ചെറുതോണി: ഇടുക്കി ഡാം തുറന്നതിനെ തുടർന്ന് മുടങ്ങിയ തൊടുപുഴ-കട്ടപ്പന റൂട്ടിലെ സർവിസ് 18 ദിവസത്തിനുശേഷം കെ.എസ്.ആർ.ടി.സി പുനരാരംഭിച്ചു. തൊടുപുഴയില്‍നിന്ന് ചെറുതോണി വഴി കട്ടപ്പനക്കുണ്ടായിരുന്ന സർവിസുകളാണ് ചൊവ്വാഴ്ച ഭാഗികമായി തുടങ്ങിയത്. ചെറുതോണി പാലം ഗതാഗതയോഗ്യമാകാത്തതിനാൽ ടൗണിലെത്തി അവിടെനിന്ന് ഇടുക്കി ഡാം ടോപ് വഴിയാണ് കട്ടപ്പനക്ക് ബസുകൾ പോകുക. രാവിലെ 7.05, 8.05, 9.40, 1.40 എന്നീ സമയങ്ങളിലാണ് സര്‍വിസ്. കുളമാവുവരെ തൊടുപുഴയില്‍നിന്ന് ഓരോ മണിക്കൂര്‍ ഇടവിട്ട് ഇപ്പോൾ സര്‍വിസുണ്ട്. ഈരാറ്റുപേട്ടയില്‍നിന്ന് കട്ടപ്പനക്ക് ഓരോ മണിക്കൂര്‍ ഇടവിട്ടും സര്‍വിസ് ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ ഡാം ടോപ്പിലൂടെ ട്രയൽ റണ്ണിനുശേഷമാണ് ബസുകൾ കടത്തിവിട്ടു തുടങ്ങിയത്. എന്നാൽ, ചെറുതോണി പാലത്തിലൂടെ ബസ് സർവിസ് തുടങ്ങാൻ ഒരുമാസമെങ്കിലും എടുക്കുന്ന സ്ഥിതിയാണ്. കാൽനടക്കാർക്കും ചെറുവണ്ടികൾക്കും മാത്രം പോകാൻ കഴിയുന്ന തരത്തിൽ പാലം താൽക്കാലികമായി നന്നാക്കുന്ന ജോലിയാണ് നടക്കുന്നത്. പാലം തകർന്നതോടെ പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാതെ ഒറ്റപ്പെട്ടുപോയ ഗാന്ധിനഗർ കോളനിയിലെ ജനങ്ങൾക്ക് ചെറുതോണി ടൗണുമായി ബന്ധപ്പെടാനുള്ള ഏകവഴിയെന്ന നിലയിലാണ് മുൻഗണന നൽകി പാലം നന്നാക്കുന്നത്. ഇടുക്കി ഡാം നിർമാണകാലത്ത് കനേഡിയൻ എൻജിനീയർമാർ നിർമിച്ചതാണ് ചെറുതോണി പാലം. 40 ടൺ ഭാരമുള്ള വാഹനങ്ങൾ കയറ്റാൻ ശേഷിയുള്ളതാണ് പാലം. ഡാം തുറന്ന് അതിശക്തമായ കുത്തൊഴുക്ക് ഉണ്ടായിട്ടും പാലം തകർന്നില്ല. എന്നാൽ, അേപ്രാച്ച് റോഡ് തകർന്നതാണ് കുഴപ്പമായത്. യുദ്ധകാലാടിസ്ഥാനത്തിൽ നിർമാണം നടത്തിയാൽ ഒരുമാസംകൊണ്ട് യാത്രാസൗകര്യമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.