പട്ടയ വിതരണം കൂടുതൽ വേഗത്തിലാക്കും -മന്ത്രി ഇ. ചന്ദ്രശേഖരൻ ഇടുക്കി: ഇടത് സർക്കാർ അധികാരത്തിൽ വന്നശേഷം ഇടുക്കിയിൽ മാത്രം 15,000ൽപരം പേർക്ക് പട്ടയം നൽകിയെന്നും സംസ്ഥാനത്ത് അർഹർക്കെല്ലാം വേഗത്തിൽ പട്ടയം ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും മന്ത്രി ഇ. ചന്ദ്രശേഖരൻ. ഇരട്ടയാറ്റിൽ പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇൗ വർഷം ജൂണിലും ഡിസംബറിലും വിവിധ കേന്ദ്രങ്ങളിൽ പട്ടയമേള സംഘടിപ്പിക്കും. പത്തുചെയിൻ പ്രദേശത്ത് വൈദ്യുതി വകുപ്പിെൻറ അനുമതി ലഭിക്കുന്നതോടെ അവശേഷിക്കുന്നവർക്കും പട്ടയം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. പോരായ്മകൾ പലതും ഒഴിവാക്കിയ പട്ടയങ്ങളാണ് ഇപ്പോൾ നൽകുന്നത്. നേരത്തേയുള്ള വ്യവസ്ഥകൾ ഒഴിവാക്കി ഒരേക്കർ പരിധി മാറ്റി. ഒരു ലക്ഷം എന്ന വരുമാനപരിധിയും എടുത്തുകളഞ്ഞു. 1964ലെ ചട്ടപ്രകാരം നൽകുന്ന പട്ടയങ്ങൾ 25 വർഷം കഴിഞ്ഞേ കൈമാറ്റം ചെയ്യാവൂ എന്ന വ്യവസ്ഥയും ഒഴിവാക്കിയിട്ടുണ്ട്. കൈവശഭൂമിക്ക് ലഭിക്കുന്ന പട്ടയം യഥേഷ്ടം കൈമാറ്റം ചെയ്യാം. പുതിയ ഭൂമിക്ക് ലഭിക്കുന്ന പട്ടയങ്ങളിലെ കൈമാറ്റ പരിധി 25 വർഷം എന്നത് 12 വർഷമായി ചുരുക്കി. ചുരുങ്ങിയ കാലയളവിനുള്ളിൽ ഇത്രയും പട്ടയങ്ങൾ തയാറാക്കി വിതരണം ചെയ്യാൻ കഴിഞ്ഞത് റവന്യൂ ജീവനക്കാരുടെ കാര്യക്ഷമതയും കഠിനാധ്വാനവും കൊണ്ടാണെന്ന് പറഞ്ഞ മന്ത്രി അവരെ പ്രത്യേകം അഭിനന്ദിക്കുകയും െചയ്തു. മന്ത്രി എം.എം. മണി അധ്യക്ഷതവഹിച്ചു. ജോയിസ് ജോർജ് എം.പി, എം.എൽ.എമാരായ ഇ.എസ്. ബിജിമോൾ, റോഷി അഗസ്റ്റിൻ, ജില്ല കലക്ടർ ജി.ആർ. ഗോകുൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.