കോട്ടയം: നന്മയും സമൃദ്ധിയും നിറഞ്ഞ ഒാണഓർമകൾക്കുമേൽ കരിനിഴൽ വീഴ്ത്തിയ മഴക്കെടുതികൾക്കിടെ ബുധനാഴ്ച അത്തം. പതിവിലും നേരത്തേ ഇത്തവണ കർക്കടകം 30ന് അത്തമെത്തി. അത്തം മുതൽ തിരുവോണംവരെ പൂക്കളങ്ങളുടെ നാളുകൾകൂടിയാണ്. അത്തം മുതൽ നാട് ഓണാഘോഷപ്പൊലിമയിലേക്ക് ഉണരേണ്ടതാണെങ്കിലും സംസ്ഥാനം ഇന്നോളം അനുഭവിക്കാത്ത കാലവർഷക്കെടുതികൾ എല്ലാത്തിനും മങ്ങലേൽപിച്ചു. ഓണാഘോഷങ്ങൾ ഒഴിവാക്കുന്ന സാഹചര്യം ഓണവിപണിയെ പ്രതികൂലമായി ബാധിക്കും. പലമേഖലകളിലും ഗതാഗതംപോലും അവതാളത്തിലായതോടെ പൂവിപണി സ്തംഭിച്ച നിലയിലാണ്. പൂവെത്തിയാലും കഴിഞ്ഞതവണത്തെ വിൽപന ഇത്തവണ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. മിക്ക കോളജുകളും സ്ഥാപനങ്ങളും ഓണപ്പൂക്കള മത്സരം ഒഴിവാക്കി പണം പ്രളയദുരിതാശ്വാസ സഹായത്തിന് വിനിയോഗിക്കാനാണ് തീരുമാനം. സംസ്ഥാനത്ത‌് തോരാമഴയിൽ പൂകൃഷി ഏറെയും നശിച്ചു. തമിഴ്‌നാട്ടിലെ തേവാള, പാവൂര്‍ഛത്രം, ആലങ്കുളം, തിരുനെല്‍വേലി, ശങ്കരന്‍കോവില്‍, കടയല്ലൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് പൂക്കൾ എത്തുക. ഓണക്കാലമായതിനാൽ ദിവസവും വില വ്യത്യാസപ്പെടും. തമിഴ്നാട് വിപണികളിൽ ദിവസവും വില മാറുമെന്ന് കച്ചവടക്കാർ പറയുന്നു. പല പൂക്കൾക്കും ഇപ്പോൾ വിൽക്കുന്നതിെൻറ നാലിരട്ടിവരെ വിലകൂടാനാണ് സാധ്യതയെന്നാണ് സൂചന. അത്തം പത്തോണം എന്നാണ് ചൊല്ലെങ്കിലും ഇക്കുറി തിരുവോണം 11ാം ദിവസമായ 25നാണ്. ഉത്രാടം 23നും 24നുമായി രണ്ടുദിവസം വരുന്നതിനാലാണിത്. കഴിഞ്ഞവർഷവും അത്തം മുതൽ 11ാം ദിവസമായിരുന്നു തിരുവോണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.