ഉരുൾപൊട്ടലിൽ മരിച്ചവർക്ക്​ ആയിരങ്ങളുടെ അന്ത്യോപചാരം

അടിമാലി: ഉരുൾപൊട്ടലിൽ മരിച്ച കുടുംബത്തിലെ അഞ്ച് പേരുടെയും മൃതദേഹങ്ങൾ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി. അടിമാലി ടൗൺ ജുമാമസ്ജിദ് ഖബർസ്ഥാനിൽ വ്യാഴാഴ്ച വൈകീട്ട് നാലിന് അടുത്തടുത്ത ഖബറുകളിലാണ് അടക്കം ചെയ്തത്. അടിമാലി പുതിയകുന്നേൽ ഹസൻകുട്ടിയുടെ ഭാര്യ പാത്തുമ്മ, മകൻ മുജീബ്, ഭാര്യ ഷെമീന, മക്കളായ ദിയ, നിയ എന്നിവരുടെ മൃതദേഹങ്ങളാണ് ഇവിടെ ഖബറടക്കിയത്. അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. അടിമാലി ടൗൺ ജുമാമസ്ജിദിൽ പൊതുദർശത്തിന് വെച്ചു. ആയിരക്കണക്കിന് നാട്ടുകാർ അന്ത്യോപചാരം അർപ്പിക്കാനെത്തി. മുജീബ് അടിമാലി ടൗണിൽ കല്ലാർകുട്ടി റോഡിൽ ഗോൾഡ് കവറിങ് സ്ഥാപനം നടത്തുകയായിരുന്നു. ഭാര്യ ഷെമീന മുജീബിനെ സഹായിക്കാൻ സ്ഥാപനത്തിൽ എത്തിയിരുന്നു. ദിയ ഫാത്തിയും നിയ മുജീബും അടിമാലി വിശ്വദീപ്തി സ്കൂളിലെ നാലും ആറും ക്ലാസ് വിദ്യാർഥികളാണ്. മണ്ണിടിഞ്ഞ് മരിച്ച തലമാലി ആദിവാസി കോളനിയിലെ ദമ്പതികളുടെ മൃതദേഹങ്ങളും കൊന്നത്തടി പഞ്ചായത്തിലെ കമ്പിളികണ്ടത്ത് മരിച്ച യുവതിയുടെ മൃതദേഹവും ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഇടുക്കി അണക്കെട്ട് തുറന്നപ്പോൾ... ചെറുതോണി: ആകാംക്ഷയുടെ മണിക്കൂറുകൾ. ആശങ്കയുമുണ്ടായിരുന്നു നാട്ടുകാർക്ക്. പേക്ഷ, ഭയപ്പെട്ടതൊന്നുമുണ്ടായില്ല. എന്നാൽ, ഇടുക്കി ഡാം തുറന്നുവിടുന്ന ചരിത്രത്തി​െൻറ ഭാഗമാകാൻ ആളുകൾ തിക്കിത്തിരക്കി. നൂറുകണക്കിന് ആളുകളാണ് ചെറുതോണി ഡാമി​െൻറ പരിസരത്തും ടൗണിലും തടിച്ചുകൂടിയത്. പദ്ധതി കമീഷൻ ചെയ്തതിന് ശേഷം ഇത് മൂന്നാം തവണയാണ് ഡാം തുറക്കുന്നത്. അണക്കെട്ട് തുറന്നുവിടാനുള്ള തീരുമാനം വ്യാഴാഴ്ച രാവിലെയാണ് ഉണ്ടായത്. മണിക്കൂറുകൾക്കകം ചെറുതോണി ടൗൺ ജനസാഗരമായി. ഡാം തുറക്കുന്നതിന് മുമ്പ് ഇടുക്കി-കട്ടപ്പന റോഡിൽ ചെറുതോണി പാലത്തിലൂടെയുള്ള ഗതാഗതം അധികൃതർ നിരോധിച്ചു. ജനങ്ങൾ പാലത്തിൽ കയറാതിരിക്കാൻ പാലത്തി​െൻറ ഇരുകരകളിലും വടം കെട്ടിയാണ് പൊലീസ് നിയന്ത്രിച്ചത്. തുറക്കുന്നതിന് മുമ്പ് മൂന്ന് ജീപ്പുകളിലായി മൈക്ക് അനൗസ്മ​െൻറും നടത്തിയിരുന്നു. ജനങ്ങൾ ആകാംക്ഷാഭരിതരായി നിൽക്കെ 12.30ന് ചെറുതോണി അണക്കെട്ടി​െൻറ മധ്യഭാഗത്തെ ഷട്ടർ തുറന്ന് സെക്കൻഡിൽ 50 ഘനമീറ്റർ ജലംവീതം ഒഴുക്കിവിടാൻ തുടങ്ങി. ഈ അപൂർവ നിമിഷം ആഹ്ലാദത്തോടെയാണ് ജനങ്ങൾ എതിരേറ്റത്. തുറന്നുവിട്ട ജലം ചെറുതോണിയിലെത്താൻ 10 മിനിറ്റ് എടുത്തു. ഫോട്ടോയും വിഡിയോയും എടുക്കുന്നവരുടെയും തിരക്കായിരുന്നു എവിടെയും. ഏതാനും ആളുകളുടെ കൃഷി നശിച്ചതൊഴിച്ചാൽ കാര്യമായ നാശനഷ്ടങ്ങളൊന്നും സംഭവിച്ചില്ല. ഇതിനുമുമ്പ് 1992ലാണ് ഡാം തുറന്നത്. അഞ്ചാം ദിവസമാണ് അടച്ചത്. ഡാം തുറെന്നങ്കിലും ശക്തമായ മഴ തുടരുന്നതിനാൽ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.