കേഴമാനെ വേട്ടയാടിയ കേസിൽ മൂന്നുപേർ അറസ്​റ്റിൽ; ഒരാൾ ഒളിവിൽ

കുമളി: പെരിയാർ കടുവ സങ്കേതത്തിൽനിന്ന് കേഴമാനെ വേട്ടയാടിയ സംഘത്തിലെ മൂന്നുപേരെ വനപാലകർ അറസ്റ്റ് ചെയ്തു. ചോദ്യംചെയ്യലിനുശേഷം വിട്ടയച്ച മറ്റൊരു പ്രതി ഒളിവിൽ പോയി. കുമളി അറുപത്തിരണ്ടാം മൈൽ മുല്ലയാറിന് സമീപം സ്വകാര്യവ്യക്തിയുടെ റിസോർട്ട് കേന്ദ്രീകരിച്ചാണ് മൃഗവേട്ട നടന്നത്. തോട്ടമുടമ പാലാ പ്രവിത്താനം ഒഴിഞ്ഞാലയിൽ ജന്നി ജോസഫ് (47), തോട്ടം സൂപ്പർവൈസർ കുമളി അമരാവതി സ്വദേശി ബിനോയി എന്ന മാത്യു (48), സഹോദരൻ ഇഞ്ചപ്പാറക്കൽ തോമസ് (45) എന്നിവരാണ് അറസ്റ്റിലായത്. കുമളി ഒന്നാം മൈൽ സ്വദേശിയും ഫോട്ടോഗ്രാഫറുമായ ടോമി െസബാസ്റ്റ്യനാണ് ഒളിവിൽ പോയത്. പിടിയിലായ ഇയാളെ ചോദ്യംചെയ്തശേഷം ബുധനാഴ്ച രാവിലെ ഹാജരാകണമെന്ന് നിർദേശം നൽകി വിട്ടയക്കുകയായിരുന്നു. പിന്നീടാണ് കേഴമാനി​െൻറ ഇറച്ചി പാകംചെയ്ത് കഴിച്ചതിൽ ടോമിയും പങ്കാളിയാണെന്ന് വ്യക്തമായത്. എന്നാൽ, ഇയാൾ ഒളിവിൽ പോയി. പിടികൂടാൻ കർശനനിർദേശം നൽകിയതായി കടുവ സങ്കേതം െഡപ്യൂട്ടി ഡയറക്ടർ ശിൽപ വി. കുമാർ പറഞ്ഞു. തേക്കടി റേഞ്ച് ഓഫിസർ അനുരാജി​െൻറ നിർദേശപ്രകാരം വനമേഖലയുടെ അതിർത്തിയിൽ ഡോഗ് സ്ക്വാഡ് ചൊവ്വാഴ്ച പരിശോധിച്ചിരുന്നു. ഡോഗ് സ്ക്വാഡിലെ ജൂലിയാണ് കേഴമാനി​െൻറ ഇറച്ചി ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ട്രെയിനർ ശേഖർ, വാച്ചർമാരായ രാജു, സനീഷ് എന്നിവർ ചേർന്നാണ് മൃഗവേട്ടക്കുപയോഗിക്കുന്ന കുരുക്ക് കണ്ടത്തിയത്. കുരുക്കി​െൻറ മണം പിടിച്ച ജൂലി തോട്ടത്തിന് നടുവിലെ നിർമാണം നടക്കുന്ന റിസോർട്ടിലെത്തി. എന്നാൽ, വനപാലകരെ കണ്ടതോടെ ഫ്രീസറിൽ സൂക്ഷിച്ച അഞ്ചു കിലോയോളം ഇറച്ചി വിറകുകെട്ടുകൾക്കിടയിൽ ഒളിപ്പിച്ചു. ഇറച്ചി ഒളിപ്പിച്ച ജീവനക്കാര​െൻറ കൈയുടെ മണം പിടിച്ചാണ് കേഴമാനി​െൻറ മാംസം ജൂലി കണ്ടെത്തിയത്. മാംസത്തിനുപുറെമ ആയുധങ്ങളും പാകംചെയ്യാൻ ഉപയോഗിച്ച പാത്രങ്ങളും കണ്ടെടുത്തു. ഇതിനിടെ, ചോദ്യംചെയ്യാൻ വിളിച്ചുവരുത്തിയശേഷം പ്രതിയെ വിട്ടയച്ചതിനുപിന്നിൽ ചില വനപാലകർക്ക് പങ്കുണ്ടെന്ന് ആക്ഷേപം ഉയർന്നു. തേക്കടി റേഞ്ചിൽ പിടികൂടിയ കേസ് പിന്നീട് കുമളി ലോക്കൽ റേഞ്ചിന് കൈമാറിയതോടെ കേസൊതുക്കാൻ വിലപേശൽ ചിലർ നടത്തുന്നതായും പരാതി ഉയർന്നിട്ടുണ്ട്. അറസ്റ്റിലായ പ്രതികളുമായി റേഞ്ച് ഓഫിസർ പ്രിയ ടി. ജോസഫി​െൻറ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.