പ്രതി വിഴുങ്ങിയ തൊണ്ടിമുതൽ വയറുകഴുകി പുറത്തെടുത്തു

കൊച്ചി: മോഷണക്കേസിൽ പിടിയിലായയാൾ വിഴുങ്ങിയ തൊണ്ടിമുതൽ പൊലീസ് വയറുകഴുകി പുറത്തെടുത്തു. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. എറണാകുളം ലിസി ആശുപത്രിക്ക് സമീപം കോൺവൻറിൽനിന്ന് മൊബൈൽ ഫോണും ലിസി മെട്രോ സ്റ്റേഷന് സമീപത്തെ ധനകാര്യ സ്ഥാപനത്തിലെ തൊഴിലാളിയുടെ ബാഗിൽനിന്ന് 4000 രൂപയും അര പവ​െൻറ മോതിരവും കവർന്ന കേസിൽ കോഴിക്കോട് ഫറോക്ക് സ്വദേശി മനോജ് കുമാറിനെ (50) ചൊവ്വാഴ്ച നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ധനകാര്യ സ്ഥാപനത്തിലെ സി.സി ടി.വി ദൃശ്യങ്ങളാണ് ഇയാളെ കുടുക്കിയത്. പണവും മോതിരവും എടുത്ത് ബാഗ് വലിച്ചെറിയുന്നതാണ് ദൃശ്യത്തിലുണ്ടായിരുന്നത്. മൊബൈൽ ഫോൺ മേനകയിലെ കടയിൽ വിറ്റു. പിടികൂടാനെത്തിയ പൊലീസിനെ കണ്ട് ഇയാൾ മോതിരം വിഴുങ്ങുകയായിരുന്നു. ജനറൽ ആശുപത്രിയിലെത്തിച്ച് എക്സ്റേ എടുത്തപ്പോൾ മോതിരം വയറ്റിലുണ്ടെന്ന് കണ്ടെത്തി. ഇയാെള അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ച പൊലീസ് മോതിരം പുറത്തെത്തിക്കാനുള്ള പരിശ്രമത്തിലായിരുന്നു. വയർ നിറയെ പഴവും വെള്ളവും നൽകി തൊണ്ടിമുതൽ പുറത്തുവരാൻ ചൊവ്വാഴ്ച മുഴുവൻ കാത്തിരുന്നിട്ടും ഫലമുണ്ടാകാതിരുന്നതിനെ തുടർന്നാണ് ബുധനാഴ്ച വയറുകഴുകി മോതിരം പുറത്തെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നോർത്ത് സി.െഎ കെ.ജെ. പീറ്റർ, എസ്.െഎ. വിബിൻ ദാസ്, എസ്.സി.പി.ഒമാരായ ശ്രീകുമാർ, ഗിരീഷ് ബാബു, വിനോദ് തുടങ്ങിയവർ ചേർന്നാണ് പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.