വൈദ്യുതിയും ഫോണും വെള്ളവുമില്ലാതെ ഇടുക്കി

ഇടുക്കി: ദിവസങ്ങളായി ശമിക്കാതെ പെയ്ത കനത്ത മഴയിൽ ഒറ്റപ്പെട്ടു. മൂന്നുദിവസമായി ഗതാഗതവും വാർത്തവിനിമയ സംവിധാനങ്ങളും തകരാറിലായതോടെ ജനങ്ങൾ പരിഭ്രാന്തരാണ്. നൂറുകണക്കിന് സഞ്ചാരികളും യാത്രികരുമാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട് കഴിയുന്നത്. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ പലയിടത്തും മണ്ണിടിഞ്ഞുകൊണ്ടിരിക്കുന്നു. മഴ തുടരുന്നതിനാൽ സുരക്ഷിത സ്ഥലങ്ങളിൽതന്നെ തുടരാനാണ് പൊലീസ് സഞ്ചാരികൾക്ക് നൽകിയിരിക്കുന്ന നിർദേശം. പലരും ഭക്ഷണവും വെള്ളവുംപോലും ലഭിക്കാത്ത സാഹചര്യത്തിലാണ്. വെള്ളിയാഴ്ച പുലർച്ച അടിമാലിയിൽ മൂന്നുനില കെട്ടിടം ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. ആളപായമില്ല. അടിമാലി കൃഷ്ണ ജ്വല്ലറി ഉടമയുടെ ബഹുനില മന്ദിരമാണ് ഉരുൾ എടുത്തത്. ടൗണിന് സമീപം ഗവ. ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിന് 200 മീറ്റർ ഉള്ളിലാണ് സംഭവം. ഇതോടെ ക്യാമ്പിലുള്ളവരും ഭയവിഹ്വലരാണ്. ഹൈറേഞ്ചിലെ വ്യാപാര സ്ഥാപനങ്ങളിൽ അരി ഉൾപ്പെടെ ഭക്ഷ്യധാന്യങ്ങൾ തീർന്നു. മൂന്നാർ പോതമേട് പുറംലോകത്തുനിന്ന് ഒറ്റപ്പെട്ടു. ആറ്റുകാട് പാലം ഒലിച്ചുപോയതിന് പുറമെ മൂന്നാർ ഹെഡ്വർക്ക് ഡാം കവിഞ്ഞൊഴുകിയതുമാണ് കാരണം. ഇവിടെ മുന്നൂറിലേറെ കുടുംബങ്ങളാണുള്ളത്. ദുരിതാശ്വാസ ക്യാമ്പുകളെല്ലാം നിറഞ്ഞുകവിഞ്ഞു. അവികസിത പ്രദേശങ്ങളിലെ ക്യാമ്പുകളിൽ വേണ്ടത്ര ഭക്ഷ്യധാന്യങ്ങൾ എത്തിക്കാൻ കഴിയാതെ പ്രതിസന്ധിയിലാണ് അധികൃതർ. മേഖലയിലെ എല്ലാ റോഡുകളും സംരക്ഷണ ഭിത്തികൾ ഒലിച്ചുപോയും മണ്ണിടിഞ്ഞും ഗതാഗതം തടസ്സപ്പെട്ട് കിടക്കുകയാണ്. ഉൾപ്രദേശങ്ങളിലെ ഒരു വിവരവും പുറത്തറിയുന്നില്ല. നിരവധി ആദിവാസി കോളനികളും ജില്ലയിൽ ഒറ്റപ്പെട്ട നിലയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.