ഉത്രട്ടാതി ജലോത്സവം: വിജയനിർണയത്തിന്​ മാനദണ്ഡം പാരമ്പര്യഘടകങ്ങള്‍

പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി മത്സരവള്ളംകളിയില്‍ വിജയികളെ നിശ്ചയിക്കുക പാരമ്പര്യതുഴച്ചില്‍ രീതി, വേഷവിധാനം, വഞ്ചിപ്പാട്ട്, ചമയം, അച്ചടക്കം എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കുമെന്ന് പള്ളിയോട സേവസംഘം അറിയിച്ചു. ഒരേപോലെ തുഴഞ്ഞെത്തുന്ന പള്ളിയോടങ്ങളുടെ ഗ്രൂപ്പുകള്‍ക്ക് സമ്മാനങ്ങള്‍ ലഭിക്കുന്നത് അഞ്ച് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും. റേസ് കമ്മിറ്റി നിര്‍ദേശിക്കുന്ന വഞ്ചിപ്പാട്ടുപാടി പാട്ടി​െൻറ താളത്തില്‍ തുഴയുന്നവര്‍ക്കും പോയൻറ് ലഭിക്കും. പത്തനംതിട്ട ജില്ലയില്‍ ഇടക്കുളം മുതല്‍ ആലപ്പുഴ ജില്ലയില്‍ ചെന്നിത്തലവരെയുള്ള 52 പള്ളിയോടക്കരകളില്‍നിന്ന് എത്തുന്ന തുഴച്ചിലുകാര്‍ പാരമ്പര്യത്തനിമയോടെ തയാറെടുപ്പിലാണ്. 29ന് ഉച്ചക്ക് 1.30ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ജലോത്സവം ഉദ്ഘാടനം ചെയ്യും. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം മുഖ്യാതിഥിയായിരിക്കും. പാരമ്പര്യശൈലിയില്‍ ഉത്രട്ടാതി ജലമേള നടത്തുന്നതി​െൻറ ഭാഗമായി ചേരുന്ന ക്യാപ്റ്റന്മാരുടെ മേഖല യോഗങ്ങള്‍ സമാപിച്ചു. കിഴക്കന്‍ മേഖലയിലെ ക്യാപ്റ്റന്മാരുടെ യോഗം കുറിയന്നൂരിൽ പള്ളിയോട സേവസംഘം പ്രസിഡൻറ് ബി. കൃഷ്ണകുമാര്‍ കൃഷ്ണവേണി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി. ആര്‍. രാധാകൃഷ്ണന്‍, ട്രഷറര്‍ സഞ്ജീവ് കുമാര്‍, റേസ് കമ്മിറ്റി കണ്‍വീനര്‍ മുരളി ജി. പിള്ള ശ്രീപാദം, മേഖല കണ്‍വീനര്‍ അമ്പോറ്റി കോഴഞ്ചേരി എന്നിവര്‍ കിഴക്കന്‍ മേഖല യോഗത്തില്‍ സംസാരിച്ചു. മുരളി ജി. പിള്ള, പ്രദീപ് അയിരൂർ, അമ്പോറ്റി, ശശി കണ്ണങ്കേരി, അജി ആര്‍. നായര്‍ തുടങ്ങിയവർ നേതൃത്വം നൽകുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.