പടിഞ്ഞാറൻ പ്രദേശങ്ങളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി; മലയോര മേഖലയിൽ ഉരുൾപൊട്ടൽ ഭീതി

കോട്ടയം: മഴ ശക്തിപ്രാപിച്ചതോടെ കോട്ടയത്തെ താഴ്ന്ന പ്രദേശങ്ങൾ വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിൽ. മലയോര മേഖലയിൽ ഉരുൾപൊട്ടൽ സാധ്യതയും. രാത്രിയാത്ര പരിമിതപ്പെടുത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കനത്ത മഴയിൽ തീക്കോയി, വെള്ളികുളം, തലനാട്, അടിവാരം, മൂന്നിലവ് എന്നീ മേഖലകളിലാണ് ഉരുൾപൊട്ടൽ സാധ്യതയുള്ളത്. ഇതുമൂലം മീനച്ചിലാറ്റിലും കൈത്തോടുകളിലും ജലം ഇരച്ചെത്തിയാൽ സമീപ മേഖലകളിൽ വീണ്ടും വെള്ളപ്പൊക്കത്തിന് കാരണമാകും. കൂട്ടിക്കൽ പഞ്ചായത്തിലെ ഇളങ്കാട്, ഏന്തയാർ എന്നിവിടങ്ങളിലും ഉരുൾപൊട്ടൽ സാധ്യതയുണ്ട്. ഈ മേഖലകളിൽ ഉരുൾപൊട്ടൽ ഉണ്ടായാൽ പുല്ലകയാർ, മണിമലയാർ വഴി ഒഴുകിയെത്തുന്ന വെള്ളവും വേമ്പനാട്ടുകായലിലാണ് എത്തുക. തുടർച്ചയായി െപയ്യുന്ന മഴയിൽ പടിഞ്ഞാറന്‍ പ്രദേശങ്ങൾ വീണ്ടും ആശങ്കയിലാണ്. കഴിഞ്ഞ 23 മണിക്കൂറില്‍ ജില്ലയില്‍ 35 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. കഴിഞ്ഞദിവസം ഇത് 38.2 മില്ലീമീറ്ററായിരുന്നു. കിഴക്കൻ വെള്ളത്തി​െൻറ വരവിൽ മീനച്ചിലാറ്റിൽ നീരൊഴുക്ക് ശക്തിപ്പെട്ടതിനാല്‍ ജലനിരപ്പ് സാവധാനമാണ് ഉയരുന്നത്. നിലവില്‍ ആശങ്കജനകമായ സാഹചര്യമില്ലെന്ന് അധികൃതർ പറഞ്ഞു. ഒരാഴ്ച മുമ്പ് പ്രളയത്തിൽ മുങ്ങിയ അയ്മനം, ആര്‍പ്പൂക്കര, കുമരകം, തിരുവാര്‍പ്പ് പഞ്ചായത്തുകളിൽ ഇനിയും വെള്ളമിറങ്ങിയിട്ടില്ല. ഡാമുകൾ തുറന്നതോടെ വൈക്കം, തലയോലപ്പറമ്പ് ഉൾപ്പെടെ പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകുമെന്ന ആശങ്കയുണ്ട്. മലങ്കര ഡാമിൽനിന്നുള്ള വെള്ളം തൊടുപുഴയാർ, മൂവാറ്റുപുഴയാർ വഴി വൈക്കത്ത് എത്തുമെന്നാണ് വിലയിരുത്തൽ. അതേസമയം, ഇടുക്കി ഡാമിൽനിന്ന് ഒഴുക്കിവിടുന്ന ജലം നേരിട്ട് ബാധിക്കില്ലെന്നത് ആശ്വാസകരമാണ്. പത്തനംതിട്ട ജില്ലയിലെ കക്കി ഡാം തുറന്നതോടെ അപ്പർകുട്ടനാടൻ മേഖലയിൽ വീണ്ടും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. കുമരകം, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര, വെച്ചൂർ, തലയാഴം, നീണ്ടൂർ, കല്ലറ മേഖലകളെയാണ് കൂടുതൽ ബാധിക്കുക. മീനച്ചിലാർ, കൊടൂരാർ, മണിമലയാർ, മൂവാറ്റുപുഴയാർ എന്നിവിടങ്ങളിൽ കുത്തൊഴുക്ക് ശക്തമാണ്. കൈത്തോടുകളിലും ജലനിരപ്പ് ഉയരുന്നുണ്ട്. 24 മണിക്കൂറും കൺേട്രാൾ റൂം പ്രവർത്തിക്കും കോട്ടയം: തീവ്രമഴ തുടരുന്നതിനാൽ ജില്ലയിലെ ആർ.ഡി.ഒ ഒാഫിസ്, താലൂക്ക് ഒാഫിസ്, വില്ലേജ് ഒാഫിസ് എന്നിവിടങ്ങൾ ശനി, ഞായർ ദിവസങ്ങളിൽ 24 മണിക്കൂറും കൺട്രോൾ റൂം തുറന്നുപ്രവർത്തിക്കും. ബലിതർപ്പണത്തിന് പോകുന്നവർക്ക് ആവശ്യമായ സുരക്ഷ മുൻകരുതലുകൾ ഒരുക്കുമെന്ന് കലക്ടർ ഡോ. ബി.എസ്. തിരുമേനി അറിയിച്ചു. കോട്ടയത്തും റെഡ് അലർട്ട്; ജാഗ്രത നിർദേശം കോട്ടയം: മഴ ശക്തിപ്രാപിച്ച സാഹചര്യത്തിൽ കോട്ടയത്തും റെഡ് അലർട്ട്. വയനാട്, ഇടുക്കി, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകൾക്കൊപ്പമാണ് േകാട്ടയത്തും റെഡ് അലർട്ട് പ്രഖ്യാപനം. ശനിയാഴ്ച വരെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ജാഗ്രത നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റിയും രംഗത്തെത്തി. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാൽ രാത്രി (രാത്രി ഏഴുമുതൽ രാവിലെ ഏഴുവരെ) മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തണം. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും ഇറങ്ങാതിരിക്കണം. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുണ്ട്. എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്തരുത്. മരങ്ങള്‍ക്ക് താഴെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോര മേഖലയിലെ ജനങ്ങള്‍ ജാഗരൂകരായിരിക്കണം. ഉദ്യോഗസ്ഥര്‍ അവശ്യപ്പെട്ടാല്‍ മാറിതാമസിക്കാൻ അമാന്തം കാണിക്കരുത്. പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ അല്ലാതെയുള്ളവര്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കണം. കുട്ടികള്‍ പുഴകളിലും തോടുകളിലും വെള്ളക്കെട്ടിലും ഇറങ്ങുന്നത് മാതാപിതാക്കള്‍ തടയണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.