കോട്ടയം: ദേശീയ വിരവിമുക്തി ദിനത്തിെൻറ ഭാഗമായി വെള്ളിയാഴ്ച ജില്ലയിലെ 4,36,160 കുട്ടികള്‍ക്ക് ഗുളിക നല്‍കും. ജില്ലയിലെ 926 സ്‌കൂളുകള്‍, 279 പ്രീപ്രൈമറി സ്‌കൂളുകള്‍, 2050 അങ്കണവാടികള്‍, 56 ഡേ കെയര്‍ സെൻററുകള്‍ എന്നിവിടങ്ങളില്‍ അധ്യാപകരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് ഒന്നുമുതല്‍ 19വരെ വയസ്സുള്ള കുട്ടികള്‍ക്ക് വിര ഗുളികകള്‍ വിതരണം ചെയ്യുക. അങ്കണവാടികളില്‍ പോകാത്ത കുഞ്ഞുങ്ങളും മറ്റ് സ്വകാര്യ നഴ്‌സറികളില്‍ പഠിക്കുന്ന കുട്ടികളും ഉച്ചസമയത്ത് അങ്കണവാടികളിലെത്തി മരുന്ന് കഴിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഉച്ചഭക്ഷണത്തിനുശേഷം ചവച്ചരച്ച് വെള്ളത്തോടൊപ്പമാണ് ഗുളിക കഴിക്കേണ്ടത്. സാധാരണ വിരയിളക്കുന്നതിന് നല്‍കിവരുന്ന ആല്‍ബന്‍ഡസോള്‍ ഗുളികയാണ് വിതരണം ചെയ്യുന്നത്. വിതരണത്തിെൻറ ജില്ലതല ഉദ്ഘാടനം കോട്ടയം എം.ഡി സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉച്ചക്ക് 12ന് കെ. സുരേഷ്‌കുറുപ്പ് എം.എല്‍.എ സിനിമ ബാലതാരം മമിത ബൈജുവിന് ഗുളിക നല്‍കി നിര്‍വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. കേരളത്തിലെ മണ്ണിലും 48 ശതമാനത്തോളം വിരസാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ലോകാരോഗ്യസംഘടനയുടെ നിര്‍ദേശപ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ വിരവിമുക്തി പരിപാടി സംസ്ഥാനത്തും ആവിഷ്‌കരിച്ചു നടപ്പാക്കുന്നത്. എൻ.എച്ച്.എം ഓഫിസര്‍ വ്യാസ് സുകുമാരന്‍, ഐ.സി.ഡി.എസ് ജില്ല പ്രോഗ്രാം ഓഫിസര്‍ കെ.വി. ആശ മോള്‍, ജില്ല എജുക്കേഷന്‍ മെഡിക്കല്‍ ഓഫിസര്‍ ജെ. ഡോമി, അനില്‍കുമാര്‍ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.