വനമേഖലയിൽനിന്ന് തടി കടത്ത്; അന്വേഷണം ഉദ്യോഗസ്ഥരിലേക്കും

അടിമാലി: വനമേഖലയിൽനിന്ന് വെട്ടിക്കടത്താൻ ശ്രമിച്ച തടി പിടികൂടിയ സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ഉൗർജിതമാക്കി. പ്രതികൾക്കായി വനംവകുപ്പ് തിരച്ചിൽ തുടങ്ങി. തടിവെട്ടിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിറ്റവരെയും വാങ്ങിയവരെയും തൊഴിലാളികളെയും അറസ്റ്റ് ചെയ്തേക്കും. നേര്യമംഗലം റേഞ്ചിൽ ഇരുമ്പുപാലത്തുനിന്നാണ് കോതമംഗലം ഫ്ലൈയിങ് സ്ക്വാഡ് ഡി.എഫ്.ഒ സാബി വർഗീസി​െൻറ നേതൃത്വത്തിൽ വൻ തടിശേഖരം പിടികൂടിയത്. ഞായറാഴ്ച വാളറ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ദിലീപ്ഖാ​െൻറ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് അന്വേഷണം ആരംഭിച്ചത്. പഴമ്പിള്ളിച്ചാൽ, പരിശക്കല്ല് മേഖലയിൽനിന്ന് വെട്ടിയ തടികളാണ് ഇവയെന്ന് കണ്ടെത്തിയതിനെ തുടർന്ന് വെട്ടിയ തടിയുടെ കുറ്റി കണ്ടെത്തുന്നതിനുള്ള പരിശോധന ഞായറാഴ്ച തുടങ്ങി. കൈവശഭൂമിയിൽ നിൽക്കുന്ന മരങ്ങളാണെങ്കിൽ ഭൂവുടമകൾക്കെതിരെ വനംവകുപ്പ് കേസ് എടുക്കും. വനഭൂമിയിൽനിന്ന് ഇവ പട്ടയഭൂമിയിലേക്ക് കൊണ്ടുവന്ന വാഹനങ്ങൾ കണ്ടെത്തുന്നതിനും നേരേത്ത തലക്കോട് ചെക്പോസ്റ്റ് വഴി കടത്തിയ 12 ലോഡ് തടികളും കണ്ടെത്തുന്നതിനും എറണാകുളം, കോട്ടയം, തൃശൂർ ജില്ലകളിലെ തടിമില്ലുകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. കോതമംഗലം ഫ്ലൈയിങ് സ്ക്വാഡ് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ഷംസുദ്ദീ​െൻറ നേതൃത്വത്തിലാണ് തടിമില്ലുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം. ഇതിനിടെ കേസ് ഒതുക്കിത്തീർക്കാൻ തടി മാഫിയ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതുവരെയുള്ള അന്വേഷണത്തിൽ 50ലേറെ മരങ്ങൾ വെട്ടിയതായി തെളിഞ്ഞു. വരുംദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന് ഡി.എഫ്.ഒ സാബി വർഗീസ്, നേര്യമംഗലം റേഞ്ച് ഓഫിസർ അരുൺ കെ. നായർ എന്നിവർ അറിയിച്ചു. വനംവകുപ്പ് ജീവനക്കാരുടെ ഒത്താശയില്ലാതെ ഇത്രയും തടി വെട്ടുക അസാധ്യമാണെന്ന് ഡി.എഫ്.ഒ 'മാധ്യമ'ത്തോട് പറഞ്ഞു. റോഡുവക്കിൽ കൊണ്ടുവന്നിട്ട ശേഷമാണ് ഈ തടികൾ തൊലിയും വെള്ളയും ചെത്തിമാറ്റി കാതൽ മാത്രമാക്കി മാറ്റിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.