*ദേവികുളം താലൂക്കിൽ വിവിധ ഇടങ്ങളിലായി 5000ത്തിലേറെ പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ അടിമാലി: അടിമാലിയെ നടുക്കി വീണ്ടും ദുരിതം പെയ്തിറങ്ങുന്നു. കഴിഞ്ഞയാഴ്ച അടിമാലിയിൽ എട്ടുപേർ മരിച്ചതിനു പിന്നാലെ ബുധനാഴ്ച രാത്രി ഉണ്ടായ ശക്തമായ മഴയിൽ ഉരുൾപൊട്ടിയും മണ്ണിടിഞ്ഞും രണ്ടുപേർ കൂടി മരിച്ചു. മൂന്നുപേരെ കാണാതായി. കൊന്നത്തടി പുരയിടം സിറ്റി തുറവക്കൽ മാത്യു (58), ഭാര്യ ലൈസ (56) എന്നിവരാണ് മരിച്ചത്. വെള്ളത്തൂവൽ എസ്.വളവ് പുളിക്കകുടി മുഹമ്മദ് കുട്ടി, ഭാര്യ ജാസ്മി ഇവരുടെ മകൻ മുഹസിൽ എന്നിവരെയാണ് കാണാതായിരിക്കുന്നത്. ഇവരുടെ വീട് തകർന്നാണ് അത്യാഹിതം സംഭവിച്ചത്. മുഹമ്മദ് കുട്ടിയുടെ കുടുംബം വീടുൾപ്പെടെ മണ്ണിനടിയിലാണ്. രക്ഷാസേനക്ക് വീടിനു സമീപംപോലും എത്താൻ കഴിഞ്ഞിട്ടില്ല. 100 മീറ്ററിലേറെ സ്ഥലത്തെ മണ്ണ് ഒലിച്ചുപോയ ഇവിടെ മലവെള്ളം കുത്തിയൊഴുകുകയാണ്. ചൊവ്വാഴ്ച മുതൽ ഈ മേഖലയിൽ മഴ ശക്തമായി തുടരുന്നുണ്ട്. വ്യാപകമായ മണ്ണിടിച്ചിലാണ് മേഖലയിൽ ഉണ്ടായിരിക്കുന്നത്. മച്ചിപ്ലാവ് തലൂരപ്പൻ ആദിവാസി കോളനിയിൽ വ്യാഴാഴ്ച രാവിലെ ഉണ്ടായ ഉരുൾപൊട്ടലിൽ തലയൂരപ്പൻകുടിയിലെ മാണിയുടെ മകൻ സുരേഷിന് (19) സാരമായി പരിക്കേറ്റു. സുരേഷിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേവികുളം താലൂക്കിൽ വിവിധ ഇടങ്ങളിലായി 5000ത്തിലേറെ പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.