വയ്​ക്കോൽ ക്ഷാമം; തെലങ്കാനയിൽനിന്ന്​ 10 ലോഡ്​ എത്തിച്ചു

കോട്ടയം: പ്രളയദുരിതത്തിന് പിന്നാലെ ക്ഷീരകർഷകർക്ക് തിരിച്ചടിയായി വയ്ക്കോൽ ക്ഷാമം. വെള്ളം നാശംവിതച്ച മേഖലകളിൽ കടുത്ത പ്രതിസന്ധിയിലാണ് കർഷകർ. നേരേത്ത സംസ്ഥാനത്തേക്ക് പാലക്കാട്ടുനിന്നായിരുന്നു വയ്ക്കോൽ എത്തിച്ചിരുന്നത്. വെള്ളത്തിൽ മുങ്ങിയതോടെ പാലക്കാട്ടും വയ്ക്കോൽ കിട്ടാനില്ല. സംസ്ഥാനത്തെ മിക്ക പാടശേഖരങ്ങളിലും വെള്ളം നിറഞ്ഞു. പറമ്പുകളിലും വെള്ളം കയറിയതിനാൽ പുല്ലുകളും ചളിയിലാണ്. ഇതോടെ കന്നുകാലികൾക്ക് പുല്ല് കണ്ടെത്താൻ കഴിയാതെ വലയുകയാണ് കർഷകർ. ക്യാമ്പുകളിൽ കഴിയുന്നവരുടെ വളർത്തുമൃഗങ്ങളെ റോഡരികിലും മറ്റും കെട്ടിയിരിക്കുകയാണ്. ഇത്തരം കന്നുകാലികളാണ് ദുരിതത്തിലായത്. പ്രളയം തകർത്തെറിഞ്ഞ ജില്ലകളിൽ വയ്േക്കാലിന് കടുത്തക്ഷാമമായതോടെ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഇടപെട്ട് തെലങ്കാനയിൽനിന്ന് 10 ലോഡ് വയ്ക്കോൽ എത്തിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിലായി കേരളത്തിലെത്തിച്ച ഇവ കോട്ടയം, വയനാട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലേക്ക് കൊണ്ടുപോയി. അതത് ജില്ല മൃഗസംരക്ഷണ ഉദ്യോഗസ്ഥർ ഇത് കർഷകർക്ക് കൈമാറും. ഒാരോ ലോറിയിലും 12-15 മെട്രിക്ടൺവരെയാണുള്ളത്. ഇത് സംസ്ഥാനത്തേക്ക് സൗജന്യമായാണ് എത്തിക്കുന്നതെങ്കിലും കേന്ദ്രമൃഗ സംരക്ഷണവകുപ്പ് വില തെലങ്കാനയിലെ കർഷകസംഘങ്ങൾക്ക് നൽകും. കൂടുതൽ വയ്ക്കോൽ എത്തിക്കാൻ ശ്രമിക്കുകയാണെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു. കേന്ദ്രമൃഗസംരക്ഷണ വകുപ്പ് വഴി മറ്റ് സംസ്ഥാനങ്ങളെയും സമീപിച്ചിട്ടുണ്ടെന്ന് ഇവർ അറിയിച്ചു. ക്ഷീരവികസനവകുപ്പും വയ്ക്കോൽ എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. ജില്ലതലത്തിലാണ് ഇതി​െൻറ നടപടികൾ. തമിഴ്നാട്ടിൽനിന്ന് കോട്ടയം അടക്കമുള്ള ജില്ലകളിലേക്ക് കഴിഞ്ഞ ദിവസങ്ങളിൽ കച്ചിക്കെട്ടുകൾ എത്തിച്ചു. കേരളത്തിലെ ക്ഷാമം മുതലെടുത്ത് തമിഴ്നാട് വില ഉയർത്തിയിട്ടുമുണ്ട്. നേരത്തേ ഒരുെകട്ടിന് 260 രൂപയായിരുന്നത് ഇപ്പോൾ 300 മുതൽ 320 രൂപവരെയാണ് വാങ്ങുന്നത്. കാലിത്തീറ്റയും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തിക്കുന്നുണ്ട്. എന്നാൽ, ഇതിനു ക്ഷാമമായി തുടങ്ങിയിട്ടില്ല. അഞ്ചുലക്ഷത്തോളം പശുക്കളെ പ്രളയം ബാധിച്ചതായാണ് വകുപ്പി​െൻറ കണക്ക്. പ്രളയത്തിൽ ആയിരക്കണക്കിന് പശുക്കളാണ് ഒഴുകിപ്പോയത്. ഭൂരിഭാഗം തൊഴുത്തുകളും നശിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.