തീപടരാതെ രക്ഷാകവചമൊരുക്കി അഗ്​നിരക്ഷ സേന; ദുരന്തവ്യാപ്​തി കുറഞ്ഞു

കോട്ടയം: കണ്ടത്തിൽ െറസിഡൻസിയിലെ രണ്ടാം നിലയിലെ പേ ലെസ് ഹൈപ്പർ മാർക്കറ്റിൽനിന്ന് മറ്റിടങ്ങളിലേക്ക് തീ പടരാതെ കാത്തത് അഗ്നിരക്ഷ സേനയുടെ കരുതൽ. തീപിടിത്തം പകലായിരുന്നെങ്കിൽ ദുരന്തത്തി​െൻറ വ്യാപ്തി വലുതാകുമായിരുന്നു. മുകളിലത്തെ തുണിക്കടയിലേക്കും താഴത്തെ നിലയിലെ ഹോട്ടലിലേക്കും തീപടരാതെ കാത്തതാണ് ദുരന്തത്തി​െൻറ വ്യാപ്തി കുറച്ചത്. ഹോട്ടലിൽ സൂക്ഷിച്ച പാചകവാതക സിലണ്ടറിലേക്ക് തീപടരാതെയുള്ള സുരക്ഷക്കാണ് മുൻതൂക്കം നൽകിയത്. നാലുനില കെട്ടിടത്തി​െൻറ എതിർദിശയിൽ കെ.കെ റോഡ് കഴിഞ്ഞാല്‍ പെട്രോള്‍ പമ്പ് സ്ഥിതിചെയ്യുന്നതും ദുരന്തഭീതി കൂട്ടിയിരുന്നു. തീപിടിത്തമുണ്ടായ സ്ഥാപനത്തോട് േചർന്ന കെട്ടിടങ്ങളിലൊന്ന് പൂര്‍ണമായും തടി നിര്‍മിതമായിരുന്നു. ഇവിടേക്കും തീപടരാതെ അഗ്നിരക്ഷ സേന കവചമൊരുക്കി. പുലർച്ചയായതിനാൽ അഗ്നിരക്ഷ സേനക്ക് അതിവേഗം സ്ഥലത്ത് എത്താൻ സാധിച്ചു. പകൽ തിരക്കിൽ വീർപ്പുമുട്ടുന്ന കെ.കെ റോഡ് പുലർച്ച വിജനമാണ്. വയസ്കരകുന്നിലെ ഫയർ ഫോഴ്സ് ഓഫിസിൽനിന്ന് മിന്നൽവേഗത്തിലാണ് സേന സ്ഥലത്ത് എത്തിയത്. പിന്നെ മറ്റ് യൂനിറ്റുകളെയും അറിച്ചു. അവരും പാഞ്ഞെത്തി. വെള്ളം നിറക്കാൻ അലാറം മുഴക്കി അഗ്നിരക്ഷ സേനയുടെ വാഹനങ്ങൾ തിങ്കളാഴ്ച ഉച്ചവരെ നഗരത്തിലൂടെ തലങ്ങും വിലങ്ങും പാഞ്ഞു. ഗതാഗതക്കുരുക്കിൽ വഴിയൊഴുക്കി മറ്റ് വാഹനയാത്രക്കാരും സഹായിച്ചു. 10 മണിക്കൂർ നീണ്ട പരിശ്രമത്തിലാണ് തീ പൂർണമായും കെടുത്തിയത്. ഭക്ഷണവും കുടിവെള്ളവുമില്ലാതെയാണ് സേനാംഗങ്ങൾ മുന്നിട്ടിറങ്ങിയത്. തീപിടിത്ത വിവരം അറിഞ്ഞയുടൻ ജില്ലയിലെ ഫയർ യൂനിറ്റുകൾ ജാഗ്രതയോടെ പ്രവർത്തിച്ചു. ജില്ല ഫയർ ഓഫിസർ കെ.ആർ. ഷിനോയിയുടെ ഏകോപനത്തിലായിരുന്നു പ്രവർത്തനം. കോട്ടയം ഫയർ സ്റ്റേഷൻ ഒാഫിസർ കെ.വി. ശിവദാസൻ, അസി. ഫയർ ഓഫിസർ പി.എൻ. അജിത് കുമാർ, ലീഡിങ് ഫയർമാൻ ഉദയഭാനു, കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷൻ ഒാഫിസർ ജോസഫ് തോമസ്, പാമ്പാടി അസി. ഫയർ ഓഫിസർ വി.വി. സുവികുമാർ, കാഞ്ഞിരപ്പള്ളി ഫയർ ഓഫിസർ എ.എസ്. സുനിൽ, കടുത്തുരുത്തി ഫയർ ഓഫിസർ പി. രാജേഷ്കുമാർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.