കോട്ടയം: ജീവനക്കാരുെട കുറവുമൂലം വിവിധ ഡിപ്പോകളിലായി പ്രതിദിനം 200ലധികം സർവിസുകൾവരെ റദ്ദാക്കപ്പെടുന്നത് ഒഴിവാക്കാൻ കെ.എസ്.ആർ.ടി.സിയിൽ കൂട്ട സ്ഥലംമാറ്റം. ജീവനക്കാർ ആവശ്യത്തിലധികമുള്ള ഡിപ്പോകളിൽനിന്ന് 518 പേരെ ഒറ്റയടിക്ക് സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞദിവസം എം.ഡി ടോമിൻ തച്ചങ്കരി പുറത്തിറക്കി. ഇത് അട്ടിമറിക്കാൻ ഉന്നതതല നീക്കം നടന്നെങ്കിലും എം.ഡിയുടെ നേരിട്ടുള്ള ഇടപെടലിനെ തുടർന്ന് ഉത്തരവ് ചൊവ്വാഴ്ച ഡിപ്പോകളിൽ എത്തി. അടുത്ത ദിവസങ്ങളിൽ തന്നെ ബന്ധപ്പെട്ടവർ ജോലിയിൽ പ്രവേശിക്കാനും നിർദേശമുണ്ട്. കോർപറേഷനിലെ ഭരണവിഭാഗത്തിെൻറ ചുമതലയുള്ള ഉന്നതനെതിരെയാണ് ഇതുസംബന്ധിച്ച ആരോപണം ഉയർന്നിട്ടുള്ളത്. പ്രവർത്തനം കാര്യക്ഷമമാക്കാൻ അദർഡ്യൂട്ടി സംവിധാനത്തിലടക്കമുള്ള നിയന്ത്രണങ്ങൾ എം.ഡി നടപ്പാക്കിയതിന് പിന്നാലെ, കൂട്ടസ്ഥലംമാറ്റ ഉത്തരവ് ഇറക്കിയതും ജീവനക്കാരുടെ സംഘടന നേതൃത്വത്തെയും ഉന്നത ഉദ്യോഗസ്ഥരെയും ഞെട്ടിച്ചു. നിലവിൽ അദർഡ്യൂട്ടി എന്നപേരിൽ യൂനിയൻ നേതാക്കളടക്കം നിരവധിപേർ വിവിധ ഡിപ്പോകളിൽ കാര്യമായ പണിയൊന്നുമില്ലാതെ കഴിഞ്ഞുകൂടുന്നുണ്ട്. ഇതിൽ ബഹുഭൂരിപക്ഷവും കണ്ടക്ടർമാരും സ്റ്റേഷൻ മാസ്റ്റർമാരും ഇൻസ്പെക്ടർമാരുമാണ്. ഇവർക്ക് എം.ഡി നൽകിയ പണി നന്നായി ഏറ്റതോടെയാണ് ഉത്തരവ് അട്ടിമറിക്കാൻ ഗൂഢാലോചന അരങ്ങേറിയതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അവശ്യഘട്ടങ്ങളിൽ ജീവനക്കാർ അവശ്യപ്പെടുന്ന സ്ഥലംമാറ്റ ഉത്തരവുപോലും യൂനിയൻതലത്തിൽ ചർച്ചചെയ്തശേഷമാണ് നടപ്പാക്കിയിരുന്നതെന്ന ആക്ഷേപവും ഭരണവിഭാഗം ചുമതല വഹിക്കുന്നവർക്കെതിരെ ഉയർന്നിട്ടുണ്ട്. അതിനാൽ സുപ്രധാനവകുപ്പുകളിലെല്ലം അടുത്തദിവസങ്ങളിൽ കാര്യമായ അഴിച്ചുപണി ഉണ്ടാകുമെന്നാണ് സൂചന. മലബാറടക്കം പലജില്ലകളിലും ജീവനക്കാരുടെ കുറവുമൂലം നിരവധി സർവിസുകൾ റദ്ദാക്കുന്നുണ്ട്. എന്നാൽ, മധ്യകേരളത്തിലും കൊല്ലം, തിരുവനന്തപുരം ജില്ലകളിലും ജീവനക്കാരുടെ എണ്ണം അധികവുമാണ്. ഇൗസാഹചര്യത്തിലാണ് സർവിസ് ഒാപറേഷൻ കൂടുതൽ കാര്യക്ഷമമാക്കാൻ സമഗ്ര അഴിച്ചുപണിക്ക് എം.ഡി തയാറായത്. മുൻ എം.ഡി രാജമാണിക്യം സർവിസ് കാര്യക്ഷമമാക്കാൻ അന്ന് ഇറക്കിയ സ്ഥലംമാറ്റ ഉത്തരവ് വെളിച്ചം കണ്ടിരുന്നില്ല. ഒടുവിൽ എം.ഡി തെറിക്കുകയും ചെയ്തു. എന്നാൽ തച്ചങ്കരി സർവാധികാരേത്താടെയാണ് എത്തിയിട്ടുള്ളത്.അതുകൊണ്ടുതന്നെ ഉത്തരവ് പുറത്തിറങ്ങുകയും ചെയ്തു. അതേസമയം, ഇപ്പോൾ ഇറക്കിയ ഉത്തരവ് താൽക്കാലികം മാത്രമാണെന്നും മൂന്നുമാസത്തിനകം ഇക്കാര്യത്തിൽ പുനരാലോചന ഉണ്ടാകുമെന്നും എം.ഡി വ്യക്തമാക്കിയിട്ടുണ്ട്. സ്ഥലം മാറ്റപ്പെട്ടവരിൽ ഏറെയും കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഉള്ളവരാണ്. സി.എ.എം കരീം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.