പ്രഹസന റബർ ചർച്ചകളല്ല; തറവിലയും സംഭരണവുമാണ് വേണ്ടത് ^ഇൻഫാം

പ്രഹസന റബർ ചർച്ചകളല്ല; തറവിലയും സംഭരണവുമാണ് വേണ്ടത് -ഇൻഫാം കോട്ടയം: റബർ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനെന്ന പേരിൽ നിരന്തരം വിളിക്കുന്ന ചർച്ചാസമ്മേളനങ്ങൾ പ്രഹസനങ്ങളാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ വി.സി. സെബാസ്റ്റ്യൻ. ഇതറിയാവുന്നതിനാലാണ് പ്രമുഖ കർഷക സംഘടനകളും കർഷകനേതാക്കളും റബർ ബോർഡ് വിളിച്ച സമ്മേളനത്തിൽ പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഏഴുവർഷത്തിലേറെയായുള്ള വിലത്തകർച്ചയിൽ ഒരു നടപടിയുമെടുക്കാതെ വീണ്ടും ചർച്ചകൾ നടത്തി കേന്ദ്രസർക്കാർ കർഷകരെ വിഡ്ഢികളാക്കുകയാണ്. റബറി​െൻറ ഉൽപാദനച്ചെലവ് കണക്കാക്കി അടിസ്ഥാനവില നിശ്ചയിച്ച് സർക്കാർ നേരിട്ട് റബർ സംഭരിക്കുകയാണ് വേണ്ടത്. വാണിജ്യമന്ത്രാലയം പ്രഖ്യാപിക്കുന്ന റബർനയം കർഷകരെയോ റബർ കൃഷിയെയോ സംരക്ഷിക്കില്ല. റബർനയം പ്രഖ്യാപിച്ചതുകൊണ്ട് ആഭ്യന്തര വിപണിയിൽ റബർവില ഉയരുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. സംസ്ഥാന സർക്കാറും രാഷ്ട്രീയ നേതൃത്വങ്ങളും കർഷക സംഘടനകളും റബർ കർഷകർ നേരിടുന്ന വിലത്തകർച്ചയും ഉൾപ്പെടെ വിഷയങ്ങൾ പ്രധാനമന്ത്രിയെ പലതവണ ധരിപ്പിച്ചതാണ്. കേന്ദ്ര വാണിജ്യമന്ത്രിയായിരുന്ന നിർമല സീതാരാമനുമായി ഇൻഫാം പലതവണ കൂടിക്കാഴ്ച നടത്തി. വാണിജ്യമന്ത്രി സുരേഷ് പ്രഭു, കേന്ദ്രകൃഷി മന്ത്രി, കേരളം സന്ദർശിച്ച കേന്ദ്രമന്ത്രിമാർ എന്നിവരുമായും റബർ പ്രശ്നങ്ങൾ പങ്കുെവച്ചതാണ്. പാർലമ​െൻറി​െൻറ ഇരുസഭയിലും എം.പിമാർ നിരവധി പ്രാവശ്യം റബർ പ്രശ്നങ്ങൾ അവതരിപ്പിച്ചു. എന്നിട്ടും പ്രശ്നങ്ങൾ പഠിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നവരുടെ ഉദ്ദേശ്യശുദ്ധി വിശ്വസനീയമല്ലെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.