അടിമാലി: പ്രത്യേക ആനുകൂല്യം ലഭിച്ചാെല തീരുമാനം എടുക്കൂവെന്ന് ചിന്തിക്കുന്ന ജീവനക്കാർ എല്ലാ ജീവനക്കാരെയും മോശക്കാരാക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരക്കാർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും. തങ്ങളുടെ മുന്നിലെത്തുന്ന ഒരു ഫയൽ ഒരു ജീവിതമാണെന്ന് തിരിച്ചറിഞ്ഞ് പ്രശ്നം വേഗം പരിഹരിക്കണം. എൻ.ജി.ഒ യൂനിയൻ സംസ്ഥാന സമ്മേളനം അടിമാലിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിക്കാരെ നേരിടാൻ സർവിസ് സംഘടനകൾക്ക് കഴിയണം. മാതൃകാപരമായ ഇടപെടലുകൾ ഉണ്ടായാൽ അത് സാമൂഹിക പ്രതിബദ്ധതയായി മാറുകയും ചെയ്യും. ജീവനക്കാർക്ക് മാന്യമായി ജീവിക്കാനുള്ള ശമ്പളം സർക്കാർ നൽകുന്നുണ്ട്. അഴിമതി ഒരു വിഭാഗം ജീവനക്കാരെ ബാധിച്ച അർബുദമാണ്. ഇത്തരക്കാർക്കെതിരെ ദയയില്ലാത്ത നടപടിയുണ്ടാകും. തിരുത്തൽ പ്രക്രിയക്കുവേണ്ടി സംഘടനക്ക് എങ്ങനെ ഇടപെടാൻ കഴിയുമെന്ന് പഠിക്കുകയും നടപ്പാക്കുകയും ചെയ്യണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യയെ കുത്തകകൾക്ക് തീറുനൽകുന്ന നയമാണ് കേന്ദ്രത്തിേൻറത്. ലാഭത്തിലുള്ള പൊതുമേഖല സ്ഥാപനങ്ങളും നഷ്ടമാണെന്ന് വരുത്തി കുത്തകകൾക്ക് കൈമാറുന്നു. ജുഡീഷ്യറിയിൽ പോലും എക്സിക്യൂട്ടിവ് ഇടപെടുന്ന സാഹചര്യമാണ്. എല്ലാം കൈപ്പിടിയിൽ ഒതുക്കാനുള്ള ആർ.എസ്.എസ് തന്ത്രമാണിത്. യൂനിയൻ സംസ്ഥാന പ്രസിഡൻറ് ഇ. പ്രേംകുമാർ അധ്യക്ഷതവഹിച്ചു. മന്ത്രി എം.എം. മണി, സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് കെ.കെ. ജയചന്ദ്രൻ, എ.ഐ.എസ്.ജി.ഇ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എ. ശ്രീകുമാർ, എഫ്.എസ്.ഇ.ടി.ഒ പ്രസിഡൻറ് കെ.സി. ഹരികൃഷ്ണൻ, പി.വി. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ എസ്. രാജേന്ദ്രൻ എം.എൽ.എ സ്വാഗതം പറഞ്ഞു. നീലക്കുറിഞ്ഞി മേഖലയുടെ വിസ്തൃതി കുറക്കില്ല -മുഖ്യമന്ത്രി അടിമാലി: നീലക്കുറിഞ്ഞി മേഖലയുടെ വിസ്തൃതി കുറക്കില്ലെന്നും മന്ത്രിസഭയുടെ സബ്കമ്മിറ്റി നൽകിയ നിർദേശങ്ങൾ പൂർണമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൻ.ജി.ഒ യൂനിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനവേദിയിലാണ് ഇടുക്കിയിലെ ഭൂപ്രശ്നം സംബന്ധിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ഇടുക്കിയിൽ ജീവിക്കുന്ന മനുഷ്യരെകൂടി കണ്ടുകൊണ്ടുള്ള പരിസ്ഥിതി സംരക്ഷണമാകും സർക്കാർ നടപ്പാക്കുന്നത്. ഇടുക്കി ഈ നാടിെൻറ മാത്രമല്ല രാജ്യത്തിെൻറകൂടി പാരിസ്ഥിതിക പ്രാധാന്യമുള്ള അപൂർവ മേഖലയാണ്. ഇവിടെ രണ്ടുതരം ആളുകളുണ്ട്. ഒന്ന് കുടിയേറ്റക്കാർ. ഇത് ഏത് ഗണത്തിൽെപട്ടവരായാലും സർക്കാർ സംരക്ഷിക്കും. രണ്ട് കൈയേറ്റക്കാർ. ഇതിൽ വൻകിട കൈയേറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും. നീലക്കുറിഞ്ഞി പൂക്കാൻ പോകുന്നു. ഈ പ്രദേശത്തെ പ്രത്യേക മേഖലയായി സംരക്ഷിക്കും. ഇതിെൻറ വിസ്തൃതി കുറക്കില്ല. ഇതിന് പാരവെക്കാൻ ആരും മെനക്കെടേണ്ടതില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.