പ്രളയം: സർക്കാർ നടപടികൾ അറിയിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

കോട്ടയം: പ്രളയദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ഭയമില്ലാതെ സ്വന്തം വീട്ടിൽ കിടന്നുറങ്ങാൻ സാഹചര്യം ഒരുക്കണമെന്നും സ്വീകരിക്കുന്ന നടപടികളെ കുറിച്ച് ചീഫ് സെക്രട്ടറി രണ്ടുമാസത്തിനകം റിപ്പോർട്ട് നൽകണമെന്നും സംസ്ഥാന മനുഷ്യാവകാശ കമീഷൻ. കോട്ടയം ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്കും ജുഡീഷ്യൽ അംഗം പി. മോഹനദാസും സന്ദർശിച്ചശേഷം സർക്കാറിനു നൽകിയ ഇടക്കാല ഉത്തരവിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കോട്ടയം മുട്ടേൽ കോളനിയിലെ കെടുതി പരിഹരിക്കാനാവശ്യമായ റിപ്പോർട്ട് അയ്മനം ഗ്രാമപഞ്ചായത്ത് സെക്രട്ടറി സമർപ്പിക്കണം. സർക്കാറിനു നൽകിയ ശിപാർശകളുടെ പകർപ്പുകളും സമർപ്പിക്കണം. ആരോഗ്യസംരക്ഷണത്തിന് പ്രളയബാധിതരെ ഉൾപ്പെടുത്തി ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ മെഡിക്കൽ ക്യാമ്പുകൾ നടത്തണം. വെള്ളപ്പൊക്ക കെടുതിയുമായി ബന്ധപ്പെട്ട കൃഷിനാശത്തി​െൻറ കണക്കുകൾ വൈക്കം, കോട്ടയം, ചങ്ങനാശ്ശേരി തഹസിൽദാർമാർ ഹാജരാക്കണം. വീടുകളിലും പുരയിടങ്ങളിലും വെള്ളം കയറുന്നത് സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ടിലുണ്ടാകണം. വൈദ്യുതി പോസ്റ്റുകൾ സൃഷ്ടിക്കുന്ന അപകടഭീഷണിക്ക് പരിഹാരം കാണാൻ തഹസിൽദാറും പഞ്ചായത്ത് സെക്രട്ടറിയും നടപടിയെടുക്കണം. ഉഗ്രവിഷമുള്ള ഇഴജന്തുക്കൾ വീടുകളിൽ കയറി ഉപദ്രവമുണ്ടാക്കുന്ന സാഹചര്യത്തിൽ പരിസരത്തെ സർക്കാർ ആശുപത്രികളിൽ വിഷപ്രതിരോധ മരുന്നുകളും ചികിത്സയും ഉറപ്പാക്കാൻ ജില്ല കലക്ടറും പഞ്ചായത്ത് അധികൃതരും നടപടിയെടുക്കണം. വെള്ളപ്പൊക്കം കാരണം കൃഷിയും പാടശേഖരങ്ങളും നഷ്ടപ്പെട്ടതിനാൽ തൊഴിലില്ലാത്തവർക്ക് തൊഴിലുറപ്പ് പദ്ധതി വഴിയോ മറ്റോ തൊഴിൽ നൽകാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണം. കെടുതികൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കേണ്ട മാർഗങ്ങളെ കുറിച്ച് വിശദ റിപ്പോർട്ട് കോട്ടയം ജില്ല കലക്ടർ ഒരുമാസത്തിനകം സമർപ്പിക്കണമെന്നും ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.