ജീവിതവഴിയിൽ ഏഴുവയസ്സുകാരന്​ താങ്ങായി ഇൗ സർക്കാർ ഡോക്​ടറും സംഘവും

തൊടുപുഴ: ഓടിക്കളിക്കേണ്ട പ്രായത്തിൽ മുട്ടിലിഴയേണ്ടിവന്ന നിർമലിന് തുണയായി ഇടുക്കി ജില്ല ആയുർവേദ ആശുപത്രി. വളർച്ചയുടെ ഘട്ടങ്ങൾക്ക് തടസ്സം നേരിട്ട്, കാഴ്ചയും കേൾവിയും പ്രതികരണശേഷിയും ഇല്ലാതായ കോട്ടയം മണിമല പുത്തുരേടത്ത് സജി--മഞ്ജു ദമ്പതികളുടെ മകൻ നിർമലാണ് സാധാരണജീവിതം വീണ്ടെടുക്കാൻ പോരാടുന്നത്. നേരിയ ചലനം മാത്രം പ്രകടമാക്കി ഇതുവരെ ജീവിച്ച ഈ ഏഴുവയസ്സുകാരൻ ഇന്ന് അച്ഛനെയും അമ്മയെയും ഉറക്കെ വിളിക്കും. പക്ഷികളെയും നിറങ്ങളെയും തിരിച്ചറിയും. എല്ലാവരോടും പരിചയഭാവത്തിൽ പുഞ്ചിരിക്കും. ഓടിനടക്കാനും പടികൾ കയറാനും നിർമലിന് പരസഹായം വേണ്ട. ജില്ല ആയുർവേദ ആശുപത്രിയിലെ ചികിത്സയാണ് നിർമലിനെ സാധാരണ ജീവിതത്തിലേക്ക് പിച്ചവെപ്പിച്ചത്. ജനനസമയത്ത് ശസ്ത്രക്രിയയിലുണ്ടായ നേരിയ പിഴവിൽ ശരീരത്തി​െൻറ സ്വാഭാവിക വളർച്ച തടസ്സപ്പെടുകയായിരുന്നു. ഇതോടെ ഗ്ലോബൽ ഡെവലപ്‌മ​െൻറ് ഡിലേ എന്ന അവസ്ഥയിലാണ് ശൈശവത്തിലും ബാല്യത്തി​െൻറ പകുതിവരെയും നിർമൽ തുടരേണ്ടിവന്നത്. രണ്ടരമാസം പ്രായമുള്ളപ്പോൾ കാഴ്ചശക്തി സാരമായി കുറഞ്ഞു. ഏഴുമാസം പ്രായമുള്ളപ്പോൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പരിശോധനയിലാണ് തലച്ചോറിന് സംഭവിച്ച ന്യൂനത വ്യക്തമായത്. നിരവധി സ്വകാര്യ ആശുപത്രികളെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. അപസ്മാരവും വേട്ടയാടി. നാലരവയസുള്ളപ്പോഴാണ് ജില്ല ആയുർവേദ ആശുപത്രിയിൽ ചികിത്സതേടുന്നത്. ധാര, ശിരോധാര, ഞവരക്കിഴി, വസ്തി എന്നിവയും സ്പീച്ച് തെറപ്പി, ഫിസിയോതെറപ്പി എന്നിവയുമാണ് ഇവിടെ ലഭ്യമാക്കിയത്. ചികിത്സ പുരോഗമിച്ചതോടെ അപസ്മാരത്തിന് ശമനമായി. രണ്ടരവർഷത്തെ ആയുർവേദ ചികിത്സയിലൂടെ അതിശയകരമായ മാറ്റങ്ങളാണ് നിർമലി​െൻറ ശരീരത്തിലും ബുദ്ധിപരമായ വളർച്ചയിലും പ്രകടമായത്. സാധാരണ ജീവിതത്തിലേക്കെത്താൻ ഇനി അധികം നാൾ വേണ്ടിവരില്ലെന്ന് ചികിത്സക്ക് നേതൃത്വം നൽകുന്ന പഞ്ചകർമ സ്‌പെഷലിസ്റ്റ് ഡോ. സതീഷ് വാര്യർ പറഞ്ഞു. സ്വകാര്യ ആശുപത്രികൾക്ക് പോലും എളുപ്പം സാധിക്കാനാകാത്ത നേട്ടമാണ് പരിമിതികൾക്കുള്ളിൽ നിന്ന് ജില്ല ആയുർവേദ ആശുപത്രിയിലെ ഡോക്ടർമാർ കൈവരിച്ചത്. നിർമലി​െൻറ സമാന അവസ്ഥയിൽ ഏഴ് കുട്ടികൾ ഇവിടെയുണ്ട്. പ്രത്യേക പരിഗണന അർഹിക്കുന്ന ഇവർക്കായി പ്രത്യേകം വാർഡ് അടിയന്തര ആവശ്യമായി ഉന്നയിക്കുന്നുണ്ടെങ്കിലും അനുവദിച്ചില്ല. നിലവിൽ വനിതകളുടെ വാർഡിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. ഫിസിയോതെറപ്പിസ്റ്റ് സുമേഷ് കുമാർ, സ്പീച്ച് തെറപ്പിസ്റ്റ് ഗ്രീന കുര്യാക്കോസ്, തെറപ്പിസ്റ്റ് അനുരാജ് എന്നിവരും ചികിത്സയുമായി നിർമലിനൊപ്പമുണ്ട്. അടുത്തഘട്ട ചികിത്സയോടെ കുട്ടിയെ സ്‌പെഷൽ സ്‌കൂളിൽ ചേർക്കാനാകുമെന്ന് ഡോക്ടർമാർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.