കനത്ത മഴ; ദുരിതമൊഴിയാതെ ജില്ല

തൊടുപുഴ: രണ്ടു ദിവസത്തിനുശേഷം ജില്ലയിൽ വീണ്ടും മഴ കനത്തതോടെ ഹൈറേഞ്ച് മേഖലയിൽ പലയിടത്തും ഉരുൾപൊട്ടലും മണ്ണിടിച്ചിലും. നെടുങ്കണ്ടം, മൂന്നാർ, അടിമാലി എന്നിവിടങ്ങളിലാണ് മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായത്. പെരിയാർ വാലിയിലും കട്ടപ്പന ബഥേലിലുമാണ് ചൊവ്വാഴ്ച രാവിലെ ഉരുൾപൊട്ടിയത്. കൃഷിയിടങ്ങൾ ഒലിച്ചുപോയി. ഉരുൾപൊട്ടാൻ സാധ്യതയുള്ളതിനാൽ ഇവിടെയുള്ളവരെ നേരേത്ത തന്നെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ചുരുളിക്കും അട്ടപ്പള്ളത്തിനുമിടക്ക് മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. നെടുങ്കണ്ടം തേഡ് ക്യാമ്പിലും മണ്ണിടിച്ചിലുണ്ടായി. മൂന്നാർ മാട്ടുപ്പെട്ടി അണക്കെട്ട് തുറന്നതിനെ തുടർന്ന് ഉച്ചയോടെ പഴയ മൂന്നാറിലടക്കം വെള്ളം കയറി. ഗതാഗതവും തടസ്സപ്പെട്ടു. ഇതിനിടെയാണ് മൂന്നാർ എക്കോ പോയൻറിന് സമീപം ഉരുൾപൊട്ടിയത്. മൂന്നാർ മുതിരപ്പുഴയാറ്റിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഒറ്റപ്പെട്ട നിലയിലാണ്. ഇതുവഴി ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. പലയിടത്തും മണ്ണിടിയുന്ന സാഹചര്യമുണ്ട്. ചിന്നാർ-പാറത്തോട് റോഡിൽ കൊച്ചുപുത്തൻപുരപടിക്ക് സമീപം ഉരുൾപൊട്ടിയെങ്കിലും ആളപായമില്ല. ചൊവ്വാഴ്ച ദേവികുളത്ത് 117.2 മി. മീ മഴയാണ് രേഖപ്പെടുത്തിയത്. പീരുമേട് -93, ഉടുമ്പൻചോല- 48.6, തൊടുപുഴ -15.8, ഇടുക്കി- 72 മി.മീ എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ പെയ്ത മഴയുടെ അളവ്. തോരാമഴ: കൂടുതൽ ക്യാമ്പുകൾ തുറന്നു തൊടുപുഴ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ കൂടുതൽ ക്യാമ്പുകൾ തുറന്നു. ഉരുൾപൊട്ടലിനെ തുടർന്ന് വീടുകൾ നഷ്ടമായവരും സുരക്ഷാമുൻകരുതലുകളുടെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റപ്പെട്ടവരുമായി 913 കുടുംബങ്ങളിലായി 2531 പേരാണ് ഇപ്പോഴുള്ളത്. ഇടുക്കി താലൂക്കിലെ 13 വില്ലേജുകളിലെ 414 കുടുംബങ്ങളിലെ 1242 പേരും ദേവികുളം താലൂക്കിലെ 14 വില്ലേജുകളിലെ 488 കുടുംബങ്ങളിലെ 973 പേരും ഉടുമ്പൻചോല താലൂക്കിലെ രാജാക്കാട് വില്ലേജിലെ ആറ് കുടുംബങ്ങളിലെ 24 പേരുമാണ് വിവിധ സ്കൂളുകളിലും കമ്യൂണിറ്റി ഹാളുകളിലും വിവിധ മതസ്ഥാപനങ്ങളിലെ ഹാളുകളിലുമായി കഴിയുന്നത്. ഇവർക്ക് ഭക്ഷണവും ചികിത്സ സൗകര്യവും ജില്ല ഭരണകൂടത്തി​െൻറ നേതൃത്വത്തിൽ ഏർപ്പെടുത്തി. കഴിഞ്ഞ ദിവസം കലക്ടർ വിവിധ ക്യാമ്പുകളിൽ നേരിട്ടെത്തി വിവരങ്ങൾ ആരാഞ്ഞു. അടിമാലി മേഖലയില്‍ വ്യാപക നാശം അടിമാലി: കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് അടിമാലി മേഖലയില്‍ വ്യാപകനാശം. മണ്ണിടിഞ്ഞും മരങ്ങള്‍ ഒടിഞ്ഞും ദേശീയപാതകള്‍ അടക്കം ഗ്രാമീണ റോഡുകള്‍ തകര്‍ന്നു. കൊച്ചി-മധുര ദേശീയപാതയില്‍ അടിമാലി മുതല്‍ രണ്ടാം മൈല്‍വരെ നിരവധി ഇടങ്ങളിലാണ് മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടത്. ഇരുട്ടുകാനത്ത് വിനോദസഞ്ചാരികളുമായി വന്ന കാറിനു മുകളിലേക്ക് മണ്ണിടിഞ്ഞു. കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു. ആനച്ചാല്‍-വെള്ളത്തൂവല്‍ റോഡില്‍ കുത്തുപാറയില്‍ റോഡി​െൻറ അടിഭാഗം ഒലിച്ചുപോയി. റോഡിന് അടിയില്‍ വലിയ ഗുഹ രൂപപ്പെട്ടു. ഇതുവഴി ഗതാഗതം നിലച്ചു. വെള്ളത്തൂവല്‍-രാജാക്കാട് റോഡില്‍ എസ് വളവ്, പന്നിയാർ എന്നിവിടങ്ങളില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. മഴയോടൊപ്പം രണ്ടു ദിവസമായി കൊടുങ്കാറ്റിന് സമാനമായ കാറ്റാണ് വീശുന്നത്. വൈദ്യുതി ബന്ധം പൂര്‍ണമായി തകര്‍ന്നു. മഴയും കാറ്റും ശക്തമായതോടെ പഞ്ചായത്ത് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി മൈക്ക് അനൗണ്‍സ്‌മ​െൻറ് നടത്തി. അടിമാലി വില്ലേജ് അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലെ അന്തേവാസികളുടെ എണ്ണം ആയിരത്തോളമടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.