെരുവന്താനം വാര്‍ഡ്. പ്രവാസികള്‍ക്ക് വോട്ടവകാശം മാത്രമല്ല ഇനി സ്വന്തം വാര്‍ഡിലെ വികസനകാര്യങ്ങളില്‍ കൂടി വിദേശത്തിരുന്ന് ചര്‍ച്ചചെയ്ത് പങ്കാളിയാകാനാണ് പെരുവന്താനം പഞ്ചായത്ത് സൗകര്യമൊരുക്കുന്നത്. സംസ്ഥാനത്തെ ആദ്യ ഓണ്‍ലൈന്‍ ഗ്രാമസഭയെന്ന അംഗീകാരത്തിലേക്കാണ് പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ ടൗണ്‍ വാര്‍ഡ് ശ്രദ്ധനേടുന്നത്. ടൗണ്‍ വാര്‍ഡില്‍ ഉദ്ദേശം അമ്പതോളം ആളുകള്‍ വിദേശത്താണ്. മിക്കവര്‍ക്കും നാട്ടിലെത്തുമ്പോള്‍ ഗ്രാമസഭയിലും മറ്റും പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ഗ്രാമസഭ എന്നത് പറഞ്ഞുകേട്ടുമാത്രം പരിചയമുള്ള ഇവര്‍ക്ക് ഇതില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കുകയാണിക്കുറി. പഞ്ചായത്ത്‌ മെംബര്‍ പി.വൈ. നിസാര്‍ ഇതിനായി നിരവധിയാളുകളുമായി നടത്തിയ ചര്‍ച്ചയാണ് ഓണ്‍ലൈന്‍ വിഡിയോ ചാറ്റിങ് എന്ന ആശയത്തിലേക്കെത്തിയത്. പഞ്ചായത്ത് ജീവനക്കാര്‍തന്നെ ഇതുസംബന്ധിച്ച് വിവിധതലങ്ങളില്‍ നടത്തിയ പ്രവർത്തനവും ഇത്തരമൊരു സംവിധാനം സാധ്യമാക്കി. ഞായറാഴ്ച ഉച്ചക്ക് രണ്ടിന് പെരുവന്താനം കമ്യൂണിറ്റി ഹാളിലാണ് മോഡല്‍ ഗ്രാമസഭയെന്ന പേരില്‍ ഓണ്‍ലൈന്‍ ഗ്രാമസഭയൊരുക്കിയിരിക്കുന്നത്. 2018-19 വര്‍ഷത്തെ പദ്ധതി രൂപവത്കരണ ഗ്രാമസഭയാണിത്. െപ്രാജക്ടറും എല്‍.സി.ഡിയും ഉപയോഗിച്ച് ഇൻറര്‍നെറ്റ് സംവിധാനത്തില്‍ നാട്ടിലെ ഗ്രാമസഭ കാണാനും അപ്പോള്‍തന്നെ അവരുടെ അഭിപ്രായങ്ങള്‍ പറയാനും അവസരം ലഭിക്കും. യു.എ.ഇ, സൗദി, കുവൈത്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലിരുന്ന് പ്രവാസികള്‍ ഗ്രാമസഭയില്‍ പങ്കെടുക്കും. ഇ.എസ്. ബിജിമോള്‍ എം.എൽ.എ ഗ്രാമസഭ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.