കുറിഞ്ഞി ഉദ്യാന വിസ്തൃതി കുറയ്ക്കില്ല; യൂക്കാലി-ഗ്രാൻഡിസ് മരങ്ങൾ മുറിക്കും തിരുവനന്തപുരം: ഇടുക്കിയിലെ നീലക്കുറിഞ്ഞി ഉദ്യാനത്തിെൻറ വിസ്തൃതി കുറയ്ക്കേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. 3200 ഹെക്ടറായി ഉദ്യാനവിസ്തൃതി നിലനിർത്തും. പ്രദേശം സന്ദർശിച്ച വനം, റവന്യൂ, വൈദ്യുതി മന്ത്രിമാരുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കുറിഞ്ഞി സങ്കേതത്തിനകത്ത് വരുന്ന പട്ടയപ്രശ്നങ്ങള്‍ പരിഹരിക്കാനും നിയമപരമായി വിസ്തൃതി നിജപ്പെടുത്താനും ഐ.എ.എസ് ഉദ്യോഗസ്ഥനെ സെറ്റില്‍മെൻറ് ഓഫിസറായി നിയമിക്കാനും തീരുമാനിച്ചു. കുറിഞ്ഞിമല സങ്കേതപ്രദേശത്ത് അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാൻറിസ് തുടങ്ങിയ ജലമൂറ്റുന്ന മരങ്ങൾ നട്ടുവളര്‍ത്തുന്നത് നിരോധിക്കും. ഇവ നടന്നതുമായി ബന്ധെപ്പട്ട കൈയേറ്റം ഒഴിവാക്കുകകൂടിയാണ് ലക്ഷ്യം. ഇത്തരം മരങ്ങൾ ഇനി നട്ടുവളർത്താൻ പാടില്ല. ഇതിനായി വനേതരപ്രദേശത്ത് വൃക്ഷം നട്ടുപിടിക്കാനുള്ള നിയമം ഭേദഗതി ചെയ്യും. റവന്യൂ ഭൂമിയില്‍ മരം നട്ടുപിടിപ്പിക്കുന്നതിന് വനം വകുപ്പ് നേരിട്ട് കമ്പനികള്‍ക്കും ഏജന്‍സികള്‍ക്കും പാട്ടത്തിന് നല്‍കുന്നരീതി അവസാനിപ്പിക്കും. ജനവാസമേഖലകളെ ഒഴിവാക്കി പകരം ജനവാസമില്ലാത്ത മേഖലയിലെ ഭൂമികൂടി ഉദ്യാനത്തോട് കൂട്ടിച്ചേർത്താണ് പഴയ വിസ്തൃതി നിലനിർത്തുക. കുറിഞ്ഞി സങ്കേതത്തില്‍വരുന്ന വനഭൂമിയും പട്ടയഭൂമിയും ഡ്രോണ്‍ അധിഷ്ഠിത സര്‍വേ സാങ്കേതികവിദ്യ ഉപയോഗിച്ച് തിട്ടപ്പെടുത്തും. നടപടി ജൂണിന് മുമ്പ് പൂര്‍ത്തിയാക്കും. അങ്ങനെ തിട്ടപ്പെടുത്തുന്ന ഭൂമി വനം വകുപ്പ് ജണ്ടയിട്ട് തിരിക്കും. വട്ടവട, കൊട്ടക്കമ്പൂര്‍, കാന്തല്ലൂര്‍, മറയൂര്‍, കീഴാന്തൂര്‍ വില്ലേജുകള്‍ ഉള്‍പ്പെടുന്ന അഞ്ചുനാട് പ്രദേശങ്ങളിലെ മുഴുവന്‍ അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാൻറിസ് മരങ്ങളും ആറുമാസത്തിനകം പിഴുതുമാറ്റും. ജില്ല കലക്ടര്‍ ഇതിന് പദ്ധതി തയാറാക്കും. റവന്യൂ ഭൂമിയിൽ വനം വകുപ്പ് ഇനി ഇത്തരം മരങ്ങൾ െവച്ചുപിടിപ്പിക്കാൻ പാടില്ല. പട്ടയഭൂമിയില്‍ നില്‍ക്കുന്ന ഇത്തരം മരങ്ങള്‍ ഉടമതന്നെ ആറുമാസത്തിനകം പിഴുതുമാറ്റണം. ഉടമ അതിന് തയാറായില്ലെങ്കില്‍ മരങ്ങള്‍ മാറ്റുന്നതിന് കലക്ടർക്ക് അധികാരം നൽകാനും മന്ത്രിസഭ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.