സർക്കാറിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കും -റസൽ ജോയി

കോട്ടയം: മുല്ലപ്പെരിയാർ ഡാം സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രത്യേക ദുരന്തനിവാരണ സമിതി രൂപവത്കരിക്കണമെന്ന സുപ്രീംകോടതി വിധി സർക്കാർ അവഗണിക്കുകയാണെന്ന് സേവ് കേരള പ്രസിഡൻറ് അഡ്വ. റസൽ ജോയി. ഇതിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. രാജ്യാന്തര വിദഗ്ധർ ഉൾപ്പെടുന്ന സമിതിയെക്കൊണ്ട് പരിശോധന നടത്തി മുല്ലപ്പെരിയാർ ഡാം ഡീ കമീഷൻ തീയതി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് താൻ കോടതിയെ സമീപിച്ചപ്പോഴായിരുന്നു വിദഗ്ധസമിതി രൂപവത്കരിക്കാൻ സുപ്രീംകോടതി നിർദേശം നൽകിയത്. കേരളവും തമിഴ്നാടും കേന്ദ്രസർക്കാറും വെവ്വേറെ ദുരന്തനിവാരണ സമിതി രൂപവത്കരിക്കണമെന്നും ഇവ കൂട്ടായി പ്രവർത്തിക്കണമെന്നുമായിരുന്നു നിർദേശം. എന്നാൽ, ഇക്കാര്യം സംസ്ഥാനം പൊതുജനങ്ങളെ അറിയിക്കുകയോ തുടർനടപടി സ്വീകരിക്കുകയോ ചെയ്തില്ല. സംസ്ഥാനത്തെ ഡാമുകളുടെ നിയന്ത്രണം കെ.എസ്.ഇ.ബിയുടെ നിയന്ത്രണത്തിൽനിന്ന് മാറ്റി ഒരുസ്വതന്ത്ര ഭരണസംവിധാനത്തിനുകീഴിൽ വരണം. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുകയാണ് ഉത്തമം. മുല്ലപ്പെരിയാർ കേസ് തമിഴ്നാടിന് എതിരല്ല. സംസ്ഥാനത്തെ ഡാമുകളുടെ എണ്ണം സംബന്ധിച്ച് സർക്കാറിനുപോലും വ്യക്തതയില്ല. സംസ്ഥാനത്തെ ഡാമുകളുടെ അവസ്ഥ കൃത്യമായി അറിയാൻ ഇലക്േട്രാണിക് മോണിറ്ററിങ് സിസ്റ്റമോ സെൻസിങ് സിസ്റ്റമോ സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രളയസമയത്ത് മുല്ലപ്പെരിയാറിലെ വെള്ളം താഴ്ത്തിനിർത്തുന്നതിന് കോടതിയെ സമീപിച്ചത് റസലായിരുന്നു. വാർത്തസമ്മേളനത്തിൽ കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡൻറ് പി.പി. ജോസഫ്, കെവിൻ ജയിംസ് എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.