കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ മെല്ലപ്പോക്കുനയത്തിലൂടെ ആഭ്യന്തര വകുപ്പ് ബിഷപ്പിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് കേരള കത്തോലിക്ക സഭ നവീകരണ പ്രസ്ഥാനം. പരാതി ഉണ്ടായി ഒരുമാസം കഴിഞ്ഞിട്ടും കുറ്റാരോപിതനായ ബിഷപ്പിനെ അറസ്റ്റ് െചയ്യാതെ ഇരയെ സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനും പൊലീസ് കൂട്ടുനിൽക്കുകയാണെന്നും പ്രസിഡൻറ് പ്രഫ. പി.സി. ദേവസ്യ, സെക്രട്ടറി ഷാജു ജോസ് തറപ്പേൽ എന്നിവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ആഭ്യന്തര വകുപ്പിെൻറ നടപടി പ്രതിഷേധാർഹമാണ്. പീഡനവിവരം അറിഞ്ഞിട്ടും മറച്ചുവെച്ച സഭ അധികാരികളെയും കൂട്ടുപ്രതികളാക്കാൻ പൊലീസ് നടപടിയെടുക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്പിക്ക് പരാതി നൽകി. കേസിൽ അറസ്റ്റുൾപ്പെടെ സത്വരനടപടി ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജിയും നൽകി. എല്ലാ രാഷ്ട്രീയ പാർട്ടികളും പ്രതികൾക്കുവേണ്ടി ഒത്തുകളിക്കുകയാണ്. കുറ്റാരോപിതരെ വെള്ളപൂശാൻ കുട്ടികളടക്കമുള്ള വിശ്വാസികളെക്കൊണ്ട് റാലി നടത്തുന്നത് സഭ നേതൃത്വം അവസാനിപ്പിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ പ്രഫ. ജോസഫ് വർഗീസ്, കെ. ജോർജ് ജോസഫ്, ഇ.ആർ. ജോസഫ്, ജോർജ് മൂലേച്ചാലിൽ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.