വൈക്കം: രണ്ടു ദിവസമായി നിർത്താതെ പെയ്യുന്ന മഴയും കിഴക്കൻ വെള്ളത്തിെൻറ വരവും കൂടിയായതോടെ വൈക്കം ഒന്നാകെ വെള്ളത്തിൽ. മൂവാറ്റുപുഴയാർ കരകവിഞ്ഞതോടെ മറവൻതുരുത്ത്, വെള്ളൂർ, ചെമ്പ്, ഉദയനാപുരം, തലയോലപ്പറമ്പ് പഞ്ചായത്തുകളാണ് ഏറ്റവുമധികം ദുരിതക്കയത്തിലായത്. വെള്ളം നിറഞ്ഞതോടെ തലയോലപ്പറമ്പ്-വൈക്കം റോഡിൽ ബസ് ഉൾപ്പെടെ വലിയ വാഹനങ്ങൾ മാത്രമാണ് കടന്നുപോകുന്നത്. വെള്ളൂർ പഞ്ചായത്തിലെ വടകര മേഖല പൂർണമായി വെള്ളത്തിലാണ്. പ്രദേശവാസികൾക്ക് വീട്ടിൽനിന്ന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. വെള്ളൂർ-വെട്ടിക്കാട്ടുമുക്ക് റോഡിലെ ഗതാഗതം നിലച്ചു. ഉദയനാപുരം, തലയോലപ്പറമ്പ് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം ദുരിതക്കയത്തിലാണ്. മണ്ഡലത്തിൽ പതിനഞ്ചിലധികം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. സഹായമെത്തിക്കാൻ രാഷ്ട്രീയ പാർട്ടികളും സാമുദായിക സംഘടനകളും സജീവമായി രംഗത്തുണ്ട്. മഴക്ക് അൽപം ശമനം വന്നിട്ടും മൂവാറ്റുപുഴയാറ്റിലെ വെള്ളത്തിെൻറ വരവിൽ കുറവില്ല. വെട്ടിക്കാട്ടുമുക്ക് പ്രദേശം ഒന്നാകെ വെള്ളത്തിലാണ്. പാലത്തിനു സമീപമുള്ള മുസ്ലിം പള്ളിയിലും വെള്ളം കയറി. കാറ്റിലും മഴയിലും വീടുകൾക്കും നാശം സംഭവിച്ചിട്ടുണ്ട്. മഹാഗണി മരം കടപുഴകി അക്കരപ്പാടം മുണ്ടാക്കൽ പി.കെ. ശിവജിയുടെ വീട് തകർന്നു. വ്യാഴാഴ്ച രാവിലെ 7.30നാണ് അപകടം. വീട്ടിൽ ആളുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. രാവിലെ എട്ടിന് തെങ്ങ് കടപുഴകി അയ്യർകുളങ്ങര ഉള്ളാടിത്തറ വീട്ടിൽ വേണുവിെൻറ വീട്ടിലെ അടുക്കളഭാഗം തകർന്നു. ഈ സമയം വീട്ടുകാർ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. ആറാട്ടുകുളങ്ങരയിൽ വീട് ഭാഗികമായി തകർന്നു. വീട്ടിനുള്ളിൽ അകപ്പെട്ടിരുന്നവരെ ഫയർഫോഴ്സ് എത്തി സാഹസികമായാണ് രക്ഷപ്പെടുത്തിയത്. പൂവൻപറമ്പിൽ ലക്ഷ്മി അമ്മാളിെൻറ വീടിനു മുകളിലേക്കാണ് മരം വീണത്. ചെമ്മനത്തുകരയിൽ ഷാജിയുടെ വീടിനു മുകളിലും പള്ളിപ്രത്തുശ്ശേരി ചെമ്മാത്ത് ബൈജുവിെൻറ വീടിനു മുകളിലേക്കും മരം വീണു. ഫയർ ഫോഴ്സ് യൂനിറ്റും സി.കെ. ആശ എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും പൊലീസും റവന്യൂ അധികാരികളും സജീവമായി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.