മൂന്നാർ: മഴ ശക്തമായതിനെത്തുടർന്ന് മാട്ടുപ്പെട്ടി അണക്കെട്ടും തുറന്നു. ഇതോടെ മൂന്നാർ പട്ടണത്തിെൻറ പകുതിയോളം വെള്ളത്തിലായി. പഴയ മൂന്നാർ ടൗണാണ് പ്രധാനമായും മുങ്ങിയത്. നീരൊഴുക്ക് ശക്തമായി, സംഭരണശേഷി കവിഞ്ഞതോടെ രാവിലെ ഒമ്പതിനാണ് മാട്ടുപ്പെട്ടി അണക്കെട്ട് തുറന്നത്. ജലനിരപ്പ് 1599.2 മീറ്ററിൽ എത്തിയതോടെ രാവിലെ 8.30ന് ആദ്യ ഷട്ടർ 30 സെൻറീമീറ്റർ ഉയർത്തി. 1.15ന് രണ്ടാമത്തെ ഷട്ടർ 50 സെൻറീമീറ്ററും ഉയർത്തിയതോടെയാണ് മുതിരപ്പുഴയാർ കരകവിഞ്ഞ് മൂന്നാറിൽ വെള്ളം കയറാൻ തുടങ്ങിയത്. ദേവികുളം, മൂന്നാർ മേഖലയിൽ 117.2 മില്ലീമീറ്റാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയ മഴ. മുതിരപ്പുഴ കരകവിഞ്ഞതോടെ മൂന്നാർ ഒറ്റപ്പെട്ട നിലയിലാണ്. വീടുകളും കടകളും വെള്ളത്തിലാണ്. ദേശീയപാതകളിൽ മണ്ണിടിച്ചിൽ ശക്തമായതോടെ ഗതാഗതവും നിലച്ചു. മുതിരപ്പുഴയിൽ സംഗമിക്കുന്ന നല്ലതണ്ണിയാറും കന്നിമലയാറും കനത്ത മഴയിൽ കരകവിഞ്ഞതാണ് കൊച്ചി-ധനുഷ്കോടി ദേശീയപാത കടന്നുപോകുന്ന പഴയ മൂന്നാറിനെ അതിവേഗം വെള്ളത്തിലാക്കിയത്. ഇതോടെ ഗതാഗതവും നിലച്ചു. മുതിരപ്പുഴയുടെ സമീപത്ത് പ്രവർത്തിക്കുന്ന കടകളിലും വീടുകളിലും വെള്ളം ഇരച്ചുകയറി. പീഡാ മുരുകെൻറ കെട്ടിടം പൂർണമായി വെള്ളത്തിലായി. പഴയ മൂന്നാർ വർക്ഷോപ് ക്ലബിന് സമീപം തോട്ടം തൊഴിലാളികളുടെ എേട്ടാളം ലയങ്ങളിലും വെള്ളം കയറി. വിനോദസഞ്ചാരികൾ താമസിക്കുന്ന റിസോർട്ടുകളിലും വെള്ളം കയറി. ഇവിടെ താമസിക്കുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. പഴയ മൂന്നാറിലെ സർക്കാർ എൽ.പി സ്കൂളും ബി.ആർ.സി കെട്ടിടവും വെള്ളത്തിലാണ്. മൂന്നാർ ആർട്സ് കോളജ് കവാടത്തിലും ദേശീയപാതയിലും മണ്ണിടിഞ്ഞു. ഇതോടെ ദേവികുളത്തേക്കുള്ള ഗതാഗതവും പൂർണമായി നിലച്ചു. മൂന്നാറിലെ പ്രധാന വിനോദസഞ്ചാര മേഖലയായ രാജമല, മാട്ടുപ്പെട്ടി, കുണ്ടള എന്നിവിടങ്ങൾ മൂന്നുദിവസമായി അടച്ചിട്ടിരിക്കുകയാണ്. തൊഴിലാളികൾ താമസിക്കുന്ന നിരവധി എസ്റ്റേറ്റുകളും ഒറ്റപ്പെട്ട നിലയിലാണ്. റവന്യൂ, സൈന്യം, ഫയർഫോഴ്സ് എന്നിവരുടെ നേതൃത്വത്തിൽ സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു. അതിനിടെ വൃഷ്ടിപ്രദേശങ്ങളിൽ നീരൊഴുക്ക് ശക്തമായി തുടരുന്നതിനാൽ മൂന്നാമത്തെ ഷട്ടറും തുറക്കേണ്ടി വരുമെന്ന് അധികൃതർ പറഞ്ഞു. സെക്കൻഡിൽ 12.5 ക്യുമെക്സ് ജലമാണ് പുറത്തേക്ക് ഒഴുകുന്നത്. 2004 ഡിസംബറിലാണ് ഇതിനുമുമ്പ് മാട്ടുപ്പെട്ടി ജലാശയം തുറന്നത്. തിങ്കളാഴ്ച 16 സെ.മീ, ചൊവ്വാഴ്ച 19 സെ. മീറ്റർ മഴയുമാണ് മൂന്നാർ ടൗണിൽ രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.