ചിന്നാർപ്പുഴയുടെ അക്കരെ മൂന്ന് ദിവസമായി ഒറ്റപ്പെട്ട്​ 100 കുടുംബം

കട്ടപ്പന: ചെമ്പകപ്പാറ, പെരിഞ്ചാംകുട്ടി പ്രദേശങ്ങളിൽ വൈദ്യുതിയും ഭക്ഷണവുമില്ലാതെ കുടുംബങ്ങൾ ദുരിതത്തിൽ. കല്ലാർ, ഇരട്ടയാർ ഡാമുകൾ തുറന്നതോടൊപ്പം ഈ മേഖലയിൽ ഉരുൾപൊട്ടലുണ്ടാവുകയും ചെയ്തതാണ് പ്രദേശം ഒറ്റപ്പെടാനിടയാക്കിയത്. ഡാമുകൾ തുറന്നതോടെ ചിന്നാർപ്പുഴ കരകവിഞ്ഞൊഴുകുകയാണ്. പുഴയുടെ തീരത്തെ പല വീടുകളും വെള്ളത്തിലാണ്. നിരവധി വീടുകൾ അപകടത്തിലായി. പണിക്കൻകുടി മലകളിൽനിന്നും തോപ്രാംകുടി മലകളിൽനിന്നും ശക്തമായ ഉരുൾപൊട്ടലാണ് ഉണ്ടായത്. നാലുദിവസമായി ശക്തമായി മഴ തുടരുകയാണ്. ആളപായം സംഭവിച്ചിട്ടില്ലെങ്കിലും സ്ത്രീകളും കുട്ടികളും ഭയന്നാണ് കഴിയുന്നത്. കട്ടപ്പന, മുരിക്കാശ്ശേരി, നെടുങ്കണ്ടം ഭാഗത്തേക്ക് പോകാൻ പറ്റാത്ത രീതിയിൽ റോഡുകളിൽ വെള്ളവും ചളിയും നിറഞ്ഞു. വാർത്തവിനിമയ സംവിധാനങ്ങൾ പൂർണമായി അറ്റു. കുറെ പേർ മുരിക്കാശ്ശേരി പാവനാത്മ കോളജിൽ അഭയം പ്രാപിച്ചിട്ടുണ്ട്. മലമുകളിൽ സുരക്ഷിതമെന്ന് തോന്നുന്ന വീടുകളിലേക്ക് മറ്റുള്ള കുടുംബങ്ങൾ ഒരുമിച്ച് കൂടിയിട്ടുണ്ട്. ചിന്നാപുഴയുടെ അക്കരെ നൂറോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ടിരിക്കുന്നത്. പെരിഞ്ചാംകുട്ടി ആദിവാസിക്കുടിയും ഒറ്റപ്പെട്ടു. ഇവിടെ അതിഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗിയായ ഭാസ്കരന് ചികിത്സ ലഭ്യമാക്കാനായിട്ടില്ല. അടിയന്തരമായി ദുരിതാശ്വാസ പ്രവർത്തകർ മേഖലയിൽ എത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സഹായമെത്തിച്ചു തൊടുപുഴ: ലയണ്‍സ്‌ ക്ലബ് ഓഫ്‌ തൊടുപുഴ ടൗണ്‍ സമാഹരിച്ച ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള സാധനങ്ങള്‍ വെള്ളിയാമറ്റം വില്ലേജ്‌ ഓഫിസിലെത്തിച്ചു. ക്ലബ് പ്രസിഡൻറ് രവീന്ദ്രനാഥ്‌, വൈസ്‌ പ്രസിഡൻറ് വര്‍ഗീസ്‌, ഡയറക്‌ടര്‍മാരായ അഡ്വ. മനുകുമാർ, വി.ടി. ബൈജു എന്നിവര്‍ ചേര്‍ന്നാണ്‌ ഇവ എത്തിച്ചത്‌. വില്ലേജ്‌ ഓഫിസര്‍ മായ കെ. തങ്കപ്പനും മറ്റ്‌ ജീവനക്കാരും ചേര്‍ന്ന്‌ ഏറ്റുവാങ്ങി. കുമ്മംകല്ലില്‍നിന്ന് ഒരുകൂട്ടം ചെറുപ്പക്കാരും ഭക്ഷണസാധനങ്ങൾ എത്തിച്ചു. ദുരന്തഭൂമിയിൽ കൈകോർത്ത് ഉദ്യോഗസ്ഥരും ജനങ്ങളും അടിമാലി: ദുരന്തഭൂമിയിൽ സാന്ത്വനമേകാൻ ജില്ല ഭരണകൂടത്തിനൊപ്പം ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്ത്. പേമാരി തുടങ്ങിയതുമുതൽ വിശ്രമമില്ലാത്ത ദുരിതാശ്വാസ പ്രവർത്തനങ്ങളിലാണ് ഉദ്യോഗസ്ഥർ. സന്നദ്ധ സംഘടനകളും ജനപ്രതിനിധികളും യുവാക്കളും ഇവരോടൊപ്പം കൈകോർക്കുന്നു. ഡിസ്ട്രിക്റ്റ് എമർജൻസി ഓപറേറ്റിങ് സ​െൻററി​െൻറ വാട്സ്ആപ്പ് ഗ്രൂപ് 24 മണിക്കൂറും പ്രവർത്തനസജ്ജം. കലക്ടർ, പൊലീസ് മേധാവി, ജില്ലയിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ മുതൽ വില്ലേജ് ഓഫിസർമാർ വരെ സദാസമയവും കർമനിരതരായി രംഗത്തുണ്ട്. ജില്ലയിലെ പ്രധാന അണക്കെട്ടുകളുടെ ചുമതല വഹിക്കുന്ന എൻജിനീയർമാർ സദാസമയവും റിസർവോയറുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. ശനിയാഴ്ച റിലീഫ് സെല്ലുകളിലേക്ക് അവശ്യവസ്തുക്കളുമായി നിരവധി വാഹനങ്ങളാണ് എത്തിയത്. ഇത് ഇറക്കിവെക്കാനും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യാനുസരണം എത്തിച്ച് നൽകാനും ഉദ്യോഗസ്ഥരോടൊപ്പം സന്നദ്ധ പ്രവർത്തകരും പ്രവർത്തിക്കുന്നു. സഹായങ്ങളുമായി റിലീഫ് സ​െൻററുകളിൽ വ്യക്തികളും സ്ഥാപനങ്ങളും എത്തുന്നുന്നുണ്ട്. അടിമാലി ഗവ. ഹൈസ്കൂൾ കേന്ദ്രീകരിച്ചാണ് ഉൽപന്നങ്ങൾ സ്വീകരിക്കുന്നതും ഇതര പ്രദേശങ്ങളിലെ ക്യാമ്പുകളിൽ എത്തിക്കുന്നതും. ദുരന്ത നിവാരണ സമിതി ചെയർമാൻ കൂടിയായ കലക്ടറുടെ ഉത്തരവുമൂലം അത്യാവശ്യ സർവിസുകൾക്ക് മാത്രമാണ് ഇന്ധനം നൽകുന്നത്. ഇന്ധനം എത്തിക്കുന്നതിലെ പ്രയാസം മുന്നിൽകണ്ടാണ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നതെങ്കിലും ഹൈറേഞ്ചിലെ ഭൂരിഭാഗം പെേട്രാൾ പമ്പുകളിലും ഇന്ധനം തീരുന്ന അവസ്ഥയാണ്. ഹൈറേഞ്ചിൽ കടകളിൽ സാധനങ്ങൾ വാങ്ങാൻ വൻ തിരക്കാണ്. പലചരക്ക് കടകളിൽ അരി ഉൾെപ്പടെ ഭക്ഷ്യധാന്യങ്ങൾ തീർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.