ചെറുതോണി (ഇടുക്കി): ഒരു ഗ്രാമത്തിെൻറ മുഴുവൻ പ്രാർഥനയും വിഫലമാക്കി നാലു വയസ്സുകാരിയായ ആൻസലെറ്റ് മരണത്തിനു കീഴടങ്ങി. കഴിഞ്ഞ 24ന് മധുര മീനാക്ഷി മിഷൻ ഹോസ്പിറ്റൽ ആൻഡ് റിസർച് സെൻറിൽ നടന്ന മജ്ജമാറ്റിെവക്കൽ ശസ്ത്രക്രിയ വിജയമായപ്പോൾ മണിയാറൻകുടി ഗ്രാമം ഒന്നടങ്കം പ്രതീക്ഷയിലായിരുന്നു. പൊടുന്നനെ അതെല്ലാം അസ്ഥാനത്താക്കി ആൻസലെറ്റ് യാത്രയായി. മജ്ജയുടെ ജീവനുള്ള ഒരുകോശം മാത്രമാണ് ആൻസലെറ്റിന് മാറ്റിെവച്ചത്. ചെന്നൈയിൽനിന്നുള്ള വ്യക്തിയാണ് ഈ കോശം ദാനം ചെയ്തത്. ഇടുക്കി വാഴത്തോപ്പിൽ മണിയാറൻകുടി അച്ചാരുകുടിയിൽ ജോബിയുടെ മൂന്നാമത്തെ കുട്ടിയാണ് ആൻസലെറ്റ്. മൂത്ത രണ്ടു കുട്ടികളും ഒന്നരവയസ്സോടെ മജ്ജയിലെ കോശങ്ങൾ നശിക്കുന്ന അപൂർവരോഗത്താൽ മരിക്കുകയായിരുന്നു. രോഗമെന്തെന്ന് കണ്ടെത്താൻകൂടി അന്ന് സാധിച്ചിരുന്നില്ല. ഒന്നര വയസ്സോടെ ആൻസലെറ്റിനും ഇതേ രോഗമാണെന്ന് തിരിച്ചറിഞ്ഞതോടെ നാട്ടുകാർ ജനകീയ സമിതി രൂപവത്കരിച്ച് പണം സ്വരൂപിക്കുകയായിരുന്നു. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡൻറ് ആൻസി തോമസ് രക്ഷാധികാരിയായും ഭൂമിയാംകുളം സെൻറ് സെബാസ്റ്റ്യൻസ് പള്ളി വികാരി മാത്യു തടത്തിൽ ചെയർമാനായും പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടോമി കൊച്ചുകുടി കൺവീനറുമായ ജനകീയ കമ്മിറ്റി നേതൃത്വത്തിലായിരുന്നു ഇത്. 25 ലക്ഷം രൂപയാണ് ചികിത്സ ചെലവായി കണക്കാക്കിയത്. മണിയാറൻകുടി, ഭൂമിയാംകുളം, വാഴത്തോപ്പ്, താന്നിക്കണ്ടം പ്രദേശങ്ങളിൽ ഫണ്ട് ശേഖരണം നടന്നു. ജോബിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് വന്ന സഹായധനം ഉൾപ്പെടെ 12,34,310 രൂപയാണ് ചെറുതോണി യൂനിയൻ ബാങ്കിൽ ആരംഭിച്ച ജോയൻറ് അക്കൗണ്ടിൽ കമ്മിറ്റി നിക്ഷേപിച്ചത്. പലിശ ഉൾപ്പെടെ 13,23,721 രൂപ ജോബിക്ക് കൈമാറി. ബാക്കിവേണ്ടിവരുന്ന തുകയിൽ കുറച്ച് ആശുപത്രിയുടെ സംഭാവനയായും കിട്ടി. വെല്ലൂരാശുപത്രിയിലാണ് രോഗം കണ്ടെത്തിയതെങ്കിലും ഏതാനും മാസംമുമ്പ് കൂടുതൽ സൗകര്യാർഥം മധുരയിലേക്ക് ചികിത്സ മാറ്റുകയായിരുന്നു. മരണവിവരം അറിഞ്ഞതോടെ നൂറുകണക്കിന് ആളുകളാണ് ജോബിയുടെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഭൂമിയാംകുളം സെൻറ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടന്നു. മാതാവ് ഷീബ പത്താംമൈൽ ആവിമൂട്ടിൽ കുടുംബാംഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.