* അറയാഞ്ഞിലിമണ്ണിലേക്ക് ചങ്ങാടത്തിൽ സഹായം എരുമേലി: മൂക്കൻപെട്ടി പാലത്തിൽ വെള്ളമിറങ്ങിയതോടെ ഒറ്റപ്പെട്ടുപോയ എയ്ഞ്ചൽവാലി, മൂലക്കയം പ്രദേശങ്ങളിലേക്ക് ഗതാഗതം പുനഃരാരംഭിച്ചു. എന്നാൽ, എയ്ഞ്ചൽവാലി-തുലാപ്പാള്ളി റോഡ് മീറ്ററുകളോളം ഒലിച്ചുപോയതിനാൽ എയ്ഞ്ചൽവാലി കോസ്വേയിൽ വെള്ളമിറങ്ങിയാലും ഗതാഗതം സാധ്യമല്ല. മഴ ശമിച്ച് പമ്പയാറ്റിലെ ജലനിരപ്പ് കുറഞ്ഞിട്ടും ഇപ്പോഴും അറയാഞ്ഞിലിമണ്ണ് ഒറ്റപ്പെട്ടുതന്നെ. ഇതോടെ മുളകൊണ്ടുണ്ടാക്കിയ ചങ്ങാടത്തിൽ സഹായം എത്തിച്ചു. അത്യാവശ്യ ഘട്ടങ്ങളിൽ പ്രദേശവാസികൾക്ക് മറുകരയെത്താനും സാധിക്കും. മുളകൾ കൂട്ടിക്കെട്ടി ഉണ്ടാക്കിയ ചങ്ങാടം ആറിന് കുറുകെകെട്ടിയ കയറിൽ ഉറപ്പിച്ചു നിർത്തിയാണ് നിയന്ത്രിക്കുന്നത്. ഇടകത്തി-അറയാഞ്ഞിലിമണ്ണിനെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം വെള്ളം മൂടിയിരിക്കുകയാണ്. ഇവിടെ ഉണ്ടായിരുന്ന തൂക്കുപാലവും ഒലിച്ചുപോയി. ഒരുവശം വനവും മറുവശം പുഴയുമായ അറയാഞ്ഞിലിമണ്ണ് തീർത്തും ഒറ്റപ്പെട്ടു. ഇതോടെ ഹെലികോപ്ടറിൽ സഹായം എത്തിക്കുകയായിരുന്നു. പിന്നീട് ആറിന് കുറുെക വടം കെട്ടി ഇതിലൂടെ അവശ്യസാധനങ്ങൾ മറുകരയിൽ എത്തിക്കുകയായിരുന്നു. മഴക്കെടുതിയിൽ എയ്ഞ്ചൽവാലി, മൂലക്കയം പ്രദേശങ്ങളിൽ വൻ നാശമാണ് ഉണ്ടായിരിക്കുന്നത്. വെള്ളം താഴ്ന്നതോടെ 200ഓളം സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ വീടുകൾ വാസയോഗ്യമാക്കാൻ ശ്രമിക്കുകയാണ്. മൂക്കൻപെട്ടി, അഴുതമുന്നി, മൂലക്കയം, ഇടകടത്തി എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.