മൂന്നാര്‍: സര്‍ക്കാര്‍ ഭൂമികാട്ടി കോടികള്‍ തട്ടാന്‍ ശ്രമിച്ച കേസില്‍ പാസ്റ്റര്‍ക്കെതിരെ കേസെടുക്കാന്‍ നിർദേശം. ദേവികുളം സ്വദേശിയും പാസ്റ്ററുമായ യേശുദാസെന്ന ദുരൈപാണ്ടിക്കെതിരെ (45) കേസെടുക്കാനാണ് ദേവികുളം തഹസിൽദാര്‍ പി.കെ. ഷാജി പൊലീസിനെ ചുമതലപ്പെടുത്തിയത്. ഇയാള്‍ക്കെതിരെ ഗുരുതര ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. നിരവധി കേസുകളില്‍ പ്രതിയായ ദുരൈപാണ്ടി ദേവികുളം സി.എസ്.ഐ പള്ളിക്ക് സമീപത്തെ സര്‍ക്കാര്‍ ഭൂമി വ്യാജ രേഖകളുണ്ടാക്കി കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയില്‍നിന്ന് ലോണെടുക്കാന്‍ ശ്രമിച്ചിരുന്നു. കമ്പനിയുടെ നിര്‍ദേശപ്രകാരം പാസ്റ്റര്‍ ഭൂമിയുടെ ഫെയര്‍ വാല്യു, കൈവശരേഖ, കരമൊടുക്കിയ രസീത് എന്നിവ ഹാജരാക്കി. ഭൂമി ഈടായി നല്‍കി മൂന്നരക്കോടി രൂപ നല്‍കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. ലോണിെൻറ ആവശ്യവുമായി നിരവധിതവണ കമ്പനിയിലെത്തിയ ദുരൈപാണ്ടിയുടെ പ്രവൃത്തികളില്‍ സംശയം തോന്നിയ അധികൃതര്‍ ദേവികുളം താലൂക്കിലെത്തി ഭൂമി സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും വിവരാവകാശത്തിനായി അധികൃതരെ സമീപിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ദുരൈപാണ്ടി വ്യാജരേഖകളാണ് കമ്പനിയില്‍ ഹാജരാക്കിയതെന്ന് കണ്ടെത്തുകയും ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ ദേവികുളം തഹസില്‍ദാറോട് ആവശ്യപ്പെടുകയുമായിരുന്നു. പാസ്റ്റര്‍ കമ്പനിക്ക് നല്‍കിയ രേഖകള്‍ വ്യാജമാണെന്ന് തഹസില്‍ദാര്‍ കണ്ടെത്തി. ഏപ്രില്‍ അഞ്ചിന് നല്‍കിയ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, ഇയാളെ പിടികൂടിയില്ല. വ്യാജ സീല്‍ ഉപയോഗപ്പെടുത്തി സര്‍ട്ടിഫിക്കറ്റുകള്‍ നിർമിച്ച കേസില്‍ നേരേത്ത ഇയാൾ ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട് . പള്ളിക്ക് സമീപത്തെ യൂക്കാലിത്തോട്ടങ്ങള്‍ സ്വന്തമാണെന്ന് ധരിപ്പിച്ച് നിരവധിപേരില്‍നിന്ന് പണം തട്ടുന്നതായും ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ പൊലീസ് അന്വേഷണം നടത്തിവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.